വനം വകുപ്പ് മാസ്സാണ് വനം വിഴുങ്ങികള്‍ക്ക് 'ചക്കരകൊമ്പ'ന്മാരുടെ കട്ടസപ്പോര്‍ട്ട് കേന്ദ്രം പിടിമുറുക്കി

വനം വകുപ്പില്‍ കൂ്ട്ട സസ്‌പെഷന്‍ നേരിട്ടവരെ പിരിച്ചു വിടാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടത്തി കൊണ്ടിരിക്കുന്നുവെന്ന വിചിത്രമായ സമീപനമാണ് വനം വകുപ്പില്‍ നടന്നു കൊണ്ടിരിക്കുന്നത്. വിചിത്ര നടപടികള്‍ക്ക് സര്‍ക്കാരും വനം വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടിയും ഓടി നടന്ന് പണപിരിവ് നടത്തുന്നതിന്റെയും വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനത്തിനെതിരെയും ശബ്ദമുയര്‍ന്നതോടെ വനംവകുപ്പിനെ നിരീക്ഷിക്കാന്‍ കേന്ദ്രം ശക്തമായ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
വനം വകുപ്പിന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിധം ജീവനക്കാരുടെ പ്രതിഷേധത്തിലേക്കു നയിച്ച ആര്യങ്കാവിലെ കൂട്ട സസ്‌പെന്‍ഷന്‍ അനാവശ്യവും വകുപ്പിന്റെ മനോവീര്യം കെടുത്തുന്നതുമാണെന്നു ഭരണ വിഭാഗം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്. 18 പേരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചു റേഞ്ച് ഓഫിസര്‍മാരുടെ സംഘടന 27നു സമരം പ്രഖ്യാപിക്കുകയും അതു നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണു റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ജീവനക്കാരെ രക്ഷിക്കാന്‍ വനം വകുപ്പു തന്നെ ഒരുക്കിയ വഴിയാണ് വനം അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കഴിഞ്ഞ 17ന് എപിസിസിഎഫ് നല്‍കിയ റിപ്പോര്‍ട്ടെന്നും സൂചനയുണ്ട്.
2018-19ല്‍ ആര്യങ്കാവില്‍ ബെനാമി ജീവനക്കാരെ വച്ചു ശമ്പളം തട്ടിയതിനാണ് 18 പേരെ സര്‍ക്കാര്‍ കഴിഞ്ഞ 9നു സസ്െപന്‍ഡ് ചെയ്തത്. രാഷ്ട്രീയക്കളികള്‍ക്കു തങ്ങളെ ഇരയാക്കുകയാണെന്ന് ആരോപിച്ചു ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി വന്‍തോതില്‍ പിരിവു നടക്കുന്നുണ്ടെന്നും സൂചന നല്‍കിക്കൊണ്ടായിരുന്നു റേഞ്ചര്‍മാരുടെ പ്രതിഷേധം.
ഡല്‍ഹിയില്‍ അഖിലേന്ത്യാ റേഞ്ച് ഓഫിസര്‍ സംഘടനയുടെ യോഗത്തിലും വിഷയം ചര്‍ച്ചയാവുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സംഘടന സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തു. അതോടെയാണ് കേന്ദ്ര ഇടപെടലുണ്ടായത്.വനം മന്ത്രി ചര്‍ച്ചയ്ക്കു വിളിക്കും എന്നു പ്രതീക്ഷിച്ചിരിക്കെയാണു സര്‍ക്കാര്‍ സമരത്തിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.
ഇതിനിടയിലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് അനുകൂലമായി ഭരണവിഭാഗം എപിസിസിഎഫ് ഡോ.പി.പുകഴേന്തി വനം സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ട് പുറത്തു വന്നത്. 'കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. അങ്ങനെയൊരു ശുപാര്‍ശ വനം വകുപ്പില്‍ നിന്നു നല്‍കിയിട്ടുമില്ല. 5 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇപ്പോള്‍ ആര്യങ്കാവില്‍ ജോലി ചെയ്യുന്നില്ല. ആരെയും സ്വാധീനിക്കാനും പോകുന്നില്ല. കൃത്യവിലോപം മാത്രമേ അവരില്‍ നിന്ന് ഉണ്ടായിട്ടുള്ളൂ. അതിന്റെ ഏറ്റക്കുറച്ചില്‍ പോലും പരിഗണിക്കാതെ എല്ലാവര്‍ക്കുമെതിരെ ഒരേ നടപടി സ്വീകരിച്ചതു സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഇത്തരം നടപടി ജീവനക്കാരുടെയും സേനയുടെയും മനോവീര്യം തകര്‍ക്കുകയും വിപരീത ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും' - റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടുമായി ജീവനക്കാര്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നടപടികള്‍ പ്രതിസന്ധിയിലാകും. സാമ്പത്തിക ക്രമക്കേടു പുറത്തു വന്നാല്‍ വിജിലന്‍സ് കേസും സസ്‌പെന്‍ഷനും സ്വാഭാവിക നടപടിയാണ്. 82,500 രൂപയുടെ ക്രമക്കേട് നടന്നതായി വനം വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പണിമുടക്കിനെതിരെ ഡയസ്‌നോണ്‍ ഉള്‍പ്പെടെ നടപടികള്‍ ഇനി സ്വീകരിച്ചാല്‍, എപിസിസിഎഫിന്റെ റിപ്പോര്‍ട്ട് ജീവനക്കാര്‍ കോടതിയില്‍ ആയുധമാക്കിയേക്കും. നടപടിയുടെ മുള്‍മുനയില്‍ നിര്‍ത്തി ജീവനക്കാരില്‍ നിന്നു പണപ്പിരിവു നടത്താനുള്ള കുറുക്കുവഴികളാണ് അധികൃതര്‍ കണ്ടെത്തുന്നത് എന്ന സംഘടനയുടെ ആരോപണത്തിനു ശക്തി പകരുന്നതാണ് എപിസിസിഎഫിന്റെ റിപ്പോര്‍ട്ട്.
ആര്യങ്കാവില്‍ അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ഒരുവശത്ത് നടപടി കടുപ്പിക്കുകയും മറുവശത്ത് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്കുകയും ചെയ്യുന്നതിന് പിന്നല്‍ സാമ്പത്തിക ലാഭം തന്നെയാണെന്ന് വ്യക്തമാണ്. നടപടി നേരിടുന്ന 18 ജീവനക്കാരും അവരുടെ സംഘടനയും വന്‍തുകയാണ് കേസില്‍ നിന്നും ഊരികിട്ടാനായി നല്കിയതെന്നും പറയപ്പെടുന്നു. അഴിമതിയെ വെച്ചുപാറുപ്പിക്കില്ലെന്ന് മുക്കിന മുക്കിന് പറയുന്ന ഇടതുപക്ഷ സര്‍ക്കാരിലാണ് ഇത്തരം പകല്‍ കൊള്ളകള്‍ നടക്കുന്നതെന്ന കാര്യമാണ് വിചിത്രം.
https://www.facebook.com/Malayalivartha