സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ആക്കണമെന്ന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ.... സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തിലും അദ്ധ്യാപക പരിശീലനത്തിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ആക്കണമെന്ന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ.... സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തിലും അദ്ധ്യാപക പരിശീലനത്തിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പഠനത്തിന് ഉചിതമായ സമയമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൊതുചര്‍ച്ചകളിലൂടെ ഉണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാകണം ഇത്തരം കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.
ഉച്ചയ്ക്കുശേഷമുള്ള സമയം കായിക പഠനത്തിനും മറ്റുമായി നീക്കിവയ്ക്കാന്‍ കഴിയും. പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് നിലവില്‍ സ്‌കൂളുകളിലുള്ളത്. അത് തുടരുന്നതിനൊപ്പം കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറേണ്ടതുണ്ട്. അതിനാല്‍ കഴിവിന് അനുഗുണമായ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതാണ്.
വിപുലമായ തയ്യാറെടുപ്പുകള്‍ ഇതിന് അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ. ഖാദര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രി വി. ശിവന്‍കുട്ടി, സമിതി അംഗങ്ങളായ ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍,പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം അധ്യാപക ജോലിക്കായി പരിശീലിക്കുന്നവര്‍ക്ക് നിലവിലുള്ള പ്രീപ്രൈമറി, ടിടിസി ബിഎഡ് എന്നിവയ്ക്കു പകരമായി പ്ലസ്ടു കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ സംയോജിത പിജി കോഴ്‌സ് നടപ്പാക്കണം. ഇതിനുശേഷം ഏതെങ്കിലും വിഷയത്തില്‍ പ്രത്യേക പരിശീലനം വേണമെങ്കില്‍ അത് ഓരോ ഉദ്യോഗാര്‍ത്ഥിക്കും തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കണം.
നിലവിലുള്ള ഉത്തരക്കടലാസ് മൂല്യ നിര്‍ണയ രീതിയില്‍ കാതലായ മാറ്റം വേണമെന്ന അഭിപ്രായമാണ് കമ്മിറ്റി മുന്നോട്ടു വച്ചത്. മൂല്യ നിര്‍ണയം എന്നതില്‍ നിന്നും വിലയിരുത്തല്‍ എന്ന സങ്കല്പത്തിലേക്ക് മാറണം.
പരീക്ഷാ പ്പേടിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചാല്‍ മാത്രമേ വിദ്യാഭ്യാസ പരിവര്‍ത്തനം സാധ്യമാകുകയുള്ളൂവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. തൊഴില്‍ വിദ്യാഭ്യാസം നിര്‍ബന്ധമായും ലഭ്യമാക്കാനുള്ള അവസരമൊരുക്കണം, ഇന്നലെ നല്‍കിയ രണ്ടാംഭാഗം റിപ്പോര്‍ട്ടില്‍ അക്കാദമിക കാര്യങ്ങളാണ് പരിഗണിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha