രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി... കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാധ്യത മങ്ങി..... എഐസിസി നിരീക്ഷകര്‍ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോര്‍ട്ട് നല്‍കും

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി... കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാധ്യത മങ്ങി.....എഐസിസി നിരീക്ഷകര്‍ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോര്‍ട്ട് നല്‍കും.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് തല്‍സ്ഥിതി തുടരാനായി ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തെ ഗഹ്ലോത് പക്ഷക്കാരായ 92 എം.എല്‍.എ.മാര്‍ രാജിക്കത്തുമായി പ്രതിരോധിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. വിശ്വസ്തനായിരുന്ന ഗഹ്ലോതിനെ അധ്യക്ഷസ്ഥാനത്തേക്കു പിന്തുണയ്ക്കുന്നത് പുനരാലോചിച്ചുവരുന്നു. ഗഹ്ലോതിന്റെ വിശ്വസ്തരായ സ്പീക്കര്‍ സി.പി. ജോഷി, മന്ത്രി ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേ അച്ചടക്കലംഘനത്തിന് നോട്ടീസും നല്‍കിയതായി അറിയുന്നു. ഗഹ്ലോത് മത്സരരംഗത്തുനിന്ന് മാറിയാല്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, കമല്‍നാഥ്,. കെ.സി. വേണുഗോപാല്‍ എന്നിവരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്റെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നും എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും അച്ചടക്ക നടപടിയില്‍ തീരുമാനമുണ്ടാകുക.
ഞായറാഴ്ച നടന്ന സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് രേഖാമൂലം സമര്‍പ്പിക്കാനായി ജയ്പുരില്‍നിന്ന് മടങ്ങിയെത്തിയ നിരീക്ഷകരായ ഖാര്‍ഗെയോടും അജയ് മാക്കനോടും അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. വൈകാതെ റിപ്പോര്‍ട്ട് കൈമാറുമെന്ന് സോണിയയുമായി തിങ്കളാഴ്ച വൈകീട്ടു നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം അജയ് മാക്കന്‍ പറഞ്ഞു. പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്കായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ സോണിയ വിളിച്ചുവരുത്തി. പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും സോണിയയെ കണ്ടു.
ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാത്ത ഗഹ്ലോത് അനുകൂലികളായ എം.എല്‍.എ.മാരുടെ നിലപാടിനെ തികഞ്ഞ അച്ചടക്കലംഘനമായാണ് സോണിയ വിലയിരുത്തിയത്. ഗഹ്ലോതിന്റെ അനുയായികളായ മന്ത്രിമാരും എം.എല്‍.എ.മാരും കാണിച്ചത് അച്ചടക്കലംഘനമാണെന്ന് അജയ് മാക്കനും പറഞ്ഞു.
"
https://www.facebook.com/Malayalivartha


























