തീ കെട്ടടങ്ങി എന്നാല്‍ ശരിക്കുള്ള ഭീതി ഉടലെടുത്ത് കഴിഞ്ഞു;ബ്രഹ്മപുരത്തെ മണ്ണും മനുഷ്യരുടെ രക്തവും അമ്മമാരുടെ മുലപ്പാലില്‍ വരെ പരിശോധന നടത്തണം,ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴേ കൃത്യമായി പഠിച്ച് രേഖപ്പെടുത്തണം,വരാനിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍

ബ്രഹ്മപുരത്തെ തീ അണഞ്ഞതോടെ പ്രതിസന്ധികളെല്ലാം കെട്ടടങ്ങിയെന്നാണോ. അല്ല യഥാര്‍ത്ഥ പ്രതിസന്ധി ഉടലെടുത്തിട്ടേയുള്ളു. ബ്രഹ്മപുരത്ത് ഡയോക്‌സിന്‍ പഠനം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ബ്രഹ്മപുരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ മണ്ണിലും വെള്ളത്തിലും അവിടെയുള്ള ആളുകളുടെ രക്തവും എന്തിനേറെ അമ്മമാരുടെ മുലപ്പാലില്‍ വരെ പഠനം നടത്തണം. ഡയോക്‌സിന്‍ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്തണം. ബ്രഹ്മപുരത്തെ തീപിടിത്തത്തില്‍ പുറത്തുവരുന്ന രാസപദാര്‍ഥങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴേ കൃത്യമായി പഠിച്ച് രേഖപ്പെടുത്തണം. അല്ലെങ്കില്‍ ഭാവിയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരങ്ങള്‍ക്കു തീപിടുത്തത്തില്‍ പുറത്തുചാടിയ ഡയോക്‌സിനുകളെയും സമാനമായ മറ്റു രാസപദാര്‍ഥങ്ങളെയും കുറിച്ച് പഠനം നടത്തണമെന്ന് ആരോഗ്യവിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രഫസറുമായ ഡോ.കെ.പി.അരവിന്ദന്‍ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലും മനുഷ്യജന്തു ശരീരങ്ങളിലും ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ കഴിവുള്ള ഡയോക്‌സിന്‍ ഒരു പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂറ്റന്റ് ആണ്. ബ്രഹ്മപുരം മാലിന്യം കത്തുന്നതിലൂടെ ചുറ്റുവട്ടത്തില്‍ രോഗം കൂടിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അന്തരീക്ഷത്തിലെ ഡയോക്‌സിന്റെ അളവ് കുറച്ചുകൊണ്ടുവരാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനോടൊപ്പം, രോഗഭീതി പെരുപ്പിച്ചു കാട്ടി ജനങ്ങളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡയോക്‌സിന്റെ കാര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ധാരാളം പഠിക്കപ്പെട്ടിട്ടുണ്ട്. ഈ പഠനങ്ങളില്‍ ഏറ്റവും ബൃഹത്തായതും അറിയപ്പെടുന്നതും 1976ല്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തിനടുത്തുള്ള സെവെസോ പട്ടണത്തില്‍ ഉണ്ടായ കെമിക്കല്‍ ഫാക്ടറി അപകടമാണ്. ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവുമധികം ഡയോക്‌സിനുകള്‍ മനുഷ്യരില്‍ എത്തിച്ചേര്‍ന്നത് ഈ അപകടത്തിലൂടെയായിരുന്നു. സെവെസോ അപകടത്തില്‍ ഡയോക്‌സിന്‍ ബാധിച്ചവരെപ്പറ്റി കഴിഞ്ഞ 47 വര്‍ഷങ്ങളായി പഠനം നടക്കുന്നുണ്ട്. അവ നടത്തിയത് പ്രശ്‌നപ്രദേശത്തെ മൂന്നായി തിരിച്ചു കൊണ്ടാണ്. അപകടസ്ഥലത്തിന് ഏറ്റവുമടുത്ത് എ എന്ന വിഭാഗം. അതിനു ചുറ്റും ബി. അതിനുമപ്പുറത്തുള്ള പ്രദേശം ആര്‍. എ പ്രദേശത്ത് ഡയോക്‌സിന്റെ മണ്ണിലെ ശരാശരി അളവ് സ്‌ക്വയര്‍ മീറ്ററില്‍ 50 മൈക്രോഗ്രാമില്‍ അധികമായിരുന്നെങ്കില്‍, ബി പ്രദേശത്ത് 5 മുതല്‍ 50 മൈക്രോഗ്രാം വരെയും ആര്‍ പ്രദേശത്ത് 5 മൈക്രോഗ്രാമില്‍ താഴെയുമായിരുന്നു.
Chloracne എന്ന ത്വക്ക് രോഗം കൂടുതലായി കാണപ്പെടുന്നു എന്നതു മാത്രമാണ് തര്‍ക്കമില്ലാതെ തെളിയിക്കപ്പെട്ടിട്ടുള്ളത്. രാസവസ്തുബാധിതരായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടികളില്‍ ആണ്‍കുട്ടികളുടെ എണ്ണം കുറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. ആണുങ്ങളില്‍ ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നതും സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങളും കൂടുതലായുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മൊത്തം കാന്‍സര്‍ രോഗത്തിന്റെ തോതും കാന്‍സര്‍ മരണങ്ങളും കൂടിയതായി കാണപ്പെട്ടില്ലെങ്കിലും ചില പ്രത്യേക കാന്‍സറുകള്‍ കൂടിയേക്കാമെന്ന സൂചനയുണ്ട്. പൊതുവില്‍, ഈ മാറ്റങ്ങളൊക്കെ പ്രധാനമായും സോണ്‍ എ യിലാണ് ഉള്ളത്. സോണ്‍ ആറില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ബ്രഹ്മപുരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഡയോക്‌സിന്റെ സാന്നിധ്യം പഠനവിധേയമാക്കണം. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അളവില്‍ ഈ മാലിന്യം ഉണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ തിരിച്ചറിയാമെന്നും ഡോ.അരവിന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























