വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ യുവാക്കള്‍ കണ്ടത് പുഴയില്‍ കാര്‍ മുങ്ങിയ നിലയില്‍....സമയോചിത ഇടപെടലില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു

വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ യുവാക്കള്‍ കണ്ടത് പുഴയില്‍ കാര്‍ മുങ്ങിയ നിലയില്‍....സമയോചിത ഇടപെടലില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു.
ചൊവ്വര ജങ്കാര്‍ പുഴക്കടവില്‍ വലിയൊരു ശബ്ദം കേട്ടാണ് സ്‌കൂള്‍ വിദ്യാര്‍ഥി ജോസഫ് പ്രദീപും നാട്ടുകാരനായ എബിന്‍ ജോയിയും ഓടിയെത്തിയത്. എടനാട് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ജോസഫ് പ്രദീപ്. എബിന്‍ ജോയി കളമശ്ശേരിയില്‍ ജോലി ചെയ്യുകയാണ്.
പുഴയില്‍ ചെളി നിറഞ്ഞ ഭാഗത്ത് മുക്കാലും മുങ്ങിയ നിലയിലുള്ള കാറാണ് ഇരുവരും കണ്ടത്.പണ്ട് ജങ്കാര്‍ പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തെ ആഴമുള്ളിടത്താണ് കാര്‍. നിറയെ ചെളിയും നല്ല ഒഴുക്കുമുള്ള സ്ഥലം. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല, നീന്തല്‍ അറിയാവുന്ന ധൈര്യത്തില്‍ രണ്ടു പേരും കാറിനടുത്തേക്കെത്തി. ഡോര്‍ തുറന്ന് കാറിലുണ്ടായിരുന്ന മൂന്നുപേരെയും കരയ്ക്കെത്തിച്ചു. മൂവരെയും പുറത്തുകടത്തിയ ഉടനെ കാര്‍ പൂര്‍ണമായും മുങ്ങി.
ബുധനാഴ്ച രാത്രി പത്തോടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. രണ്ട് യുവാക്കളും ഒരു യുവതിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരായ ഇവര്‍ കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.
ചൊവ്വര ജങ്കാറിന്റെ തൊട്ടടുത്ത കടവില്‍ സംസാരിച്ചിരിക്കുമ്പോഴാണ് വലിയൊരു ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ജോസഫ് പ്രദീപും എബിനും ഓടിയെത്തിയത്.കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ കൊണ്ടുവന്ന് പുഴയില്‍നിന്നു പൊക്കിയെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























