തുമ്പ പോലീസ് വെടിവെയ്പ്പ്: ദൃക്‌സാക്ഷികളും കൃത്യ സ്ഥല മഹസര്‍ സാക്ഷികളുമടക്കം 17 സാക്ഷികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, വാറണ്ടുത്തരവ് വീഴ്ച കൂടാതെ നടപ്പിലാക്കാന്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി ഔദ്യോഗിക മെമ്മോറാണ്ടം നല്‍കി, മാര്‍ച്ച് 29 നകം അറസ്റ്റ് ചെയ്യാനാണുത്തരവ്

സംസ്ഥാനം നടുങ്ങിയ തുമ്പ പോലീസ് വെടിവെയ്പ്പ് കേസില്‍ ദൃക്‌സാക്ഷികളും കൃത്യ സ്ഥല മഹസര്‍ സാക്ഷികളുമടക്കം 17 സാക്ഷികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തരവ് കോടതി പുറപ്പെടുവിച്ചു.
പ്രോസിക്യൂഷന്‍ ഭാഗം 9 മുതല്‍ 25 വരെയുള്ള സാക്ഷികള്‍ക്കെതിരായ വാറണ്ടുത്തരവ് വീഴ്ച കൂടാതെ നടപ്പിലാക്കാന്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി ഔദ്യോഗിക മെമ്മോറാണ്ടം നല്‍കി. തിരുവനന്തപുരം ഒന്നാം അഡീ.സബ് ജഡ്ജിയും അസി. സെഷന്‍സ് ജഡ്ജിയുമായ ജിഷാ മുകുന്ദന്റേതാനുത്തരവ്. മാര്‍ച്ച് 29 നകം സാക്ഷികളെ അറസ്റ്റ് ചെയ്യാനാണുത്തരവ്.
തുമ്പ പോലീസ് വെടിവെയ്പ് കേസില്‍ 2019 ജൂണ്‍ 6 ല്‍ നടന്ന വിചാരണയില്‍ 36 മുതല്‍ 39 വരെയുള്ള ദൃക്‌സാക്ഷികളായ തുമ്പ പോലീസ് സ്റ്റേഷനിലെ നാലു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി കൂറുമാറി പ്രതി ഭാഗം ചേര്‍ന്നു. സാക്ഷിക്കൂട്ടില്‍ നിന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരായ ഭാസി കുമാര്‍ , ഷാജഹാന്‍ , രാജശേഖരന്‍ നായര്‍ , അബ്ദുള്‍ കലാം എന്നീ നാലു പോലീസുകാരാണ് കേസന്വേഷണ ഘട്ടത്തിലെ ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേര്‍ന്നത്. പ്രതിക്കൂട്ടില്‍ നിന്ന 116 പ്രതികളില്‍ ഒരാളെ പോലും അറിയില്ലെന്നും ഇവര്‍ മൊഴി നല്‍കി.
വാള്‍ , ചുരുട്ടുവാള്‍, മഴു , പങ്കായം , ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ് , കല്ല് , കമ്പി എന്നീ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പോലീസ് ജീപ്പ് , ഹെല്‍മറ്റ് , ഷീല്‍ഡ് എന്നിവ തല്ലിത്തകര്‍ക്കുകയും ചെയ്ത പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് , ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം , നാലു കോണ്‍സ്റ്റബിള്‍മാരും മൊഴി കൊടുത്തിരുന്നു. കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കിയ ഈ മൊഴിയാണ് പോലീസുകാര്‍ കോടതിയില്‍ തിരുത്തിയത്.മുന്‍ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ജയച്ചന്ദ്രന്‍ ദീര്‍ഘനേരം ക്രോസ് ചോദ്യം ചോദിച്ചിട്ടും കൂറു മാറിക്കൊണ്ടുള്ള ചീഫ് വിസ്താര മൊഴിയില്‍ നാലുപേരും ഉറച്ചു നിന്നു.
നാലു പോലീസുകാരും പ്രോസിക്യൂഷന്‍ ഭാഗം 36 മുതല്‍ 39 വരെയുള്ള സാക്ഷികളാണ്. കഴിഞ്ഞ ദിവസത്തെ വിചാരണയില്‍ രാധാകൃഷ്ണന്‍ നായര്‍ , ബാഹുലേയന്‍ എന്നീ രണ്ടു പോലീസുകാര്‍ കൂറുമാറി പ്രതി ഭാഗം ചേര്‍ന്നിരുന്നു. ഇതോടെ പോലീസ് മൊഴി കോടതിയില്‍ തിരുത്തി കൂറു മാറി പ്രതി ഭാഗം ചേര്‍ന്ന പോലീസുകാരുടെ എണ്ണം ആറായി.
കഴക്കൂട്ടം മേനംകുളം ഫാത്തിമ തുമ്പ കടല്‍ പുറം താമസക്കാരായ ഷാജി , വര്‍ഗ്ഗീസ് , റോബിന്‍സണ്‍ , ചാള്‍സ് , റിനു , കസ്ബര്‍ , ജോസഫ് പെരേര , അല്‍ഫോണ്‍സ് എന്നിവരടക്കം 116 പ്രതികളാണ് പോലീസ് വധശ്രമക്കേസില്‍ വിചാരണ നേരിടുന്നത്.
2001 ഡിസംബര്‍ 28 പകല്‍ 11.30 നാണ് സംസ്ഥാനം നടുങ്ങിയ പോലീസ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പില്‍ വര്‍ഗ്ഗീസ് എന്ന മല്‍സ്യ തൊഴിലാളി മരണപ്പെട്ടു. രണ്ടു മത്സ്യതൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കും ഏറ്റിരുന്നു.
കഠിനംകുളം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട പുത്തന്‍ തോപ്പില്‍ 2001 ഡിസംബര്‍ 25 ലെ ക്രിസ്തുമസ് നാളില്‍ നടന്ന ജല മേളക്കിടെ കടപ്പുറത്തെ ഒരു പെണ്‍കുട്ടിയെ മറ്റൊരു തുറയിലെ യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് അവിടത്തുകാരും ഫാത്തിമ തുമ്പ സ്ഥല വാസികളുമായ മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള വഴക്കിലും സംഘര്‍ഷത്തില്‍ കലാശിച്ചത്. കലാപം നിയന്ത്രിക്കാനായി എത്തിയ പോലീസ് സംഘത്തിന് കലാപം നിയന്ത്രിക്കാനാവാതെ സ്ഥലത്ത് നിന്നും ജീവ രക്ഷാര്‍ത്ഥം പിന്തിരിഞ്ഞോടി പോലീസ് വാഹനത്തില്‍ രക്ഷപ്പെടേണ്ടി വന്നു. അപ്രകാരം പിന്തിരിഞ്ഞോടിയ പോലീസ് പാര്‍ട്ടിയില്‍പ്പെട്ട കേരള ആമ്ഡ് പോലീസ് ( കെ. എ. പി ) മൂന്നാം ബറ്റാലിയന്‍ ഇ കമ്പനിയില്‍പ്പെട്ട ഏ.ആര്‍. ക്യാമ്പിലെ ഗിരീഷ് , മുരളീധരന്‍ പിള്ള എന്നീ രണ്ട് പോലീസുകാര്‍ ആക്രമണം ഭയന്ന് പ്രാണ രക്ഷാര്‍ത്ഥം ചായ്പില്‍ പതുങ്ങിയിരുന്നു. ഈ രണ്ടു പോലീസുകാര്‍ക്കും പോലീസ് വാഹനത്തില്‍ ഓടി കയറാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മാരകായുധങ്ങളുമായി ലഹളക്കാര്‍ സംഘടിച്ച് രാജീവ്‌നഗര്‍ റോഡുപരോധിച്ചു.
കാണാതായ രണ്ടു പോലീസുകാരെ കണ്ടെത്താനും ക്രമ സമാധാനം പരിപാലിക്കാനുമായി സിറ്റി പോലീസ് കമ്മീഷണര്‍ രാജന്‍ സിംഗിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. എന്നാല്‍ അക്രമകാരികള്‍ പോലീസിന്റെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കമ്മീഷണര്‍ വെടി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
2003 ആഗസ്റ്റ് 3 നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ റ്റി. ജെയിംസ് വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനും 116 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
തുമ്പ വെടിവെയ്പ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജില്ലാ ജഡ്ജി രാജപ്പനാചാരി കമ്മീഷന്‍ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെടിവെയ്പ്പിനെ ന്യായീകരിച്ചു കൊണ്ടും എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ വെടിയുതിര്‍ത്തതിനാല്‍ ഒരു ജീവന്‍ പൊലിഞ്ഞതിനെയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇട വന്നതിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. വെടിവെയ്പിന് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. വെടി വെയ്പ്പിന് മുന്നോടിയായി ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ജല പീരങ്കി ( വജ്ര ) ഉപയോഗിച്ചില്ല. ബാനര്‍ കെട്ടിയില്ല. കാല്‍ മുട്ടിന് താഴെ വെടിയുതിര്‍ക്കുന്നതിന് പകരം പലരെയും വളഞ്ഞ് വച്ച് നെഞ്ചിലും മറ്റും നിറയൊഴിക്കുകയായിരുന്നു. പോലീസ് കമ്മീഷണര്‍ എ.കെ. 47 തോക്കുപയോഗിച്ചാണ് ലഹളക്കാരെ നേരിട്ടത്. ഇതെല്ലാണ് വര്‍ഗ്ഗീസ് എന്നയാളുടെ ജീവഹാനിക്കും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കാനും ഇട വരുത്തിയതെന്നും ആചാരി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha



























