ഓണം ബംബറടിച്ച ആ ഭാഗ്യവാനെ കണ്ടെത്തി! ശ്രീവരാഹം സ്വദേശി ടിക്കറ്റെടുത്തത് ഇന്നലെ.... മകന്റെ കുടുക്ക പൊട്ടിച്ച് ടിക്കറ്റെടുത്ത അനൂപ്

ലോട്ടറി വകുപ്പിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ ആര് എന്ന ചോദ്യമായിരുന്നു അവശേഷിച്ചത്. അതിന് ഇപ്പോൾ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്, ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.
പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് അനൂപ്. വീട്ടിൽ അമ്മയും ഭാര്യയും മകനുമുണ്ട്. തങ്കരാജ് എന്ന ഏജന്റ് വഴിയാണ് ടിക്കറ്റ് വിറ്റത്. മലേഷ്യയിലേക്ക് ജോലിക്കായി പോകാനിരിക്കെയാണ് ഈ ഭാഗ്യം അനൂപിനെ തേടിയെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓണം ബംപർ നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.
മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങൾ. ഒന്നാംസമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷംരൂപ വീതം ഒൻപത് പേർക്ക് സമാശ്വാസ സമ്മാനം ലഭിക്കും. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടര ലക്ഷം കൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു. 500 രൂപയായിരുന്നു വില.
ടിക്കറ്റ് വിൽപനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടി 500 രൂപയാക്കിയിട്ടും ടിക്കറ്റ് വിൽപന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടന്നു. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു വിൽപന ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























