പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; കുടുംബത്തിലെ രണ്ടാമത്തെയാളും മരിച്ചു

പാലക്കാട് പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അബ്ദുൾ സമദ് (50) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ സമദിന്‍റെ ഭാര്യ സറീന (48) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകട സമയത്ത് മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാൽ സംഭവ സമയത്ത് വീട്ടില്‍ സമദിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിരുന്നില്ല. ഉഗ്രശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീട്ടിലുണ്ടായിരുന്ന അബ്ദുൾ സമദിന്റെ ഉമ്മയും മകളും പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്‌ദുൾ സമദ്. വീട്ടിൽ സൂക്ഷിച്ച നാല് സിലിണ്ടറുകളിൽ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചത്. വീടിനുസമീപത്ത് സിലിണ്ടറുമായി പാർക്ക് ചെയ്‌തിരുന്ന വാഹനം നാട്ടുകാർ മാറ്റിയിട്ടു.
https://www.facebook.com/Malayalivartha


























