പൾസർ ബൈക്ക് മോഷ്ടിച്ചു കൊണ്ടു പോയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ; പ്രതികളെ കുടുക്കിയത് സിസിടിവിയിലെ 'ആ ദൃശ്യങ്ങൾ'

കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം. പ്രതികളെ പിടികൂടി പോലീസ്. സെപ്തംബർ 13ന് രാവിലെ 5.45ന് കവടിയാർ സ്വദേശി സനൽകുമാറിന്റെ പൾസർ ബൈക്ക് മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു പ്രതികൾ.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത് . വിളവൂർക്കൽ മലയം കുഴിവിള അനന്ദു ഭവനത്തിൽ അഖിലേഷ് (19), വിളവൂർക്കൽ മൂലമൺ പിടയൻകോട്ടുകോണം കൈലാസ് ഭവനിൽ അഭിലാഷ് (19), നേമം മേലാംകോട് കരുമം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വക്കാട് വീട്ടിൽ ആദർശ് (20), കോട്ടുകാൽ ചൊവ്വര തെക്കേക്കോണം മാവുവിള വീട്ടിൽ നന്ദുവെന്ന നന്ദകുമാർ (18) എന്നിവരാണ് പ്രതികൾ.
ബൈക്ക് മോഷണം പോയത് സനലിന്റെ സഹോദരി ഭർത്താവിന്റെ കരുമത്തുള്ള വീടിന് സമീപത്ത് നിന്നായിരുന്നു. ബൈക്ക് മോഷ്ടിച്ച് പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .
ഇവരെ ചോദ്യം ചെയ്തപ്പോൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു വാഹനവും മോഷ്ടിച്ചതായി കണ്ടെത്തി. കരമന സി.ഐ ബി.അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സന്തു വിജയൻ, സുനിത് കുമാർ,സി.പി.ഒമാരായ ജീത്കുമാർ, ഷിബു, ശ്രീനാഥ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയുണ്ടായി. ഇവരെ കസ്റ്റഡിയിൽ വാങ്ങുവാനിരിക്കുകയാണ് വിഴിഞ്ഞം പൊലീസ്.
https://www.facebook.com/Malayalivartha


























