ലക്ഷ്യം വേറെ... എന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചൈന മറ്റൊരു ദൗത്യത്തിലേക്ക്; ഭൂമിയുടെ 10 കിലോമീറ്റര്‍ താഴ്ചയിലേക്ക് രണ്ടാമതൊരു ഭീമന്‍ കിണറിന്റെ നിര്‍മാണം തുടങ്ങി ചൈന; ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനാണ് കിണര്‍ നിര്‍മിക്കുന്നത്

ചൈന പലപ്പോഴും ലോകത്തെ ഞെട്ടിക്കാറുണ്ട്. കുറഞ്ഞ വിലയില്‍ ഇലട്രോണിക് സാധനങ്ങള്‍ ചൈനയുടെ പ്രത്യേകതയാണ്. ഇന്ത്യയെ പലപ്പോഴും പ്രകോപിപ്പിക്കുന്ന ചൈന ഇപ്പോള്‍ മറ്റൊരു ദൗത്യത്തിലേക്ക് കടന്നിരിക്കുകയാണ്. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലേക്ക് കുഴിയ്ക്കാനൊരുങ്ങി ചൈന.
ഈ വര്‍ഷം രണ്ടാമത്തെ പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്. കഴിഞ്ഞ മാസവും ചൈന ഭൂമി കുഴിയ്ക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഭൂമിക്കടിയിലെ ആഴത്തിലുള്ള പ്രകൃതിവാതകത്തിന്റെ ശേഖരം കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10,520 മീറ്റര്‍ (6.5 മൈല്‍) ആഴത്തില്‍ സിചുവാന്‍ പ്രവിശ്യയിലെ ഷെന്‍ഡിചുവാങ്കെയില്‍ കിണര്‍ നിര്‍മാണം വ്യാഴാഴ്ച തുടങ്ങിയെന്ന് വാര്‍ത്താഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനാണ് കിണര്‍ നിര്‍മിക്കുന്നത്. മെയില്‍ സിന്‍ജിയാങ്ങിലും 10 കിലോമീറ്റര്‍ ആഴത്തില്‍ കുഴിയ്ക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ചൈനയില്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമേറിയ പദ്ധതിയായിരുന്നു ഇത്. ഡ്രില്ലിംഗ് സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനും ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചതെങ്കിലും ആഴത്തിലുള്ള പ്രകൃതി വാതകത്തിന്റെ ശേഖരം കണ്ടെത്തുകയും പ്രധാന ലക്ഷ്യമാണ്.
ചൈനയിലെ ഏറ്റവും വലിയ ഷെയ്ല്‍ വാതക ശേഖരം ഇവിടെയാണ്. ദുഷ്‌കരമായ ഭൂപ്രദേശം കാരണം എണ്ണക്കമ്പനികള്‍ക്ക് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ച്ചയായ വൈദ്യുതി ക്ഷാമം, ആഗോള വിപണിയിലെ ചാഞ്ചാട്ടം എന്നിവ മറികടക്കാന്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഇന്ധന സുരക്ഷ ഉറപ്പാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കണമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് 2021-ല്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ധാതു, ഊര്‍ജ്ജ വിഭവങ്ങള്‍ തിരിച്ചറിയാനും ഭൂകമ്പം, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകള്‍ വിലയിരുത്താനും കഴിയുമെന്നാണ് നിഗമനം. റഷ്യയിലെ കോല സൂപ്പര്‍ഡീപ് ബോര്‍ഹോളാണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മിത ഭൂഗര്‍ഭ ദ്വാരം. 20 വര്‍ഷമെടുത്ത് ഡ്രില്‍ ചെയ്താണ് 1989 ല്‍ 12,262 മീറ്റര്‍ (40,230 അടി) ആഴത്തില്‍ എത്തിയത്.
അതേസമയം ചന്ദ്രനിലും പരീക്ഷണം നടത്താനിരിക്കുകയാണ് ചൈന. ചന്ദ്രോപരിതലത്തില്‍ ഒന്നല്ല ഏഴ് ബഹിരാകാശ സഞ്ചാരികളെ ഒരേസമയം ഇറക്കുമെന്ന് ചൈന. 2027-28 നുള്ളില്‍ ഇത് നടപ്പാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുവെന്നാണ് ചൈനയിലെ മുതിര്‍ന്ന ബഹിരാകാശ സഞ്ചാരി യാങ് ലിയിയുടെ അവകാശവാദം. ഇതിനായി അടുത്ത തലമുറ ബഹിരാകാശ വാഹനങ്ങള്‍ ചൈന നിര്‍മിക്കുന്നുണ്ട്. ഈ പേടകത്തില്‍ ഏഴ് ബഹിരാകാശ സഞ്ചാരികളെയും ചന്ദ്രനില്‍ ഇറക്കും.
2003ലാണ് ചൈന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്. ആദ്യമായി ചൈനീസ് ശാസ്ത്രജ്ഞര്‍ യാങ് ലിയിയെ ഷെന്‍സോ-5 എന്ന ചെറിയ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയച്ചു. ഇതോടെ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ചൈനക്കാരനായി യാങ് ലിയി മാറി.
ഭാവിയില്‍ ചൈന പുതിയ തലമുറ ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിക്കുമെന്ന് ചൈനീസ് സര്‍വകലാശാലയിലെ ഔദ്യോഗിക പത്രമായ ഗ്വാങ്ഷോ ഡെയ്ലിക്ക് നല്‍കിയ അഭിമുഖത്തിലാണ് യാങ് പറഞ്ഞത് . ഇതിലൂടെ മാത്രമേ ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലേക്ക് പോകൂ. ഒരു ബഹിരാകാശ നിലയവും ഇതിനായി നിര്‍മ്മിക്കും. ഈ പേടകത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്നും യാങ് പറയുന്നു.നിലവില്‍ ചൈനയുടെ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പദ്ധതിയുടെ ഡെപ്യൂട്ടി ചീഫ് ഡിസൈനറാണ് യാങ്. 2020ലാണ് ഈ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ചൈന ബഹിരാകാശ നിലയം സ്ഥാപിച്ചത്. പിന്നീട് ശാസ്ത്രജ്ഞരുടെ ശ്രദ്ധ ഈ പദ്ധതിയില്‍ വര്‍ദ്ധിച്ചു.
"
https://www.facebook.com/Malayalivartha


























