സൗമ്യതയും, കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവ്; അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ ഇടപെട്ട് വളർന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവ്; തുടർ ഭരണം നേടിയെടുക്കുന്ന നിലയിലേക്ക് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കുന്നതിൽ കോടിയേരി സഖാവിൻ്റെ പങ്ക് നിർണായകമാണ്; പ്രിയ സഖാവിന് ഹൃദയാഭിവാദ്യങ്ങളോടെ വിട; വികാരാധീതയായി കെകെ ഷൈലജ ടീച്ചർ

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ കുറിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് കെകെ ഷൈലജ ടീച്ചർ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രിയപ്പെട്ട സഖാവ് കോടിയേരി വിട പറഞ്ഞിരിക്കുന്നു. പൊരുത്തപ്പെടാൻ ഏറെ പ്രയാസമുള്ളെരു വിയോഗ വാർത്തയാണ് സഖാവിൻ്റേത്. സൗമ്യതയും, കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ ഇടപെട്ട് വളർന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവാണ്. ഏത് പ്രതിസന്ധികൾക്ക് നടുവിലും മുഖത്തെ ചിരി മാറ്റി വയ്ക്കാതെ പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള പൊലീസിൽ നാഴികക്കല്ലായ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് സഖാവ് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്.
സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസുകാർക്ക് നൽകിയത് അദ്ദേഹമാണ്. സ്റ്റുഡൻ്റ് പൊലീസ്, ജനമൈത്രി പൊലീസ്, തണ്ടർബോൾട്ട് കമാൻ്റോ ബറ്റാലിയൻ ഉൾപ്പെടെ കേരളത്തിൻ്റെ പൊലീസ് സേനയെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിൽ നേതൃത്വം വഹിച്ചത് കോടിയേരിയായിരുന്നു. വ്യക്തിപരമായും ഏറെ അടുപ്പം സൂക്ഷിച്ച സഖാവാണ് കോടിയേരി അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ഞാൻ എസ്എഫ്ഐ യുടെ ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും സംഘടനാ പ്രവർത്തനത്തിൽ സജീവമാകുന്നതും.
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്ന സമയത്ത് കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോഴും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഉപദേശ നിർദേശങ്ങൾ നൽകി പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തായി നിന്ന സഖാവാണ് കോടിയേരി. ചരിത്രത്തിൽ ആദ്യമായി തുടർ ഭരണം നേടിയെടുക്കുന്ന നിലയിലേക്ക് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കുന്നതിൽ കോടിയേരി സഖാവിൻ്റെ പങ്ക് നിർണായകമാണ്.
കോടിയേരി പാർട്ടി സെക്രട്ടറിയും പിണറായി മുഖ്യമന്ത്രിയും ആയ കാലഘട്ടത്തിൽ പാർട്ടിയുടെയും ഗവൺമെൻ്റിൻ്റെയും പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപ്പിക്കുന്നതിന് സാധിച്ചുവെന്നതും രണ്ടാം പിണറായി സർക്കാറിന് അടിത്തറ പാകുന്നതിൽ നിർണായകമായി. പ്രിയ സഖാവിന് ഹൃദയാഭിവാദ്യങ്ങളോടെ വിട...
https://www.facebook.com/Malayalivartha