ഇങ്ങനെയും പിണറായിയോ... അതീവ ദു:ഖിതനായ പിണറായിയെ അടുത്ത കാലത്തൊന്നും മലയാളികള്‍ കണ്ടിട്ടേയില്ല; സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിച്ച കോടിയേരിയുടെ വേര്‍പാട് സഹിക്കാനായില്ല; എല്ലാ തിരക്കുകളും മാറ്റിവച്ച് രണ്ട് ദിവസം പൂര്‍ണമായി കോടിയേരിക്ക് വേണ്ടി; അവസാനം പിടിച്ചു നില്‍ക്കാനായില്ല

കാര്‍ക്കശ്യക്കാരനായ പിണറായി വിജയന്‍ എന്ന ഇമേജാണ് പൊതുവേയുള്ളത്. എന്നാല്‍ മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി മാറുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്. രണ്ട് ദിവസം പൂര്‍ണമായും മരണമടഞ്ഞ കോടിയേരിയുടെ സംസ്‌കാരത്തിന് മാത്രം മാറ്റിവച്ചു. വിദേശയാത്ര മാറ്റിവച്ച് കണ്ണൂരിലേക്ക് തിരിച്ച് ഭൗതിക ദേഹത്തിനോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ചു. അവസാനംവരെ പിടിച്ചു നിന്നെങ്കിലും വേദന പുറത്തുവന്നു.
കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി, വികാര വായ്‌പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്.
അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് മുഖ്യമന്ത്രിക്ക് നഷ്ടമായത്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ....... അവസാനിപ്പിക്കുന്നു, എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി.
പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകളില്‍ വിതുമ്പിക്കരഞ്ഞു. പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങള്‍ക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.
ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല. ചില കാര്യങ്ങള്‍ നമ്മുടെ കൈയ്യില്‍ അല്ല. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോള്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി.
കോടിയേരിയുടെ വേര്‍പാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തില്‍ എല്ലാ പാര്‍ട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേര്‍ന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തില്‍ ആവശ്യമാണെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകുകയായിരുന്നു കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌ക്കരിച്ചു. ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദന്‍, എം വിജയരാജന്‍, വിജയരാഘവന്‍, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൌതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി.
തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൗണ്‍ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നിരുന്നത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൗണ്‍ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടായിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടന്‍ സ്മാരക മന്ദിരത്തിലും തടിച്ച് കൂടിയിരുന്നു.
" f
https://www.facebook.com/Malayalivartha


























