അഴിക്കും തോറും കുരുക്ക്... നരബലിയുടെ അന്വേഷണം പുരോഗമിക്കും തോറും കൂടുതല്‍ കാര്യങ്ങള്‍ പുറത്തേയ്ക്ക്; റോസ്‌ലിയുടെ ബാഗും ഫോണും കണ്ടെത്തി; ശരീരഭാഗങ്ങള്‍ ചേര്‍ത്തു വച്ചു പരിശോധന നടത്തും; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതല്‍ രക്ത സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചു

നരബലിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട പത്മയുടെ പാദസരത്തിനായി മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും കൂട്ടി പൊലീസും മുങ്ങല്‍ വിദഗ്ധരും കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ എസി കനാലില്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തില്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
അതിനിടെ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. ഇവ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണു വിവരം. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നാണു നിര്‍ണായക വിവരം പൊലീസിനു ലഭിച്ചത്.
എന്നാല്‍ ഇവ എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. ഇതിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതല്‍ രക്ത സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്ലിയുടെ മകളുടെയും രക്തസാംപിളുകളുമാണു വീണ്ടും ശേഖരിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്കു ശരീരഭാഗങ്ങള്‍ ചേര്‍ത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിക്കും.
നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിങ്ങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. റോസ്ലിയെയും പത്മയെയും കൊലചെയ്യാന്‍ ഉപയോഗിച്ച കത്തി വാങ്ങിയതെന്നു കരുതുന്ന പത്തനംതിട്ട നഗരത്തിലെ കടയിലായിരുന്നു ആദ്യം തെളിവെടുപ്പ്. പത്മയുടെ കൊലപാതകം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ ചികിത്സയ്ക്കായെത്തിയ മലയാലപ്പുഴയിലെ യുവാവിന്റെ വീടിന്റെ പരിസരത്തും മറ്റൊരു കടയുടെ സമീപത്തും പ്രതികളെ എത്തിച്ചു.
പ്ലാസ്റ്റിക് കയറും മറ്റും വില്‍ക്കുന്ന കടയിലും കാര്‍ഷികോപകരണ വില്‍പനശാലയിലും തെളിവെടുപ്പ് നടത്തി. ഒരിടത്തും പ്രതികളെ വാഹനത്തില്‍ നിന്നു പുറത്തിറക്കിയില്ല. പിന്നീട് ഇരുവരെയും വീട്ടിലെത്തിച്ചു. ലൈലയെ വീടിനുള്ളിലേക്കും ഭഗവല്‍ സിങ്ങിനെ അടുത്തുള്ള തോടിനു സമീപത്തേക്കു കൊണ്ടുപോയി. പത്മയുടെ മൊബൈല്‍ ഫോണ്‍ തോട്ടില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. 1.30ന് തുടങ്ങിയ തിരച്ചില്‍ 2 മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ തെളിവുകളൊന്നും കണ്ടെത്താനായില്ല. 5.45ന് ഇരുവരെയും എറണാകുളത്തേക്കു തിരികെക്കൊണ്ടു പോയി.
കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള വിവരത്തെ തുടര്‍ന്നു പ്രതിയുടെ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്റ്റംബര്‍ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവര്‍ പണം നല്‍കി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞിരുന്നു.
അതിനിടെ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇതിനുമുമ്പും ഷാഫി സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നുവെന്നാണ് വിവരം. എറണാകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളുടെയും ഇവര്‍ക്കൊപ്പം പോയ പുരുഷന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ എത്തിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്നും പൊലീസ് പറഞ്ഞു.
ലൈംഗികവൃത്തിക്ക് വേണ്ടിയാണ് ഇലന്തൂരില്‍ പോയതെന്നാണ് സ്ത്രീകള്‍ പൊലീസിന് നല്‍കിയ മൊഴി. ഷാഫി ഉപയോഗിച്ചിരുന്ന എസ്യുവി വാഹനത്തില്‍ ഇയാള്‍ക്കൊപ്പമായിരുന്നു യാത്ര. ലൈംഗികവൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നല്‍കാമെന്ന് പറഞ്ഞതുകൊണ്ടാണ് അയാള്‍ക്കൊപ്പം പോയതെന്നും സ്ത്രീകള്‍ മൊഴി നല്‍കി. ഷാഫിയുമായി ഇവര്‍ക്ക് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























