അയർലൻഡിൽ കഷ്ടപ്പെട്ട് അധ്വാനിച്ച പണവുമായി കോട്ടയത്ത് എത്തി; ആറുമാനൂരിൽ ഫോർ സ്റ്റാർ കള്ളുഷാപ്പ് തുടങ്ങി; ഇങ്ങനെ പോയാൽ ഞാൻ കൊലപാതകിയാകും; ഇല്ലെങ്കിൽ അവർ എന്നെ കൊല്ലും; കഞ്ചാവ് മാഫിയയുടെ അക്രമത്തിൽ പൊറുതിമുട്ടിയ വ്യവസായി പൊട്ടിത്തെറിക്കുന്നു

അയർലൻഡിൽ വർഷങ്ങളോളം കഷ്ടപ്പെട്ട പണവുമായി നാട്ടിലെത്തി സ്വന്തമായി ഒരു ഫോർ സ്റ്റാർ കള്ളുഷാപ്പ് തുടങ്ങിയ മലയാളി നേരിടേണ്ടി വരുന്നത് കഞ്ചാവ് മാഫിയെ. ഷാപ്പിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന അക്രമി സംഘത്തെ നേരിടാനാവാതെ അന്തം വിട്ടു നിൽക്കുകയാണ് ഇയാൾ. അയർലൻഡിൽ വ്യവസായിയാരുന്ന ആറുമാനൂർ ഇല്ലത്തുപറമ്പിൽ ജോർജ് വർഗീസ് നടത്തുന്ന മൂക്കൻസ് മീൻചട്ടി എന്ന കള്ളുഷാപ്പിന് നേരെയാണ് കഞ്ചാവ് മാഫിയ സംഘം നിരന്തരം ആക്രമണം അഴിച്ചു വിടുന്നത്.
കഞ്ചാവ് മാഫിയ സംഘത്തിന് എതിരെ പരാതി നൽകിയിട്ടും പൊലീസും എക്‌സൈസും നടപടിയെടുക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലുതും, ഏറ്റവും വൃത്തിയും, ഭംഗിയുമുള്ള കള്ള് ഷാപ്പാണ് തന്റേതെന്ന് ജോർജ് വർഗീസ് അവകാശപ്പെടുന്നു. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വെറൈറ്റികൾ വൃത്തിയോടെയും നിലവാരത്തിലും ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഫോർ സ്റ്റാർ ഹോട്ടൽ എക്‌സ്പീരിയൻസ് ഉള്ള ഈ ഷാപ്പിൽ മൂന്നു ഷെഫുകൾ അടക്കം 18 പേർ ജോലി ചെയ്യുന്നുണ്ട്. അതിരമ്പുഴയിലെ കോട്ടമുറികോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കസ്റ്റമേഴ്‌സിനെ മർദ്ദിക്കുകയും ആഹാരം വാങ്ങാൻ വരു ന്നവരുടെ വാഹനങ്ങൾ അക്രമിക്കുകയും, അവരെ മർദ്ദിക്കുകയും, ചീത്തവിളിക്കു കയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
കഞ്ചാവ് മാഫിയ സംഘം ഷാപ്പിലെത്തുകയും, കഞ്ചാവ് ബീഡി വലിക്കുകയും, കത്തി മേശപ്പുറത്ത് വച്ച് ഭീഷണിപ്പെടുത്തി കള്ളു കുടിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുകയും, ഇതിനു ശേഷം പണം നൽകാതെ മടങ്ങുകയും ചെയ്യുന്നതാണ് പതിവ്. ഇതിനെ ചോദ്യം ചെയ്യുന്ന ആളുകളെ കൂട്ടത്തോടെ എത്തി ആക്രമിക്കുന്നതും ഇവിടെ പതിവാണ്. അതിരമ്പുഴ പഞ്ചായത്തിൽ ഒന്ന്, രണ്ട്, 14 വാർഡുകളിലെ ആളുകൾക്കാണ് ഇത് മൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നത്.
പ്രദേശത്താകെ അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ തനിക്ക് സ്ഥാപനം നടത്താൻ സർക്കാർ വേണ്ട സുരക്ഷ ഒരുക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ സർക്കാർ സുരക്ഷ ഒരുക്കാൻ തയ്യാറായില്ലെങ്കിൽ ബിസിനസിനായി മുടക്കിയ 35 ലക്ഷം രൂപ ഉപേക്ഷിച്ച് താൻ അയർലൻഡിലേയ്ക്കു തിരികെ പോകുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha