വിജയദശമി ഇന്ന്.... അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്ന വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു...

ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ അമൃത് നുകരുന്ന വിജയദശമി ഇന്ന് . ജില്ലയിലെ ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അജ്ഞതയുടെ ഇരുള്‍ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന വിജയദശമിയെ വരവേറ്റ് കുരുന്നുകള്‍.
ക്ഷേത്രങ്ങളില്‍ കുമാരിപൂജ, മാതൃപൂജ, സരസ്വതീപൂജ, ദുര്‍ഗാപൂജ ദേവീഭാഗവതം, ദേവീമാഹാത്മ്യം പാരായണവും ദേവീസഹ്രനാമം ജപവും നടക്കുന്നുണ്ട്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ ബ്രാഹ്മണ സമൂഹം ബൊമ്മക്കൊലു ഒരുക്കി.
നൃത്തത്തിന്റെയും ആരാധനയുടേയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്നതാണ് ഈ ഉത്സവം. ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റേയും സന്ദേശമാണ് ഈ ഉല്‍സവത്തിലൂടെ നമുക്ക് നല്‍കുന്നത്.
മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായി പറയുന്നത്.
കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്.
ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ് ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത് ദുര്‍ഗ്ഗാ പൂജയായിട്ടാണ് ആഘോഷിക്കുന്നത്.
ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു. നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു.
പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു.
അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു.
വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി.
സ്ത്രീയെ ശക്തിയായി ആരാധിക്കുന്നതാണ് ഭാരതീയ സംസ്‌ക്കാരം. നവരാത്രിയുടെ പ്രതീകവും ശക്തി ആരാധന തന്നെയാണ്. പ്രാദേശിക ഭേദങ്ങള്‍ക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തില്‍ വിദ്യാരംഭം, തമിഴ്‌നാട്ടില്‍ കൊലുവെയ്പ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗ്ഗാപൂജ, അസമില്‍ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തതയുടെ ഭാവതലങ്ങളിങ്ങനെ നീളുന്നു.
https://www.facebook.com/Malayalivartha


























