ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക, ബസില്‍ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍, മാതൃകാപരമായ പ്രവർത്തനം നടത്തിയ രോഗിയുടെ ജീവൻ രക്ഷിച്ച ഡോ. രാജേഷിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്...!

ഡോക്ടർമാരുടെ സേവന സന്നദ്ധതയെ പ്രകീർത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നൊരു മാതൃകാ പ്രവർത്തനം. ബസിൽ വച്ച് അപരിചിതനായ ഒരാൾ കുഴഞ്ഞ് വീണപ്പോൾ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകി തൃശൂർ ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ച് ജീവൻ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ.ആർ. രാജേഷ്.
മാതൃകാപരമായ പ്രവർത്തനം നടത്തി രോഗിയുടെ ജീവൻ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.ഡോ. രാജേഷ് ഇരിങ്ങാലക്കുടയിലുള്ള വീട്ടിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രാവിലെ വന്നത് സ്വകാര്യ ബസിലായിരുന്നു. ബസ് അശ്വിനി ഹോസ്പിറ്റൽ കഴിഞ്ഞപ്പോൾ ഒരാൾ ബസിൽ കുഴഞ്ഞുവീണു. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു. ഉടൻ തന്നെ ഡോ. രാജേഷ് മുന്നോട്ട് വന്ന് രോഗിയുടെ പൾസ് ഉൾപ്പെടെ പരിശോധിച്ചു. പരിശോധനയിൽ രോഗി കാർഡിയാക് അറസ്റ്റ് ആണെന്ന് മനസിലായി. ഉടൻ തന്നെ സിപിആർ നൽകി.
എത്രയും വേഗം രോഗിയെ തൊട്ടടുത്തുള്ള ജനറൽ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദേശം നൽകി. യാത്രക്കാരെ ഇറക്കി ഡോക്ടറോടൊപ്പം ഡ്രൈവറും, കണ്ടക്ടറും, രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവും ചേർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പൾസ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. യാത്രയിലുടനീളം ഡോക്ടർ സിപിആർ നൽകിക്കൊണ്ടിരുന്നു. ഡോക്ടർ തന്നെ അത്യാഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിച്ച് ഷോക്ക് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകി. ഡ്യൂട്ടി ആർഎംഒയും മറ്റ് ഡോക്ടർമാരും സഹായവുമായെത്തി.
രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. അപ്പോഴേക്കും രോഗിയ്ക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു. നില മെച്ചപ്പെട്ട ശേഷം ആംബുലൻസിൽ കയറ്റി ഡോക്ടർ തന്നെ രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെത്തിച്ച് കൂടുതൽ വിദഗ്ധ ചികിത്സ നൽകി. ചേർപ്പ് സ്വദേശി രഘുവിനാണ് (59) ഡോക്ടർ തുണയായത്.
മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്. കൃത്യസമയത്ത് സിപിആർ നൽകി ആശുപത്രിയിലെത്തിച്ചത് കാരണമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്. ഒപ്പം ബസ് ജീവനക്കാരുടെ പ്രവർത്തനവും മാതൃകാപരമാണ്. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. നിഷ എം. ദാസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























