'പാർപ്പിട"ത്തിന്റെ 300 മീറ്റർ അകലെ... ഇച്ചായാ... എന്ന് ആലീസ് നീട്ടി വിളിച്ചാൽ ഓടിയെത്താവുന്ന ദൂരം മാത്രം..ഞാൻ എന്ന് മരിച്ചാലും ഇവിടെ മതിയെന്ന് നേരത്തെ പറഞ്ഞ ഇടം അപ്പച്ചനും അമ്മച്ചിയും ഉറങ്ങുന്ന അതേ മണ്ണിൽ ഇന്നച്ചൻ ഇനി ഉറങ്ങുമ്പോൾ..

തെക്കേ അങ്ങാടിയിൽ ഇന്നസെന്റിന്റെ വീടായ 'പാർപ്പിട"ത്തിന്റെ 300 മീറ്റർ അകലെയുള്ള സെന്റ് തോമസ് കത്തീഡ്രലിന്റെ കിഴക്കേ ഭാഗത്തെ കല്ലറയിൽ ഇന്നസെന്റ് ഇന്ന് അന്ത്യവിശ്രമം കൊള്ളുമ്പോൾ, അദ്ദേഹത്തിന്റെ ആത്മാവ് ഇങ്ങനെ പറയുന്നുണ്ടാകും: ''ദേ, ആലീസേ...ഞാൻ മ്മ്‌ടെ പള്ളീല്ണ്ട്..."".
പാർപ്പിടം പോലെ പള്ളിയും പള്ളിപ്പെരുന്നാളുമെല്ലാം ഇന്നസെന്റിന്റെ ഇഷ്ടങ്ങളായിരുന്നു. സിനിമാലോകം ചെന്നൈയിലും കൊച്ചിയിലുമെല്ലാം തമ്പടിച്ചപ്പോൾ ഇരിങ്ങാലക്കുട വിട്ട് തനിക്കൊരു ജീവിതമില്ലെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നതും അതുകൊണ്ടാണ്. ഇന്നസെന്റിനെ കാൻസർ ആക്രമിച്ചപ്പോഴായിരുന്നു ഇരിങ്ങാലക്കുട പള്ളിയിലെ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാൾ ആഘോഷം.
നാടാകെ പെരുന്നാളിൽ ആറാടുമ്പോൾ, ഇന്നസെന്റിന്റെ മനസ് പിടഞ്ഞു. വീടുകളെല്ലാം ദീപപ്രഭയിലാണ്, ബന്ധുക്കളും സുഹൃത്തുക്കളുമായി ആരവങ്ങളും ആഘോഷങ്ങളും. രോഗം പിടിപെട്ടതിന്റെ മനോവേദന കാരണം വീട്ടിൽ ആഘോഷമൊന്നും വേണ്ടെന്ന് ആലീസ് പറഞ്ഞു. മനസാകെ കലങ്ങിയിരിക്കുമ്പോൾ എങ്ങനെ ആഘോഷിക്കും?
വൈകുന്നേരങ്ങളിൽ ഗേറ്റിന്റെ അടുത്ത് ചെന്നുനിൽക്കുന്ന ഇന്നസെന്റിനെ നോക്കി എല്ലാവരും കടന്നുപോയി. ജനങ്ങൾ പെരുന്നാളിനൊപ്പം ഒഴുകുകയാണ്. കഴിഞ്ഞവർഷം വരെ ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്ന ഇന്നസെന്റിന് നിരാശ തോന്നി. 'എന്താ വീട്ടിൽ പെരുന്നാളിന്റെ വെളിച്ചോം ബഹളോം ഒന്നുമില്ലല്ലോ" എന്ന് കണ്ടവരെല്ലാം ചോദിച്ചു. കാൻസറിനെ പൊരുതി തോൽപ്പിച്ചപ്പോൾ, ഇന്നസെന്റിന്റെ വലിയ മോഹങ്ങളിലൊന്നായിരുന്നു പള്ളിക്ക് ഏറ്റവും അടുത്ത് ഒരു വീട്.
മുൻപത്തെ വീട്ടിൽ നിന്ന് 300 മീറ്റർ അപ്പുറമുള്ള സ്വന്തം സ്ഥലത്ത് വീട് വച്ച് പള്ളിയിലെ പിണ്ടിപ്പെരുന്നാൾ അദ്ദേഹം കണ്ടു, കാൻസർ മുട്ടുമടക്കിയതിന്റെ സന്തോഷത്തോടെ. അപ്പൻ തെക്കേത്തല കൊച്ചുവറീതിന്റെ കല്ലറ കുടികൊള്ളുന്നതും ഈ സെമിത്തേരിയിലാണ്. ഇടതുപക്ഷക്കാരനായ ഇന്നസെന്റ് ആഘോഷങ്ങളോടും പെരുന്നാളുകളോടും എന്നും ആവേശം പുലർത്തിയിരുന്നു. ഒരു വർഷം മുൻപാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.
പുതിയ വീട്ടിലെ ഗേറ്റിനു മുന്നിൽ നിന്നാൽ പള്ളിയിലെ പിണ്ടിപ്പെരുന്നാൾ വിശാലമായി കാണാം. അതായിരുന്നു, പ്രധാന ആകർഷണം. രണ്ടു വീടിനും പേര് പാർപ്പിടം എന്നുതന്നെ. ഇന്നലെ വൈകിട്ട് ടൗൺഹാളിലും വീട്ടിലും ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാനുള്ള ഒരുക്കം നടക്കുകയായിരുന്നു. പള്ളിയും സെമിത്തേരിയും കാണാൻ ഇന്നസെന്റിന്റെ ആരാധകരുമെത്തി. തെക്കേത്തല കുടുംബത്തിന്റെ കല്ലറ അന്വേഷിച്ചു നടക്കുന്നുണ്ടായിരുന്നു ചിലർ.
https://www.facebook.com/Malayalivartha