ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... ജനങ്ങളെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന പ്രിയ നേതാവിന് കടലോളം തിരികെ നല്‍കി കേരള ജനത; മറ്റൊരു നേതാവിനും ലഭിക്കാത്ത ആദരവ്; പുതുപ്പള്ളി നിറഞ്ഞ് കവിഞ്ഞ് ജന സാഗരം; ഉമ്മന്‍ചാണ്ടിക്ക് പകരം മറ്റാരുമില്ല

ഉമ്മന്‍ചാണ്ടി നിത്യവിശ്രമത്തിലാണ്. ജനസാഗരത്തെ സാക്ഷിയാക്കി ആ ജീവിതത്തിന് വിട. എല്ലാ വഴികളും നിറഞ്ഞ് ഒഴുകി. സംസ്‌കാര ശുശ്രൂഷ വിലാപയാത്രയായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക്. പള്ളിമുറ്റത്തെ പന്തലില്‍ പൊതുദര്‍ശനത്തിനു ശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷ. രാത്രി 12 മണിയോടെ ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ പ്രത്യേക കല്ലറയില്‍ കബറടക്കം.
കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ പുതുപ്പള്ളിയുടെ പ്രിയ നേതാവ് മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യര്‍ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേര്‍ന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുകയും ശ്വസിക്കുകയും ചെയ്ത, ഏതു കൂരിരുട്ടിലും അവരുടെ ആശ്രയകേന്ദ്രമായ നേതാവ് ആദ്യമായി ഒറ്റയ്‌ക്കൊരു യാത്ര പോയി. 'ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മന്‍ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...' എന്നാര്‍ത്തിരമ്പിയ ജനസഹസ്രങ്ങളെ തനിച്ചാക്കിയ നാടിന്റെ നാഥനു പ്രിയരുടെ യാത്രാമൊഴി.
ഉമ്മന്‍ ചാണ്ടി, അങ്ങയുടെ വേര്‍പാടില്‍ ഞങ്ങള്‍ അനാഥരായല്ലോ എന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ ആള്‍ക്കടല്‍ കുഞ്ഞൂഞ്ഞിനോടു പരിഭവപ്പെട്ടു. പുതുപ്പള്ളിയുടെ മുകളില്‍ സങ്കടക്കാര്‍മേഘങ്ങള്‍ മൂടിനിന്നു. അത്ര പെട്ടെന്നൊന്നും ഞങ്ങളെ വിട്ടുപോകാനാകില്ലെന്ന് ജനം വിലപിച്ചു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് സാക്ഷാല്‍ പുതുപ്പള്ളിയിലേക്ക് അതിവേഗമില്ലാതെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വരവ്. നിശ്ചയിച്ചതിനേക്കാളും മണിക്കൂറുകള്‍ വൈകി, കണക്കില്ലാത്തത്ര മനുഷ്യരോടു യാത്ര ചോദിച്ച്, അവസാനത്തെ ജനസമ്പര്‍ക്കവും പൂര്‍ത്തിയാക്കിയാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ കരോട്ടു വള്ളക്കാലില്‍ വീട്ടിലെത്തിയത്.
ബുധന്‍ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള ഇറക്കം. അപ്പോള്‍ വീട്ടിലുയര്‍ന്ന കൂട്ടക്കരച്ചില്‍ തിരുവനന്തപുരവും കടന്ന് കേരളമാകെ അലയടിച്ചു. പുതുപ്പള്ളി ഹൗസില്‍നിന്ന് 'ഉമ്മന്‍ ചാണ്ടി' ഇറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞ ഭാര്യ മറിയാമ്മയ്ക്കും മക്കള്‍ മറിയത്തിനും അച്ചുവിനും ചാണ്ടിക്കുമൊപ്പം വീടു നിറഞ്ഞുനിന്നവരും വിതുമ്പി. കരച്ചിലിനെക്കാള്‍ ഉച്ചത്തില്‍ അണികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
അതിവേഗം ബഹുദൂരം സഞ്ചരിച്ചിരുന്ന കുഞ്ഞൂഞ്ഞ് ഇക്കുറി തിരുവനന്തപുരത്തുനിന്നു കോട്ടയത്തെത്താന്‍ പതിവിലേറെ സമയമെടുത്ത് മൃദുവേഗത്തിലായിരുന്നു യാത്ര. പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസില്‍ തിരക്കുകളൊന്നുമില്ലാതെ ഉമ്മന്‍ ചാണ്ടി ശാന്തമായി കണ്ണടച്ചു കിടന്നു. വിലാപയാത്ര നിര്‍ത്തുന്ന ഓരോ കേന്ദ്രത്തിലും ആളുകള്‍ ബസിലേക്കു കയറാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും ഉമ്മന്‍ ചാണ്ടിയെ അടുത്തു കാണണം, തൊടണം. ജനക്കൂട്ടത്തെ കണ്ട് അമ്പരന്നും അവരെ നിയന്ത്രിക്കാന്‍ പാടുപെട്ടും നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ കൂടെ നിന്നു. വിശ്രമിച്ചാല്‍ ക്ഷീണിക്കുമെന്ന് വിശ്വസിച്ച്, ആറു പതിറ്റാണ്ടോളം അഹോരാത്രം നാടിനും നാട്ടുകാര്‍ക്കുമായി ജീവിച്ച നേതാവിന് അനുനിമിഷം ലഭിച്ചത് അതിവൈകാരിക യാത്രയയപ്പ്.
29 മണിക്കൂറോളം സമയമെടുത്താണു തിരുനക്കര മൈതാനിയിലേക്ക് ഉമ്മന്‍ ചാണ്ടി നിശ്ശബ്ദമായി കടന്നുവന്നത്. പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. രാഷ്ട്രീയ ആചാര്യന്മാരായിരുന്ന പി.ടി. ചാക്കോയ്ക്കും കെ.എം. മാണിക്കും നല്‍കിയതുപോലെ സ്‌നേഹവായ്പായിരുന്നു കുഞ്ഞൂഞ്ഞിനും തിരുനക്കര നല്‍കിയത്. നേതാക്കളും അണികളും പ്രമുഖ വ്യക്തികളും ഉമ്മന്‍ചാണ്ടിയെ കാണാനൊഴുകിയെത്തി. കൈക്കുഞ്ഞുങ്ങളും വയോധികരും പ്രിയ കുഞ്ഞൂഞ്ഞിനെ കണ്ട് യാത്ര ചൊല്ലി. വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി.
ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നിലെ മതിലില്‍ സ്ഥാപിച്ച ആദരാഞ്ജലി ബോര്‍ഡ് ജനാവലിയുടെ മനസ്സിന്റെ കണ്ണാടിയായി. ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം, പുതുപ്പള്ളി കവലയ്ക്കു സമീപം നിര്‍മിക്കുന്ന പുതിയ വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തി. പണിപൂര്‍ത്തിയാകാത്ത ആ വീടിനു മുന്നിലെ പ്രത്യേക പന്തലില്‍ ഉമ്മന്‍ ചാണ്ടി അനക്കമറ്റ് കിടന്നു. അവസാനം പുതുപ്പള്ളി പള്ളിയില്‍ അന്ത്യ വിശ്രമം.
https://www.facebook.com/Malayalivartha


























