ഉമ്മന്‍ചാണ്ടി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വന്തം പാര്‍ട്ടിയുമായാണ് അദ്ദേഹം കൂടുതലും കലഹിച്ചതും സ്‌നേഹിച്ചതും....വി.എസ് അച്യുതാനന്ദനും അങ്ങനെയായിരുന്നു....കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും രാഷ്ട്രീയഭേദമന്യേ വി.എസിന് സ്വീകാര്യതയുണ്ട്....

ജീവിച്ചിരുന്ന കാലത്ത് സി.പി.എമ്മുമായി ഒരിക്കലും ഏറ്റുമുട്ടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. സ്വന്തം പാര്‍ട്ടിയുമായാണ് അദ്ദേഹം കൂടുതലും കലഹിച്ചതും സ്‌നേഹിച്ചതും. ഉയര്‍ത്തിക്കൊണ്ടു വരേണ്ടവര്‍ക്ക് കൈ കൊടുക്കുകയും താഴെയിടേണ്ടവരോട് യാതൊരു ദാക്ഷ്യണ്യവും കാണിക്കാതിരിക്കുകയും ചെയ്തു. അങ്ങനെ കൊണ്ടുംകൊടുത്തും മുന്നേറുന്നതിനിടെ അദ്ദേഹം ജനങ്ങളെ മറന്നില്ല. ഏത് ചെറിയ കാര്യമാണെങ്കിലും നല്ലൊരു സഹൃദയനെ പോലെ കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തു. അന്തരിച്ച സി.പി.എം നേതാവ് ഇ.കെ നായനാരും ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു. അദ്ദേഹത്തിന് ജനങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. വി.എസ് അച്യുതാനന്ദനും അങ്ങനെയായിരുന്നു. കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും രാഷ്ട്രീയഭേദമന്യേ വി.എസിന് സ്വീകാര്യതയുണ്ട്. ജനകീയ വിഷയങ്ങളിലുള്ള വി.എസിന്റെ സമീപനമാണ് അദ്ദേഹത്തെ ജനനായകനാക്കിയത്. 2006ല്‍ അദ്ദേഹത്തെ മത്സരിപ്പിക്കാതിരിക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചിട്ടും അതിനെ എതിര്‍ത്ത് ജനം തെരുവിലിറങ്ങളിയതും പാര്‍ട്ടി അതിന് വഴങ്ങിയതും.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം എന്ന ബോധം ഇവര്‍ക്കെല്ലാം അറിയാമായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പല സി.പി.എം നേതാക്കളുടെയും ശൈലി അരോചകമായി മാറിയിരിക്കുകയാണ്. അധികാരം തലയ്ക്ക് പിടിച്ചവരെ പോലെയാണ് കുട്ടി സഖാക്കള്‍ മുതല്‍ മുതിര്‍ന്ന ചില നേതാക്കള്‍ വരെ പൊതുജനമധ്യത്തില്‍ പെരുമാറുന്നത്. മാധ്യമപ്രവര്‍ത്തകരോടും പ്രതിപക്ഷ നേതാക്കളോടും അസഹിഷ്ണുതയാണ് കാട്ടുന്നത്. ഇതെല്ലാം സി.പി.എമ്മിനെ പൊതുജനങ്ങളില്‍ നിന്ന് അകറ്റാന്‍ മാത്രമാണ് ഉപകരിക്കുക.പാര്‍ട്ടി അടുത്തകാലത്ത് നിരന്തരമായി ഏറ്റുവാങ്ങുന്ന തിരിച്ചടികള്‍ തന്നെ ഇതിന്റെ നേര്‍ക്കാഴ്ചയാണ്. ഉമ്മന്‍ചാണ്ടിയുടെ മരണം പോലും സി.പി.എമ്മിനെതിരെ ആയുധമാക്കാനാണ് മാധ്യമങ്ങള്‍ ഉപയോഗിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. കാരണം നേതാക്കളുടെ പ്രവര്‍ത്തനവും പെരുമാറ്റവും എങ്ങനെയാവണമെന്ന് ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നാണ് സര്‍വ്വ ചാനലുകളും പൊതുജനങ്ങളും ആവര്‍ത്തിച്ച് പറയുന്നത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് വാര്‍ത്താസമ്മേളനം വിളിച്ച്, ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പി രസിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ജസ്റ്റിസ് ശിവരാജന്‍ എങ്ങനെയാണ് ആ കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ അന്നേ അറിയാമായിരുന്നിട്ടും ഉമ്മന്‍ചാണ്ടി സി.പി.എമ്മിനെതിരെയൊ, മുഖ്യമന്ത്രി പിണറായി വിജയനെതിരെയോ ഒരക്ഷരം പറഞ്ഞില്ല.
കാരണം താന്‍ തെറ്റുകാരനല്ലെന്ന് കാലം തെളിയിക്കുമെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു. മരണം ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി. മരണ ശേഷം അദ്ദേഹത്തെ കാണാനായി, മഴയും വെയിലും രാവും പകലും മറന്ന് നിന്ന ജനക്കൂട്ടത്തിന്റെ സ്‌നേഹം അതാണ് വിളിച്ച് പറഞ്ഞത്. ഭരണാധികാരിയായ താന്‍ വെറും ജനസേവകന്‍ മാത്രമാണെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്ക് എപ്പോഴുമുണ്ടായിരുന്നു. ഏതൊരു വിഷയത്തിന്റെയും മാനുഷികവിഷയമാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. തന്നെ കല്ലെറിഞ്ഞവര്‍ക്കും മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്ന മനോരോഗിക്കും സുരക്ഷാ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കും മാപ്പ് നല്‍കിയത് അതുകൊണ്ടാണ്. അല്ലാതെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്നവരെ തടുകയോ, മരണവീട്ടിലെ കരിങ്കൊടി അഴിപ്പിക്കുകയോ ചെയ്ത ചരിത്രം ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തുണ്ടായിട്ടില്ല.
വിമാനയാത്രകളില്‍ ഇക്കോണമി ക്ലാസില്‍ മാത്രമേ ഉമ്മന്‍ചാണ്ടി യാത്ര ചെയ്തിരുന്നുള്ളൂ. ഉദ്യോഗസ്ഥരോട് ബിസിനസ് ക്ലാസില്‍ സഞ്ചരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അല്ലാതെ ഭാര്യയേയും പരിവാരങ്ങളേയും കൂട്ടി വിദേശത്ത് കറങ്ങുന്ന പരിപാടിയില്ലായിരുന്നു. കൊല്ലങ്ങളോളം പൊടി തട്ടിക്കിടന്ന വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുത്തത് ഉമ്മന്‍ചാണ്ടിയായിരുന്നു. അദാനിക്ക് കരാര്‍ കൊടുക്കുന്നതിനെ കെ.പി.സി.സി.യും എ.ഐ.സി.സിയും സി.പി.എമ്മും എതിര്‍ത്തിരുന്നു. ഉമ്മന്‍ചാണ്ടി ഡെല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും കണ്ട് കാര്യം ബോധ്യപ്പെടുത്തി. അങ്ങനെ അടുത്തകൊല്ലം ആദ്യം വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോള്‍ ശില്‍പിയായ ഉമ്മന്‍ചാണ്ടിയില്ല. പകരം കരാറിനെ എതിര്‍ത്ത സി.പി.എമ്മിന്റെ മുഖ്യമന്ത്രിയായിരിക്കും ഒരു പക്ഷെ സ്വീകരിക്കുക. കണ്ണൂര്‍ വിമാനത്താവളവും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുടങ്ങിയതാണ്. കൊച്ചി മെട്രോ പിണറായി വിജയന്റെ കാലത്താണ് ഉദ്ഘാടനം ചെയ്തതെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി തന്നെ. കൊച്ചി മെട്രോയ്ക്കായി ഇ.ശ്രീധരനെ വിട്ട് തരില്ലെന്ന് അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വാശിപിടിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നേരെ ഡെല്‍ഹിക്ക് പറന്നു. ഷീലാ ദീക്ഷിത്തിനെ കണ്ട് അനുനയിപ്പിച്ചു. അങ്ങനെ വികസനത്തിന് ഏതറ്റം വരെയും പോകുമായിരുന്നു.
ഉമ്മന്‍ചാണ്ടി 2016ലാണ് അധികാരമൊഴിയുന്നത്. പിന്നീട് വന്ന സര്‍ക്കാര്‍ എല്ലാം ശെര്യാക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയത്. പക്ഷെ, സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്വതന്ത്ര്യമായി പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ചുറ്റും പോലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഇരുമ്പുമറയ്ക്കുള്ളിലെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ പോലും തയ്യാറാകുന്നില്ല. നാല് മാസത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാനാണ് എന്നതും കൗതുകമാണ്. എല്ലാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ആകാനാകില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ശൈലിയുണ്ട്. പക്ഷെ, അതിലും ജനകീയ മുഖം കൊണ്ടുവരാനാകും. ഇ.കെ നായനാരെ പോലെ, കോടിയേരി ബാലകൃഷ്ണനെ പോലെ ചിരിച്ചുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ പല സി.പി.എം നേതാക്കളും ജനങ്ങളെ വെറുപ്പിക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. മുതലപ്പൊഴിയിലെ ദുരന്തം കൈകാര്യം ചെയ്തപ്പോഴും അതുണ്ടായി. അവസാനം കേന്ദ്രസംഘം എത്തുമെന്നറിഞ്ഞപ്പോഴാണ് ഫിഷറീസ് മന്ത്രി മരിച്ചവരുടെ വീടുകളിലെത്തിയത്. അത് കുറച്ച് നേരത്തെ ആകാമായിരുന്നു. അതുപോലെ അവിടുത്തെ അപകടമരണങ്ങള്‍ ഒഴിവാക്കാനുള്ള ശാശ്വതപരിഹാരവും കാണാമായിരുന്നു. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ട്, അവരുടെ അത്യാവശ്യങ്ങള്‍ക്ക് പോലും ഭരണാധികാരികള്‍ നടപടിയെടുത്തില്ലെങ്കില്‍ പിന്നെ എന്ത് പറയാന്‍. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ മരണം സി.പി.എമ്മിനൊരു തിരിച്ചറിവാകണം. ഇനിയെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തയ്യാറാവണം. വോട്ട് ലക്ഷ്യമിട്ട് ഏക സിവില്‍കോഡ് സെമിനാറ് നടത്തിയത് പോലാകരുത്, തോറ്റമ്പി ഓടേണ്ടിവരും.
https://www.facebook.com/Malayalivartha


























