ബ്രസീൽ അല്ലാതെ മറ്റാര് എന്ന ചോദ്യം പോലും ഇല്ല..'മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ... വാമോസ് അർജന്റീന!' തകർപ്പൻ മറുപടിയുമായി വി ഡി സതീശൻ...

ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിന് തിരിതെളിയാൻ ഏതാനും മണിക്കൂറുകളാണ് അവശേഷിക്കുന്നത്. ആ നിമിഷത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളികളടങ്ങുന്ന ഫുട്‌ബോൾ ആരാധകർ. കിക്കോഫിന് ഏതാനും മണിക്കൂറുകൾക്കുമുൻപു തന്നെ സ്വന്തം ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രസീൽ അല്ലാതെ മറ്റാര് എന്ന ചോദ്യം പോലും മനസിലില്ലെന്ന് സതീശൻ വ്യക്തമാക്കി.
ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്‌ബോളിനെ നിലനിർത്തുന്നത്. സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്‌സി ഒരു അടയാളമാണ്. ബാല്യകൗമാര കാലഘട്ടം മുതൽ ആ ജഴ്‌സി എനിക്കൊരു വൈകാരികതയാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ടുനടന്നവരാണ്. അതുകൊണ്ടുതന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ. അവിടെ ലോകം ഒരു പന്തിനു ചുറ്റും ഓടിനടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കുമെന്നും സതീശൻ കുറിച്ചു.
അതേസമയം, കപ്പ് അർജന്റീനയ്ക്കുള്ളതാണെന്നാണ് കമന്റ് ബോക്‌സിൽ തൃശൂർ എം.പി ടി.എൻ പ്രതാപൻ വ്യക്തമാക്കി. 'മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ... വാമോസ് അർജന്റീന!' എന്നും കുറിച്ചു അദ്ദേഹം. എന്നാൽ, അതു സുരേഷ് ഗോപി തൃശൂർ എടുത്ത പോലെയാകുമെന്നായിരുന്നു വി.ഡിയുടെ തിരിച്ചടി. ''ഇത് നമ്മുടെ രണ്ടുപേരുടെയും സ്‌നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞതുപോലെയാണ്. തൃശൂർ നിങ്ങളല്ലേ എടുത്തത്. അതുപോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ...''- സതീശൻ വ്യക്തമാക്കി...
https://www.facebook.com/Malayalivartha


























