ബിഷപ്പുമാര്‍ കലിപ്പില്‍ ബിജെപിക്ക് വോട്ടില്ല...തൃശൂരിലെ വോട്ടര്‍മാരില്‍ 40 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനത്തിന്റെ വോട്ടുകള്‍ സ്വന്തമാക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന തന്ത്രത്തിന് തിരച്ചടിയാവുകുമോ

മണിപ്പൂര്‍ കലാപം കേരളത്തില്‍ ബിജെപി കനത്ത ആഘാതത്തിന് കാരണമാകുന്നു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെയും പാലക്കാട്ട് മെട്രോ ശ്രീധരനെയും മത്സരിപ്പിച്ചു വിജയിപ്പിക്കാന്‍ ബിജെപി പതിനെട്ട് അടവുകളും പ്രയോഗിക്കുമ്പോഴാണ് മണിപ്പൂര്‍ കലാപത്തോടെ ക്രിസ്ത്യന്‍ അനുഭാവികള്‍ പാര്‍ട്ടിയോട് അകന്നുകൊണ്ടിരിക്കുന്നത്.
കോട്ടയത്തോ പത്തനംതിട്ടയിലോ അല്‍ഫോന്‍സ് കണ്ണന്താനത്തെ മത്സരിപ്പിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ബിജെപി നീക്കത്തിനും ഇതോടെ തിരിച്ചടിയായിരിക്കുന്നു. തൃശൂരിലെ വോട്ടര്‍മാരില്‍ 40 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനത്തിന്റെ വോട്ടുകള്‍ സ്വന്തമാക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന തന്ത്രത്തിന് തിരച്ചടിയാവുകയാണ്.
എറണാകുളം സീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ ഒരു ക്രൈസ്തവസ്ഥാനാര്‍ഥിയെ കളത്തിലിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ബിജെപിയുടെ അടുത്ത സാധ്യതയായ തിരുവനന്തപുരത്ത് 20 ശതമാനം ക്രൈസ്തവരുടെ വോട്ടുകള്‍ പാര്‍ട്ടിക്ക് എതിരാകുന്നതോടെ അവിടെയും സാധ്യത മങ്ങുന്നു.
നിലവില്‍ കേരളത്തിലെ ക്രൈസ്തവ ബിഷപ്പുമാരും സഭാ നേതാക്കളും സംഘടനകളും ഒന്നടങ്കം ബിജെപിയില്‍ നിന്ന് പൂര്‍ണമായി അകന്നു കഴിഞ്ഞിരിക്കുന്നു. കത്തോലിക്കരും പ്രോട്ടസ്റ്റന്റുമാരായ ക്രൈസ്തവ വിഭാഗങ്ങളുമാണ് മണിപ്പൂരിലെ ജനസംഖ്യയില്‍ വലിയൊരു സമൂഹം. അവിടെ കുക്കി വിഭാഗക്കാരായ ക്രൈസ്തവരെ മെയ്‌തെയ് വിഭാഗം ഹൈന്ദവര്‍ തെരഞ്ഞെുപിടിച്ച് കൊലചെയ്യുകയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് അടിച്ചോടിക്കുകയും ചെയ്യുന്നു എന്നതാണ് നിലിവിലെ സാഹചര്യം. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബീരാന്‍സിംഗിന്റെ പിന്തുണ അക്രമത്തിനുണ്ടെന്നും അദ്ദേഹം കലാപം അടിച്ചമര്‍ത്തുന്നില്ലെന്നുമാണ് പരാതി.
മാത്രമല്ല കലാപം അടിച്ചമര്‍ത്തേണ്ട പട്ടാളവും പോലീസും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു എന്നും ക്രൈസ്തവര്‍ ആരോപിക്കുന്നു. 150 ക്രൈസ്തവ കുക്കി വിഭാഗക്കാരെ കൊലപ്പെടുത്തുകയും അര ലക്ഷത്തിലേറെപ്പേരെ സ്വന്തം വീടുകളില്‍നിന്ന് മെയ്‌തെയ് ആയുധധാരികള്‍ തല്ലിയോടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിസംഗത പുലര്‍ത്തുന്നു എന്നതില്‍ കേരളത്തിലെ ക്രൈസ്തവ സഭാനേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ആഗോള കത്തോലിക്കാ സഭയിലെതന്നെ അറിയപ്പെടുന്ന കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരിയും ബസേലിയോസ് ക്ലീമിസ് ബാവയും പരസ്യമായി ബിജെപിയുടെ നിസംഗതയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെത്തിയ അമിത് ഷായെ ക്രൈസ്തവ ബിഷപ്പുമാര്‍ കഴിഞ്ഞ മാസം നേരില്‍ കണ്ട് മണിപ്പൂരിലെ ക്രൈസ്തവവേട്ട അമര്‍ച്ച ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്തും മണിപ്പൂരിലെ കലാപത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയിലെ മെത്രാന്‍മാരുടെ യോഗത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന് ശക്തമായ സ്വാധീനമുള്ള തൃശൂരില്‍ സുരേഷ് ഗോപിയെന്നല്ല ആര് ബിജെപിയുടെ സ്ഥാനാര്‍ഥിയായി വന്നാലും ക്രൈസ്തവര്‍ മുഖം തിരിഞ്ഞുനില്‍ക്കാനേ സാധ്യതയുള്ളു. മണിപ്പൂരിലെ കൂട്ടക്കൊല രണ്ടു മാസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷസുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ബിഷപ്പുമാര്‍ പ്രസ്താവനയിറക്കിയിരുന്നു.
കേരളത്തിലെ മുസ്ലീം വോട്ടുകളില്‍ ഒരു ശതമാനം പോലും ബിജെപിക്ക് ലഭിക്കില്ലെന്ന് ബിജെപിക്ക് വ്യക്തമായ ധാരണയുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുസ്ലീം വോട്ടര്‍മാര്‍ ബിജെപിയുടെ ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടെ നീക്കത്തില്‍ കടുത്ത പ്രതിഷേധത്തിലുമാണ്. അതേ സമയം കേരളത്തിലെ സിറിയന്‍ ക്രൈസ്തവരുടെ വോട്ടുകളില്‍ അഞ്ചു ശതമാനം പെട്ടിയിലാക്കാനായാല്‍ സമീപഭാവിയില്‍ ആദ്യം നിയമസഭയിലും അടുത്ത ഘട്ടമായി ലോക്‌സഭയിലും അക്കൗണ്ട് തുറക്കാം എന്നതായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ക്രിസ്മസിനും ഈസ്റ്ററിനും മെത്രാന്‍മന്ദിരങ്ങളില്‍ കേക്കും മിഠായുമായി കടന്നുചെന്ന് അവരുടെ ആശിര്‍വാദവും അനുഗ്രഹവും തേടിയിരുന്നു. ചില നേതാക്കള്‍ ബൈബിളും കൊന്തയുമൊക്കെ ചോദിച്ചുവാങ്ങി മെത്രാന്‍മാരെ വശീകരിക്കാനും താല്‍പര്യം കാണിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് തലശേരി ആര്‍ച്ച് ബിഷപ് റബര്‍ ഷീറ്റിന് 300 രൂപ വില കിട്ടിയാല്‍ ബിജെപിയെ തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന ധ്വനിയില്‍ പ്രസ്താവന ഇറക്കിയത്. കടുത്ത വിവാദത്തിനും ആക്ഷേപത്തിനും ഈ പ്രസ്താവന ഇടയാക്കിയിരുന്നു.
കേരളത്തിലെ ദളിത് ക്രൈസ്തവരില്‍ ഏറിയ സമൂഹവും സിപിഎം ഇടതുപക്ഷ അനുഭാവമുള്ളവരാണെന്നും പ്രോട്ടസ്റ്റന്റ് സഭാ വോട്ടുകള്‍ ഇടതോട്ടു ചെരിയുന്നതിനാല്‍ സവര്‍ണ സിറിയന്‍ വോട്ടുകളില്‍ ശ്രദ്ധവയ്ക്കാനായിരുന്നു ബിജെപിയുടെ നീക്കം.
മണിപ്പൂര്‍ കലാപത്തിനു മുന്‍പു തന്നെ ബിജെപിയോട് ക്രൈസ്തവ സഭാനേതൃത്വം വ്യക്തമായ അകല്‍ച്ച പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ചകര്‍ണാടത്തിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളും ബിജെപി അനുബന്ധ വര്‍ഗീയ സംഘടനകള്‍ അടിച്ചു തകര്‍ക്കുകയും ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ഉറക്കം നടിച്ചുവെന്നായിരുന്നു ക്രൈസ്തവരുടെ ആക്ഷേപം.
നിലവില്‍ മണിപ്പൂരിലെ കലാപത്തില്‍ അവിടത്തെ ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം അഭയാര്‍ഥി ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു. ഈ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ എത്തിക്കുന്നതിലും സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവര്‍ക്ക് നിര്‍ണായക സാന്നിധ്യമുള്ള സംസ്ഥാനങ്ങളാണ് വടക്കു കിഴക്കന്‍മേഖലയിലെ മണിപ്പൂരും മിസോറാമും നാഗാലാന്‍ഡും അരുണാചല്‍പ്രദേശും മേഘാലയവും തൃപുരയും.
സിപിഎമ്മില്‍നിന്ന് ബിജെപി ഭരണം പിടിച്ചെടുത്ത സംസ്ഥാനമാണ് ത്രിപുര. ഇവിടത്തെ അഞ്ചു ശതമാനം വരുന്ന ക്രൈസ്തവര്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തിപ്പോരുന്നവരുമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസന്നഭാവിയില്‍ ബിജെപിക്ക് കേരളത്തിലെന്ന പോലെ തിരിച്ചടി ഉറപ്പാണ്.
കര്‍ണാടകത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും പൂര്‍ണമായി ബിജെപിയെ തള്ളി കോണ്‍ഗ്രസിനെ പിന്തുണച്ചതാണ് നിലയസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ പ്രതിഫലിച്ചത്.
കേരളത്തിലെ ക്രൈസ്തവ ബിജെപി നേതാക്കള്‍ മണിപ്പൂര്‍ കലാപത്തില്‍ നിശബ്ദരാണെന്നതും മറ്റൊരു വസ്തുത. അല്‍ഫോന്‍സ് കണ്ണന്താനം, ജോര്‍ജ് കുര്യന്‍ തുടങ്ങിയ ഒരു നേതാക്കളും മണിപ്പൂര്‍ വിഷയത്തില്‍ യാതൊരു പ്രതികരണത്തിനും തയാറാകുന്നില്ല. അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്ന എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും തയാറാകുന്നില്ല.
മണിപ്പൂര്‍ കലാപത്തോടെ കേരളത്തില്‍ ബിജെപി നേതാക്കളുടെ അരമന സന്ദര്‍ശനവും ക്രൈസ്തവ പ്രീണനനീക്കവും നിലച്ചുപോവുകയും ചെയ്തു.
https://www.facebook.com/Malayalivartha



























