പത്തുലക്ഷം രൂപ ജീവനെടുത്തു; യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. അടൂര്‍ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്തത്.
യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഹരിയെ അറസ്റ്റ് ചെയ്തത്. പ്രതി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദിവസമായിരുന്നു യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഭര്‍ത്താവിന്‍്റെ വീട്ടില്‍ നിന്നുള്ള മാനസിക പീഡനമാണ് ലക്ഷ്മി പിള്ള ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ലക്ഷ്മിയുടെ അമ്മ രമാദേവി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തിനാല് വയസുള്ള ലക്ഷ്മി പിള്ള ഭര്‍ത്താവ് കിഷോറിന്റെ വീട്ടില്‍ വച്ച് തൂങ്ങി മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കിഷോര്‍ അവധിക്ക് വീട്ടില്‍ വന്ന ദിവസമായിരുന്നു യുവതിയുടെ ആത്മഹത്യ. ഒരു വര്‍ഷം മുന്പാണ് ലക്ഷ്മിയുടേയും കിഷോറിന്റെയും വിവാഹം നടന്നത്. 45 പവന്‍ സ്വര്‍ണവും 50 സെന്റ് സ്ഥലവും സ്ത്രീധനമായി നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം കിഷോറിന്റെ ലോണ്‍ അടക്കാന്‍ ലക്ഷ്മിയുടെ അനിയത്തിയുടെ അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് കൊടുക്കാതിരുന്നതോടെയാണ് ലക്ഷ്മിയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് അമ്മ രമാദേവി. നാട്ടിലേക്ക് വരുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് കിഷോര്‍ ലക്ഷ്മിയുടെ ഫോണ്‍ ബ്ലോക്ക് ചെയ്തെന്നും അമ്മ പറയുന്നു.
ലക്ഷ്മി മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ടും ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയില്‍ എത്തിക്കാനും പൊലീസിനെ വിളിക്കാനും തയ്യാറായില്ലെന്നുമാണ് ലക്ഷ്മിയുടെ കുടുംബത്തിന്‍്റെ മറ്റൊരു ആരോപണം. കിഷോര്‍, അമ്മ, സഹോദരി, അമ്മയുടെ സഹോദരി എന്നിവരാണ് മരണത്തിന് കാരണം എന്നാണ് ലക്ഷ്മിയുടെ കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവത്തില്‍ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha


























