മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ,മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് വിട.... ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നിലമ്പൂരില്‍, കോണ്‍ഗ്രസിന് നഷ്ടമായത് നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവിനെ.....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ,മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് വിട.... ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നിലമ്പൂരില്‍, കോണ്‍ഗ്രസിന് നഷ്ടമായത് നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവിനെയാണ്.
കേരള രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ലാതെ മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ,മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) ഓര്‍മ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.40നായിരുന്നു അന്ത്യം.അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ഐ.സി.യുവിലായിരുന്നു. ശ്വാസതടസമാണ് മരണ കാരണം.
ഹൃദ്രോഗവും ശ്വാസകോശ രോഗങ്ങളും നിരന്തരം അലട്ടിയിരുന്നു. മാര്‍ച്ച് 10ന് കുളിമുറിയില്‍ തെന്നിവീണ് തുടയെല്ലിന് പരിക്കേറ്റശേഷം കോഴിക്കോട്ടെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. നിലമ്പൂരിലെ വസതിയില്‍ തിരിച്ചെത്തിയെങ്കിലും, ഭക്ഷണം കഴിക്കാനുള്ള പ്രയാസത്തെ തുടര്‍ന്ന് സെപ്തംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍.നാല് തവണ മന്ത്രിയും, എട്ട് തവണയായി 34 വര്‍ഷം നിലമ്പൂരിലെ എം.എല്‍.എയുമായിരുന്നു.
1977ല്‍ നിലമ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പിലൂടെ ഇടതുമുന്നണിയില്‍. പൊന്നാനിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വര്‍ഷം എം.എല്‍.എ ആകാതെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായി. ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരില്‍ എം.എല്‍.എ സ്ഥാനമൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി.
1982ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് ടി.കെ.ഹംസയോട് 1,800 വോട്ടിന് തോറ്റു. 1987 മുതല്‍ 2011 വരെ നിലമ്പൂരില്‍ നിന്ന് തുടര്‍ച്ചയായി വിജയം. 1995ല്‍ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായി. 2004ലും 2011ലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച നിയമസഭാ സാമാജികനായിരുന്നു.2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി കളമൊഴിഞ്ഞു. ഇതിനുശേഷം രണ്ട് തവണയും ഇടതുസ്വതന്ത്രനായ പി.വി.അന്‍വറാണ് നിലമ്പൂരില്‍ വിജയിച്ചത്. സംസ്ഥാന ആസൂത്രണ കമ്മിഷനംഗം, സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്, നാഫെഡ്, എന്‍.സി.ഡി.സി ഡയറക്ടര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.തൃശൂരില്‍ ഭാരത് ജോഡോ യാത്രയിലായിരുന്ന രാഹുല്‍ഗാന്ധി വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha


























