നരേന്ദ്ര മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവർ ആരൊക്കെയുണ്ടോ അവരെയൊക്കെ ഈ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്.. അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതുപോലെ രാഹുൽ ഗാന്ധിയെ കേസുകൾ കൊണ്ട് വളഞ്ഞു പിടിച്ച് നിശബ്ദമാക്കാനാണ് ശ്രമം.. ഭയന്നോടുന്ന പാർട്ടിയല്ല കോൺഗ്രസ്! തുറന്ന് പറഞ്ഞ് കെ സി വേണുഗോപാൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സൂററ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് അപ്പീൽ നൽകും. നിയമപോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. രാഹുൽ ഗാന്ധിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ' നരേന്ദ്ര മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവർ ആരൊക്കെയുണ്ടോ അവരെയൊക്കെ ഈ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. കേസിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതുപോലെ രാഹുൽ ഗാന്ധിയെ കേസുകൾ കൊണ്ട് വളഞ്ഞു പിടിച്ച് നിശബ്ദമാക്കാനാണ് ശ്രമം. ഭയന്നോടുന്ന പാർട്ടിയല്ല കോൺഗ്രസ്. വെല്ലുവിളികൾ അതിജീവിച്ച് ഈ നാട്ടിലെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകും. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. പാർട്ടിയും അടിയന്തര യോഗം ചേരുന്നുന്നുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി സി സി അധ്യക്ഷന്മാർ, തുടങ്ങിയവർ പങ്കെടുക്കും .വൈകീട്ട് 5 മണിക്ക് എ ഐ സി സി ആസ്ഥാനത്താണ് യോഗം. മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
എന്നാൽ രാഹുലിനെതിരായ ശിക്ഷാവിധി അദ്ദേഹത്തെ ലോക്സഭയിൽ വരുന്നതിൽ നിന്ന് തടയുമോ എന്ന് പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി നിലവിൽ അയോഗ്യനാണെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബൽ ഊന്നിപ്പറയുന്നു. ശിക്ഷ സസ്പെൻഡ് ചെയ്താൽ പോരാ, വിധി സസ്പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമായി തുടരാനാകൂ എന്ന് കപിൽ സബൽ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ആ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് നിയമം പറയുന്നു. സ്വാഭാവികമായും സ്പീക്കര്‍ക്ക് നിയമാനുസൃതം നീങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിച്ച ലില്ലി തോമസ് വിഎസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധിക്ക് പിന്നാലെ യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. 'ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ ജനപ്രതിനിധി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാകും എന്നതായിരുന്നു വിധിയുടെ ചുരുക്കം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യതയുണ്ടാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്‌ടപ്പെടുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ വിധി വന്നാൽ ഉടനടി തന്നെ ജനപ്രതിനിധികൾ അയോഗ്യരാക്കുന്നത് ഒഴിവാക്കാനായിരുന്നു യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കണം എന്നതായിരുന്നു ഓർഡിനൻസിന്‍റെ ലക്ഷ്യം. എന്നാൽ ഈ ഓഡിനൻസ് രാഹുൽ ഗാന്ധി പരസ്യമായി കീറിയെറിഞ്ഞത് വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha