സിനിമാ കഥയേക്കാള്‍ ട്വിസ്റ്റ്... ഇല്ലാത്ത ലഹരിയുടെ പേരില്‍ ബ്യൂട്ടിപാര്‍ലര്‍ സംരംഭക 72 നാള്‍ ജയിലില്‍ കഴിഞ്ഞ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നു; ആത്മഹത്യയെ പറ്റിവരെ ചിന്തിച്ചു, തെറ്റു ചെയ്തിട്ടില്ല എന്ന ഉറപ്പാണ് പിടിച്ചു നിര്‍ത്തിയതെന്ന് ഷീല സണ്ണി

ഒരു കേസില്‍ പെടുക. ജാമ്യമില്ലാതെ രണ്ടര മാസത്തോളം ജയിലില്‍ കിടക്കുക. അവസാനം നിരപരാധിയാണെന്നറിയുക. അതാണിവിടെ ഉണ്ടായത്. ലഹരി മരുന്നു കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ജയിലിലായ സംഭവത്തില്‍ വഴിത്തിരിവ്. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയില്‍ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന പരിശോധനാഫലം പുറത്തു വന്നു.
ഇല്ലാത്ത ലഹരിമരുന്ന് കണ്ടെടുത്ത കേസില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. തന്നെ കേസില്‍ ആരോ കുടുക്കിയതാണെന്നും ഇതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഷീല സണ്ണി വ്യക്തമാക്കി. ഫെബ്രുവരി 27-ാം തീയതിയാണ് കുറച്ച് ഓഫീസര്‍മാര്‍ വരുന്നത്. പാര്‍ലറില്‍ മയക്കുമരുന്ന് വില്‍പനയുണ്ടെന്ന് അവര്‍ക്ക് വിവരം ലഭിച്ചുവെന്നും പരിശോധനയ്ക്കെത്തിയതാണെന്നും അവര്‍ പറഞ്ഞു. എന്റെ ബാഗിലും വാഹനത്തിലുമാണ് മയക്കുമരുന്ന് എന്നാണ് വിവരം എന്നാണ് അവര്‍ പറഞ്ഞത്. ഞാനവരോട് പരിശോധിക്കാന്‍ പറയുകയും ചെയ്തു.
ബാഗിനുള്ളില്‍ അവര്‍ ഒരു തുള കണ്ടെത്തി. അപ്പോഴാണ് ബാഗിനുള്ളില്‍ അങ്ങനെ ഒരു തുള ഞാന്‍ കാണുന്നത് തന്നെ. അതിനുള്ളില്‍ നിന്നാണ് അവര്‍ പൊതി എടുക്കുന്നത്. സ്റ്റാമ്പാണെന്ന് പറഞ്ഞ് എന്നെ കാണിക്കുകയും ചെയ്തു. പിന്നീട് മകന വിളിച്ചു വരുത്തി കാറില്‍ നിന്നും ഒരു പാക്കറ്റ് കണ്ടെടുത്തു. ഞാന്‍ ഒരു സാധാരണ വീട്ടമ്മയാണ്. ചാലക്കുടി വിട്ട് അധികം പുറത്തു പോവാറില്ല. മയക്കു മരുന്ന് ഞാന്‍ കണ്ടിട്ടു പോലുമില്ല. എനിക്ക് ശത്രക്കളൊന്നുമില്ല. പക്ഷേ എനിക്ക് എന്റെ മരുമകളുടെ അനുജത്തിയെ സംശയമുണ്ട്. വ്യക്തിവൈര്യാഗത്തിന്റെ പേരില്‍ അവര്‍ ചെയ്തതാണോയെന്നാണ് സംശയം. എന്തിനാണ് എന്നെ കുടുക്കാന്‍ നോക്കിയതെന്ന് കണ്ടു പിടിക്കണം.
വിവരം നല്‍കിയ ആളെ കണ്ടുപിടിച്ചാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാകും. 72 ദിവസം ഞാന്‍ ജയിലില്‍ കിടന്നു. ആകെ വരുമാന മാര്‍ഗമായിരുന്ന പാര്‍ലര്‍ അടച്ചു. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. പിന്നെ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പ് എനിക്കുണ്ടെല്ലോ അതാണ് പിടിച്ചു നിര്‍ത്തിയത്. ഒരു മാസമായി എനിക്കെതിരെ പരാതി വന്നിട്ട് എന്ന് അവര്‍ പറഞ്ഞു. ഈ ഒരു മാസം എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല എന്നും ഷീല പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 27-നായിരുന്നു എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി ഷീലയെ എക്സൈസ് അറസ്റ്റു ചെയ്യുന്നത്. ഷീലയില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് കണ്ടെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമാകുന്നത്.
അങ്ങനെയാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്‌സൈസ് വകുപ്പ് തിരച്ചില്‍ തുടങ്ങി. എല്‍എസ്ഡി സ്റ്റാംപെന്നു തോന്നിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ ബാഗില്‍ ഒളിപ്പിച്ചശേഷം ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നേരിട്ടു ഫോണില്‍ വിളിച്ചു വിവരം നല്‍കിയിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇന്‍സ്‌പെക്ടര്‍ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറിപ്പോയെങ്കിലും അദ്ദേഹത്തില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അസി. കമ്മിഷണര്‍ അറിയിച്ചു.
ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്‌ക്കോടതികളില്‍ നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇപ്പോഴാണ് കോപ്പി കൈവശം കിട്ടിയത്. ബാഗില്‍നിന്നു 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 27നാണ് എക്‌സൈസ് ഷീലയെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ എക്‌സൈസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കുന്നതാണ് 'എല്‍എസ്ഡി ടെസ്റ്റ് നെഗറ്റീവ്' എന്ന റിപ്പോര്‍ട്ടോടെ കാക്കനാട് ലാബില്‍നിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ 3 ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.
തന്നെ വ്യാജ കേസില്‍ കുടുക്കിയവരെ കണ്ടെത്തണമെന്നും അടുത്ത ബന്ധുവിനെ സംശയമുണ്ടെന്നും തന്നെ പ്രതിസ്ഥാനത്തുനിന്നു നീക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ഷീല പറഞ്ഞു. എക്‌സൈസ് വകുപ്പിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നു ഷീലയുടെ അഭിഭാഷകന്‍ നിഫിന്‍ പി. കരീമും അറിയിച്ചു.
"
https://www.facebook.com/Malayalivartha



























