ബസ് യാത്രക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷം, പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കെഎസ്ആർടിസി, വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി ഇന്ന് നടപടി സ്വീകരിച്ചേക്കും...!

നിര്ത്തിയിട്ട ബസില് നേരത്തെ കയറിയതിന് വനിതാ കണ്ടക്ടര് യാത്രക്കാരെ അധിക്ഷേപിച്ച സംഭവത്തിൽ കെഎസ്ആർടിസി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി ഇന്ന് നടപടി സ്വീകരിച്ചേക്കും. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് ജി.ഡി റിപ്പോർട്ട് തയാറാക്കി. കെഎസ്ആർടിസി ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
ആറ്റിങ്ങലില് നിന്നും ചിറയിന്കീഴ് വഴി മെഡിക്കല് കോളേജിലേക്ക് പോയ കെഎസ്ആര്ടിസി ബസിലെ കണ്ടക്ടര് ഷീബയാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. ആരോപണവിധേയയായ കണ്ടക്ടറുടെ ആരോഗ്യ പ്രശ്നങ്ങളും ചിറയിൻകീഴിൽ പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത അവസ്ഥയും യാത്രക്കാരിൽ ചിലർ പ്രകോപനം സൃഷ്ടിച്ചതും സംഭവത്തിന് കാരണമായിട്ടുണ്ടെന്ന് ഇതര ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ചിറയിന്കീഴ് ബസ് സ്റ്റാന്ഡിലായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാന്ഡില് എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള് അടക്കമുള്ള യാത്രക്കാര് ബസില് കയറിയത്.
എന്നാല് തനിക്ക് ബസിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നുമായിരുന്നു വനിതാ കണ്ടക്ടറുടെ ആവശ്യം. പുറത്ത് നല്ല വെയിലാണെന്നും താങ്കള് ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂവെന്നും യാത്രക്കാര് പറഞ്ഞിട്ടും കണ്ടക്ടര് വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് സ്ത്രീകള് അടക്കമുള്ള യാത്രക്കാര്ക്ക് നേരേ വനിതാ കണ്ടക്ടര് അസഭ്യവര്ഷം നടത്തിയത്. ഇതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha