ഗഞ്ചറാണിയെയും സഹായിയെയും കേരള പോലീസ് പൊക്കി...

ഗഞ്ചറാണിയും സഹായിയും തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായി. ഒഡിഷയില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷിയും കേരളത്തിലുള്‍പ്പെടെ വന്‍തോതില്‍ വില്പനയും നടത്തിവരുകയായിരുന്നു ഇവര്‍. ഒഡിഷയിലെ ഗജപതി ജില്ലയിലെ അഡബ ചുഡാംഗ്ലൂര്‍ സ്വദേശിനി നമിത പരീച്ചയും (32) ഇവരുടെ വലംകൈയായിരുന്ന അഡബ അന്റര്‍ബഗാവ് സ്വദേശി അരുണ്‍ നായിക്കുമാണ് അറസ്റ്റിലായത്.
വന്‍ മാവോയിസ്റ്റ് സംഘങ്ങളുടെ സഹായത്തോടെയാണ് കഞ്ചാവ് കൃഷി. കേന്ദ്രസേനയുടെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാവോയിസ്റ്റുകള്‍ കുറഞ്ഞെങ്കിലും കാടുകളാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങളില്‍ കഞ്ചാവ് വ്യാപകമാണ്. ബര്‍ഹാംപൂരിലുള്ള ദേശീയപാതയില്‍ കഞ്ചാവെത്തിച്ചു നല്‍കിയ അരുണ്‍ നായിക്കിനെയാണ് ആദ്യം പിടികൂടിയത്. അയാളുടെ സഹായത്തോടെ ചുഡാംഗ്പൂര്‍ ഗ്രാമത്തില്‍ നമിതയെ കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം നെടുപുഴ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി.ദീലീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ചിയ്യാരത്ത് നിന്ന് 221 കിലോ കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേഷം മാറി 10 ദിവസത്തോളം ഒഡീഷയില്‍ തങ്ങി ഇവരെ നിരീക്ഷിച്ച വരികയായിരുന്നു പൊലീസ്. വനമേഖലയാല്‍ ചുറ്റപ്പെട്ട അഡബ ഗ്രാമത്തിലെ കഞ്ചാവുകൃഷിയും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇവരെ മുന്‍പ് ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സായുധരായ അനുയായികള്‍ സ്‌റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ചിരുന്നു. അതിനാല്‍ ഒഡീഷ കേഡറിലെ മലയാളി ഐ.പി.എസ് ഓഫിസര്‍ സ്വാതി എസ്.കുമാറിന്റെ സഹായത്തോടെ രണ്ട് സ്‌റ്റേഷനുകളിലെ മുഴുവന്‍ സേനയുടെയും കാവലിലായിരുന്നു അറസ്റ്റ്. അതിവേഗം പ്രതികളെ കേരളത്തിലേക്ക് മാറ്റുകയും ചെയ്തു.
മേയ് അഞ്ചിനാണ് 221 കിലോ കഞ്ചാവ്, കാറില്‍ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പൊലീസും തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ വിഭാഗവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലു പ്രതികളില്‍ നിന്നാണ് 'ഗഞ്ചറാണി'യും സംഘവുമാണ് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നല്‍കുന്നത് എന്ന് പൊലീസ് മനസിലാക്കി. കഴിഞ്ഞമാസം 14ന് കഞ്ചാവ് വിറ്റ പണം വാങ്ങാനായി കേരളത്തിലേക്ക് വരികയായിരുന്ന നമിതയുടെ ഭര്‍ത്താവും ഇടനിലക്കാരനുമായ എറണാകുളം നെല്ലിമറ്റം സ്വദേശി സാജനെ പാലക്കാട്ട് നിന്ന് പിടികൂടിയിരുന്നു. 20 കൊല്ലമായി ഒഡിഷയിലായിരുന്ന സാജന്‍ അപൂര്‍വമായാണ് കേരളത്തിലേക്ക് വന്നിരുന്നത്.
https://www.facebook.com/Malayalivartha



























