നിരോധിത പാൻ മസാലകളും, വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകളും: ഇടുക്കി കവലയിലെ ജോയ്സ് സ്‌റ്റോഴ്സിൽ ഞെട്ടിക്കുന്ന കാഴ്ചകൾ: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന പ്രവർത്തനത്തിന് കിട്ടിയത് മുട്ടൻ പണി...

പോലീസിന്റെയും അധ്യാപകരുടെയും സംയുക്തമായ പരിശോധനയിൽ ഇടുക്കിക്കവലയിൽ സ്കൂളുകൾക്കു സമീപമുള്ള കച്ചവട സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പാൻ മസാല ഉൽപന്നങ്ങളും, വിദ്യാർത്ഥികൾ സൂക്ഷിക്കാൻ ഏൽപ്പിച്ച മൊബൈൽ ഫോണുകളും പിടികൂടി. ജോയ്സ് സ്‌റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് 12 പാക്കറ്റ് പാൻ മസാലകളാണ് പിടികൂടിയത്. കൂടാതെ 3 കടകളിൽ നിന്നായി 24 മൊബൈൽ ഫോണുകളും കണ്ടെത്തി. വിദ്യാർഥികൾക്ക് ഇടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗവും വിൽപനയും തടയാൻ ലക്ഷ്യമിട്ട് സംസ്ഥാന പൊലീസ് വകുപ്പ് തയാറാക്കിയ ‘യോദ്ധാവ്’ പദ്ധതിയോടനുബന്ധിച്ച് പൊലീസിന്റെ ആന്റി നർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
സ്കൂളുകൾക്ക് സമീപത്തെ കടകളിലാണ് വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത്. വിദ്യാർഥികൾ ഈ കടകളിൽ നിന്നു കൂടുതലായി സാധനങ്ങൾ വാങ്ങുകയോ ഫോൺ സൂക്ഷിക്കുന്നതിന് വാടക നൽകുകയോ ആണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് ഫോണുകൾ പിടികൂടിയത്.
നിരോധിത പാൻ ഉൽപന്നങ്ങൾ പിടികൂടിയ സ്ഥാപനം പൂട്ടിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് പൊലീസ് കത്ത് നൽകും. പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ, എസ്ഐ സി.രഘു, പ്രശാന്ത് മാത്യു, അരുൺകുമാർ, എ.കെ.അജിത്ത്, സി.സി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha























