ക്ലീൻ കൊച്ചിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാം: ജില്ലാ കളക്ടർ... ബ്രഹ്‌മപുരം തീപിടിത്തം; പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു

മാലിന്യ വിമുക്ത കൊച്ചിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ആ ലക്ഷ്യം കൈവരിക്കാൻ സർക്കാർ സംവിധാനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പം ജനങ്ങളുടെ കൂടി സഹകരണവും പിന്തുണയും ആവശ്യമാണെന്നും കളക്ടർ പറഞ്ഞു.
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ ആശങ്കകളും സംശയങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ എൻ.ജി.ഒ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുറന്ന ചർച്ചയ്ക്കും സംശയ നിവാരണത്തിനുമുള്ള വേദിയായിരുന്നു ശില്പശാല.
ക്രിയാത്മകമായ നിർദേശങ്ങൾ പരിഗണിച്ച് തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കളക്ടർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സഹകരണത്തോടെ പരിസ്ഥിതി മലിനീകരണം, ആരോഗ്യം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിലാണ് ശില്പശാല സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിത, മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ പി.ബി ശ്രീലക്ഷ്മി, കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഹരിത കേരള മിഷൻ മുൻ ജില്ലാ കോ ഓഡിനേറ്ററുമായ സുജിത് കരുൺ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
ആസിഡ് മഴയ്ക്ക് സാധ്യതയില്ല
ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ പി.ബി ശ്രീലക്ഷ്മി പറഞ്ഞു. ഇതു സംബന്ധിച്ച ആശങ്കകൾ വേണ്ട. അന്തരീക്ഷത്തിൽ സൾഫർ ഡയോക്സൈഡിന്റെ അളവ് വർധിക്കുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ല.
കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടർ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പുക ഭൂരിഭാഗവും കാറ്റിനാൽ ഇല്ലാതായെത്തും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha