മലപ്പുറത്ത് ആടുകൾ കൂട്ടത്തോടെ ചത്തു : ചെള്ളുപനിയെന്ന് സംശയം; 25,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആടുകൾ ചത്തു; ഭീതിയിൽ നാട്ടുകാർ

മലപ്പുറം തിരൂരിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഞായറാഴ്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘം പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങൾ സന്ദർശിച്ചു. നിലവിൽ പരിശോധന നടത്തിയതിൽ നിന്നും ചെള്ളുപനിയാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് ഡോക്ടർമാർ.
അതേസമയം ഇക്കാര്യത്തിൽ രോഗത്തെ കുറിച്ചുള്ള പൂർണ്ണ വ്യക്തത വരുത്താനായി തിങ്കളാഴ്ച രക്തം പരിശോധനക്ക് അയക്കുമെന്നും വെറ്ററിനറി ഡോക്ടർമാരായ സൂര്യ നാരായണനും ഉഷയും പറഞ്ഞു. കൂടാതെ അസുഖ ബാധിതരായ ആടുകളുടെ രക്തം സംഘം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല ചത്ത ആടുകൾക്ക് വയറിളക്കവും തളർച്ചയുമാണ് രോഗലക്ഷണമായി പറയുന്നത്.
നിലവിൽ കൂടുതൽ ആടുകളിലേക്ക് രോഗം ബാധിച്ചതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസങ്ങളിൽ വയറിളക്കവും തളർച്ചയും വിറയലും കണ്ടുതുടങ്ങിയ ആടുകൾ നാലോ അഞ്ചോ ദിവസത്തിനകം ചത്തുപോവുകയായിരുന്നു. 25,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആടുകൾ ചത്ത കൂട്ടത്തിലുണ്ട്. വിദഗ്ധ പരിശോധന നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇതേസമയം തന്നെ തുമരക്കാവ് സ്വദേശി കാട്ടിൽ പറമ്പിൽ മുസ്തഫയുടെ പത്ത് ആടുകൾ രോഗം ബാധിച്ച് ചത്തു. തള്ളശ്ശേരി ഫൈസൽ, തള്ളശ്ശേരി സൈതലവി, മടുക്കുന്നത്ത് കുഞ്ഞിപ്പ ഹാജി എന്നിവരുടെ ആടുകളാണ് ചത്തത്. ഫൈസലിന്റെ ആറ് ആടുകളാണ് ചത്തത്. കൗൺസിലർ പ്രസന്ന പയ്യാപ്പന്തയുടെ വീട്ടിലെ ആടിനും രോഗം ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























