പതിനായിരങ്ങളെ സാക്ഷിയാക്കി കോടിയേരി യാത്രയായി... മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്ക് തീ കൊളുത്തി

പതിനായിരങ്ങളെ സാക്ഷിയാക്കി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ യാത്രയായി. പയ്യാമ്പലം ബീച്ചിലാണ് അദ്ദേഹത്തിന് അന്ത്യയാത്രയ്ക്കായുള്ള ചിത ഒരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്ക് തീ കൊളുത്തി.
അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര പയ്യാമ്പലം ബീച്ചിലെ ജനസാഗരത്തിനിടയിലേക്ക്. മണിക്കൂറുകളായി കാത്തു നിന്ന പതിനായിരക്കണക്കിന് ജനങ്ങള്‍ മുഷ്ഠി ചുരുട്ടി അന്തരീക്ഷത്തിലേക്കെറിഞ്ഞ് ഉറക്കെ വിളിച്ചു. കൊടിയേരിയുടെ തലയ്ക്കല്‍ പിണറായി വിജയനും സീതാറാം യെച്ചൂരിയും. കാല്‍ക്കല്‍ പ്രകാശ് കാരാട്ടും എം.എ.ബേബിയും.
നേതാക്കള്‍ പ്രിയ സഖാവിനെ തോളിലേറ്റി ചിതയിലേക്ക് നടന്നടുത്തു. ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്കിടയില്‍ ഒരുക്കിയ ചിതയിലേക്ക് ഇറക്കി കിടത്തി. നേതാക്കള്‍ നിരന്നു നിന്നു. കുടുംബാംഗങ്ങള്‍ക്ക് ദു:ഖമടക്കാനായില്ല. തുടര്‍ന്ന് മുന്‍ ആഭ്യന്തര മന്ത്രിക്ക് പൊലീസിന്റെ ആദരം.
https://www.facebook.com/Malayalivartha


























