പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനാകില്ല; പോരിനിറങ്ങി സിപിഎം; പിണറായിക്ക് കൂട്ടായി ഗോവിന്ദന്‍ ഇവരെ പൂട്ടാന്‍ അമിത്ഷായും; ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംബന്ധിച്ച ശക്തമായ തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതോടെ കേരളത്തില്‍ നിന്ന് എതിര്‍ സ്വരം. നിരോധനം സംബന്ധിച്ച് കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആരംഭിച്ചതോടെയാണ് സിപിഎമ്മിന്റെ പോപ്പുലര്‍ഫ്രണ്ട് സ്‌നേഹം വീണ്ടും പൊട്ടിയൊലിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട കാര്യമില്ലെന്ന് ആദ്യം പറയുന്നത് പിണറായി വിജയനാണ്. ഈ അവശ്യം കേന്ദ്രത്തില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നാണ് ചില വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോഴിതാ സിപിഎം ഔദ്യോഗികമായി തന്നെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഈ വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രംഗത്തെത്തിയിട്ടും. സിപിഎമ്മിന് മാത്രം എന്താണ് ഇത്ര പോപ്പുലര്‍ ഫ്രണ്ട് സ്‌നേഹം എന്നതിന് കാരണം വോട്ട് ബാങ്ക് തന്നെയാണ്. എസ്ഡിപിഐഎ നിരോധിച്ചാല്‍ മറ്റു മത സംഘടനകള്‍ തഴച്ചു വളരും എന്നതാണ് സിപിഎം കണ്ടെത്തല്‍.
എസ് ഡി പി ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിരോധനം കൊണ്ട് ഒരു തീവ്രവാദ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആരെയെങ്കിലും നിരോധിച്ചതു കൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. രണ്ടു നിലപാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രാജ്യത്ത് ഒരു ഭാഗത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും. പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള റെയ്ഡ് എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ ഉപയോഗപ്പെടുത്താനാണ് ശ്രമം. അതില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ് ഉന്നംവെയ്ക്കുന്നത്. യു.ഡി.എഫും. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം ഉള്‍പ്പെടുന്ന ഒരു അറുപിന്തിരിപ്പന്‍ കൂട്ടുകെട്ടും ചില വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ശക്തമായ തെളിവുകള്‍ സംഘടനയ്ക്ക് എതിരെ കണ്ടെത്തിയതോടെ നിരോധിക്കാനുള്ള നീക്കങ്ങളുമായി തന്നെയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇതിനുള്ള കര്‍ശനമായ നിര്‍ദേശങ്ങള്‍ അമിത്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ 35ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക.
ഈ മാസം 22ന് 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.
റെയ്ഡിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും എന്‍ഐഎ മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പിഎഫ്‌ഐക്കെതിരെ ശേഖരിച്ച വസ്തുതകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രഹസ്യാന്വേഷണ ഏജന്‍സികളും പിഎഫ്‌ഐയെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരോധനത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം നിയമോപദേശങ്ങള്‍ തേടിയിട്ടുണ്ട്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ടവര്‍ കോടതിയില്‍ നിരോധനത്തെ വെല്ലുവിളിക്കാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങളില്‍ നിയമപരമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിവരികയാണ് ആഭ്യന്തര മന്ത്രാലയം. 2008ല്‍ കേന്ദ്രസര്‍ക്കാരിന് സിമിയുടെ നിരോധനം പിന്‍വലിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിമിയെ വീണ്ടും നിരോധിക്കുകയുണ്ടായി.
പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ഒന്നും വിട്ടുകളയരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ കുറച്ച് വര്‍ഷങ്ങളായി ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എന്‍ഐഎയുടെ അന്വേഷണം, അവരുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതില്‍ ഇഡി ഇപ്പോള്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
അന്വേഷണത്തില്‍ പിഎഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയതായി ഇഡിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹവാല വഴി പിഎഫ്‌ഐയിലേക്ക് പണം വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പണം അയച്ചുവെന്നും ഇ.ഡി.പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ പണം വന്നത് ഹവാല ഇടപാടുകളിലൂടെയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. സംഘടനയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്നും ഇവര്‍ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
120 കോടി രൂപയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്ന് ലഭിച്ച സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. എന്നാല്‍ ഈ അവകാശവാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികള്‍ ഹവാല ഇടപാടുകള്‍ നടത്തിയിരുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബി.പി. അബ്ദുള്‍ റസാഖായിരുന്നു അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളില്‍ പങ്കുവഹിച്ചിരുന്നത്. ഇയാളുടെ സഹോദരനായിരുന്നു റെസ്റ്റോറന്റ് നോക്കിനടത്തിയിരുന്നത്. ഇയാള്‍ വഴിയാണ് അബ്ദുള്‍ റസാഖിന് പണം ലഭിച്ചിരുന്നതെന്നും അബ്ദുള്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് നാടുകളില്‍നിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി ഇന്ത്യയിലെ അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അബുദാബിയിലെ റെസ്റ്റോറന്റിന്റെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ. അഷ്‌റഫാണ് ഗള്‍ഫില്‍നിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍.
കഴിഞ്ഞദിവസത്തെ റെയ്ഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക അംഗമായ ഷഫീക്ക് പയ്യേത്തിനെതിരേയും ഇ.ഡി.യ്ക്ക് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ ഭാഗമായി ഇയാള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിച്ചിരുന്നു. പത്രത്തിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി രണ്ടുവര്‍ഷത്തോളമാണ് ഗള്‍ഫില്‍ ജോലിചെയ്തിരുന്നത്. ഖത്തറില്‍നിന്ന് വന്‍തോതില്‍ പണം സമാഹരിക്കേണ്ട ചുമതല നല്‍കിയിരുന്നത് ഇയാള്‍ക്കായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha


























