തീ തിന്നുകയായിരുന്നു... ഉമ്മന്‍ചാണ്ടിക്ക് ശബ്ദം നഷ്ടമായത്, ഒട്ടും താങ്ങാന്‍ കഴിയില്ലായിരുന്നുവെന്ന് മകന്‍ ചാണ്ടി ഉമ്മന്‍; നാലുമാസമായി അപ്പയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല; സോളാര്‍ വിധിവന്ന ദിവസം വാര്‍ത്തയിലെ വരികളില്‍ അദ്ദേഹം വിരല്‍ചൂണ്ടി

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് കുടുംബത്തേയും ജനങ്ങളേയും തളര്‍ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസാന നാളുകള്‍ ഓര്‍ത്തെടുത്ത് മകന്‍ ചാണ്ടി ഉമ്മന്‍. ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയിലൂടെ ശബ്ദം നല്‍കിയ ഉമ്മന്‍ചാണ്ടിക്ക് ശബ്ദം നഷ്ടമായത്, ഒട്ടും താങ്ങാന്‍ കഴിയില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നാലുമാസമായി അപ്പയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബ്ദം നിലച്ചതോടെ എഴുത്തായിരുന്നു അപ്പയ്ക്ക് ആശ്രയം. അപ്പോഴും പതിവുകള്‍ മുടക്കിയില്ല. അതിരാവിലെ പത്രങ്ങള്‍ വായിക്കും. കാര്യങ്ങള്‍ വിലയിരുത്തും.
എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെങ്കില്‍ പത്രത്തില്‍ കാണിച്ചുതരും. സോളാര്‍വിധിവന്ന ദിവസം വാര്‍ത്തയിലെ വരികളില്‍ അദ്ദേഹം വിരല്‍ചൂണ്ടി. താന്‍ പറഞ്ഞത് സത്യമായിരുന്നെന്ന് കാലവും നീതിപീഠവും സാക്ഷ്യം പറയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത് സത്യമായതിന്റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ല. ആരോടും പരിഭവിച്ചിട്ടില്ല. ജനങ്ങളോട് അദ്ദേഹം കാണിച്ച പരിഗണനയും സ്‌നേഹവും കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടുകാണാനായി. നല്‍കിയ സ്‌നേഹം പലിശസഹിതം തിരിച്ചുകിട്ടി.
സംസാരിക്കാന്‍ പറ്റുമ്പോള്‍ അവസാനം പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ചാണ്. പക്ഷേ, ഒന്നിലും അദ്ദേഹത്തിന്റെതായ ഒരു ആഗ്രഹമോ അഭിപ്രായമോ പറഞ്ഞില്ല. മനസ്സിലുണ്ടായിരുന്ന ഒരു സ്വപ്നം പുതുപ്പള്ളിയിലെ സ്വന്തം വീട് എന്നതായിരുന്നെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയാണ് അതിന്റെ പണി തുടങ്ങിവെച്ചത്.
10 മാസമായി രോഗം പ്രയാസപ്പെടുത്തിയിരുന്നു. നാലുമാസമായി സ്ഥിതി മോശമായി. ഇടയ്ക്ക് തൂക്കം കാര്യമായി കുറഞ്ഞു. പിന്നെ മെച്ചപ്പെട്ടു. ഇഷ്ടമുള്ള ഭക്ഷണം കഞ്ഞിയും പയറുമാണെന്ന് പലരും പറയും. പക്ഷേ, അതും അദ്ദേഹം പറഞ്ഞുകേട്ടിട്ടില്ല. ഭക്ഷണം കാര്യമായി കഴിക്കാറില്ലെന്നതാണ് സത്യം. കുടല്‍ വല്ലാതെ ചുരുങ്ങിയിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ, അതൊന്നും അദ്ദേഹത്തെ ബാധിച്ചതായി തോന്നിയിട്ടില്ല.
കരോട്ടുവള്ളക്കാലില്‍ അധികസമയം മൃതദേഹം വെച്ചിട്ടില്ലെന്നത് സത്യമാണ്. പലര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. അവരോട് ക്ഷമ ചോദിക്കുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണത്തിലാണ് സമയക്രമം മാറ്റിയത്. മാത്രമല്ല, രാഹുലിനെ അപ്പ പണിയാന്‍ ഉദ്ദേശിച്ച വീട് കാണിക്കണമെന്നും ആഗ്രഹിച്ചു. അവിടെയും പോയശേഷമാണ് രാഹുല്‍ ഗാന്ധി പള്ളിയിലേക്ക് വന്നത്.
പുതുപ്പള്ളിയുടെ പിന്‍ഗാമി ആരായിരിക്കുമെന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി, അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടതെന്നും പാര്‍ട്ടി നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
നടന്‍ വിനായകന്‍, ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ, അതിന് കേസ് വേണ്ടെന്നാണ് അഭിപ്രായം. ഉമ്മന്‍ചാണ്ടിയും ഇത്തരം കാര്യങ്ങളില്‍ ഇതേ നിലപാടേ സ്വീകരിക്കുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവ് വന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് കളത്തിലിറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അച്ചു ഉമ്മനും സാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പ് വൈകാനിടയില്ലെന്ന് വിലയിരുത്തുന്ന സിപിഎമ്മിന്റെ ആദ്യപരിഗണനയില്‍ ജെയ്ക്ക് സി തോമസാണുള്ളത്.
"
https://www.facebook.com/Malayalivartha


























