മകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ പൂവാലനെതിരെ പരാതി നൽകി: വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമം:- യുവാവ് അറസ്റ്റിൽ

വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ആക്രമണം നടത്തിയ കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ പതിവായി ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു.
ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെ വീടിന്‍റെ മതിൽ ചാടി കടന്ന അരുൺ വീടിനോടു ചേർന്നുള്ള രണ്ടുമുറി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് തടിക്കഷണം കൊണ്ട് വീട്ടിലെ രണ്ടു കിടപ്പുമുറികളുടെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു.
പെൺകുട്ടിയെയും അച്ഛനെയും, അമ്മയെയും വീടിനു അകത്തിട്ട് കുത്തി കീറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊട്ടിയ ജനാലയ്ക്ക് ഉള്ളിൽ നിന്ന് അവിടെ ഉണ്ടായിരുന്ന 510 രൂപയും അരുൺ മോഷ്ടിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ അരുണിനെ വിഴിഞ്ഞം പൊലീസ് പിടികൂടുകയായിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























