ഉദ്യോഗസ്ഥരെ ഓണമൂട്ടാന്‍ കടമെടുക്കും?വിദേശയാത്രയ്ക്ക് പണത്തിന് പഞ്ഞമില്ല..വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞ് ജനം..!

സംസ്ഥാനം വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓണമൂട്ടിക്കാന്‍ കടമെടുക്കേണ്ട ഗതികേടിലായി സര്‍ക്കാര്‍. ഭരണപരമായ ചെലവുകള്‍ക്കായി കഴിഞ്ഞ മാസം 26ന് റിസര്‍വ് ബാങ്ക് വഴി പൊതുവിപണിയില്‍ നിന്ന് 1000 കോടി രൂപ കടമെടുത്തിരുന്നു. ഇതോടെ ഇക്കൊല്ലത്തെ മൊത്തം കടമെടുപ്പ് 7,000 കോടിയായിരുന്നു. ഇനി 20,521 കോടി രൂപ കൂടി വായ്പയെടുക്കാം. അതേസമയം ഓണം വരെ വലിയ പ്രതിസന്ധിയില്ലാതെ പോകുമെന്നും അതുകഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും ധനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഓണത്തോട് അനുബന്ധിച്ച് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കേണ്ടിവരും.
കൂടാതെ രണ്ട് മാസത്തെയെങ്കിലും ക്ഷേമപെന്‍ഷനും. കഴിഞ്ഞ കൊല്ലം നാലായിരത്തിലധികം രൂപയാണ് ബോണസ് കൊടുത്തത്. അതിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയും കൊടുത്തു. പാര്‍ടൈം കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 5000 രൂപ അഡ്വാന്‍സും നല്‍കി. ഇത്തവണ അതില്‍ കൂടുതലെങ്കിലും നല്‍കിയേക്കും. പണമില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മര്യാദയ്ക്ക് ശമ്പളം പോലും നല്‍കാനാകുന്നില്ല. മാസം 200 കോടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. അതുകൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെതിരെ വടിയെടുത്തിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ധനവകുപ്പിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ധനവകുപ്പിന്റെ പിടിപ്പുകേട് കൊണ്ട് സപ്‌ളൈകോ ഷോപ്പുകളില്‍ സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങളില്ല. വിപണിയിലിടപെടാനാകാത്ത സാഹചര്യത്തിലാണ് സപ്‌ളൈകോ. പച്ചക്കറിയുടെ വിലയേ കുറിച്ച് ഓര്‍മിപ്പിക്കല്ലേ... പൊന്നേ... എന്ന് ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് പറഞ്ഞുതുടങ്ങി. അടിയന്തരമായി ആയിരം കോടി രൂപ വേണമെന്ന് സപ്‌ളൈകോ അധികൃതര്‍ ഈ ആഴ്ച മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അത് എന്തരാകുമോ എന്തോ? ഇത്ര വലിയ പ്രയാസങ്ങളിലൂടെ കടന്ന് പോകുമ്പോഴും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കും മറ്റും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിന് യാതൊരു പഞ്ഞവും ഇല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനത്തെ നികുതി പിരിവ് ഏറ്റവും മോശമാണെന്ന് കഴിഞ്ഞ സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
നികുതി പിരിവ് കാര്യക്ഷമമായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്രം നല്‍കിയ ജി.എസ്.ടി വിഹിതത്തില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോവുകയായിരുന്നു. അതോടെ ഉദ്യോഗസ്ഥരും സര്‍ക്കാരും നികുതി പരിവില്‍ കാര്യമായി ശ്രദ്ധിച്ചില്ല. 10 വര്‍ഷത്തിനിടെ ജി.എസ്.ടി നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രം രണ്ട് ലക്ഷം കോടി രൂപയാണ് കേരളത്തിന് നല്‍കിയത്. ജി.എസ്.ടി നഷ്ടപരിഹാരം 3.9 ശതമാനത്തില്‍ നിന്ന് 1.92 ശതമാനമായി കേന്ദ്രം വെട്ടിക്കുറച്ചതോടെയാണ് ഇവിടുത്തെ അണ്ണമ്മാര് നികുതിപിരിവ് കാര്യക്ഷമമാക്കിയത്.
ക്ഷേമപെന്‍ഷന്‍ യാതൊരു കാരണവശാലും മുടക്കാന്‍ പാടില്ലെന്ന് സി.പി.എം കര്‍ശന നിര്‍ദ്ദേശം നല്‍കിയത് കൊണ്ട് ധനമന്ത്രി മൂക്കുകൊണ്ട് ക്ഷ വരയ്ക്കുകയാണ്. അതിനിടെ സി.പി.എമ്മിന്റെ സ്വന്തം അണ്ണന്മാര് മുട്ടന്‍ പണിയും കൊടുത്തു. ക്ഷാമബത്ത അനുവദിക്കാത്തതിനെതിരെ കേരള സെക്രട്ടറിയേറ്റ് എംപ്‌ളോയിസ് അസോസിയേഷന്‍ കോടതിയെ സമീപിച്ചു. ഇതും ധനവകുപ്പിന് ഏണിയായി. പുരകത്തുമ്പോ വാഴ വെട്ടാനിറങ്ങിയ സംഘടനയ്‌ക്കെതിരെ സി.പി.എമ്മോ, മുഖ്യമന്ത്രിയോ, ധനമന്ത്രിയോ ഒരക്ഷരം മിണ്ടിയിട്ടില്ല.
അഞ്ച് ഗഡിക്കളായി 15 ശതമാനം ക്ഷാമബത്തയാണ് കുടിശ്ശികയുള്ളത്. ശമ്പളവും ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും എണ്ണിയെണ്ണി വാങ്ങുന്ന ജീവനക്കാര്‍ കാര്യക്ഷമമായി ഫയല്‍നീക്കം പോലും കൃത്യമായി നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പല ആവര്‍ത്തി വ്യക്തമാക്കിയതാണ്. ആ നിലയ്ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ കുറച്ച് താമസമുണ്ടെന്നും ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രിക്കോ, പാര്‍ട്ടിക്കോ നിര്‍ദ്ദേശം കൊടുക്കാമായിരുന്നു. എന്നാല്‍ സംഘടനാശക്തിക്കും വോട്ട് ബാങ്കിനും മുന്നില്‍ പകച്ചുനില്‍ക്കുകയാണവര്‍. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്, അതായത് കോവിഡ് പ്രതിസന്ധിയില്‍ മലയാളി തകര്‍ന്നടിഞ്ഞ് കിടക്കുമ്പോഴാണ് പിണറായി സര്‍ക്കാര്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. അതാണ് സംസ്ഥാനത്തെ ഇത്രയും വലിയ ധനപ്രതിസന്ധിയിലാക്കിയത്. കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് ഇതിലൂടെ വരുത്തിവച്ചത്. ഇതിനെതിരെ ശബ്ദിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും തയ്യാറായില്ല.
കോവിഡ് കാലത്ത് സര്‍ക്കാരിന് സൗജന്യ കിറ്റിനുള്ള സാധനങ്ങള്‍ നല്‍കിയ വകയില്‍ 3000 കോടി രൂപയാണ് സപ്‌ളൈകോയ്ക്ക് കൊടുക്കാനുള്ളത്. വിതരണക്കാര്‍ക്ക് ഉള്‍പ്പെടെ പണം കൊടുക്കാനുള്ളതിനാല്‍ തങ്ങളുടെ ലേലത്തിന് ആളില്ലെന്ന് സപ്‌ളൈകോ വിലപിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുള്ളപ്പോഴാണ് 100 കോടിയോളം രൂപ മുടക്കി രണ്ടാമൂഴത്തിന്റെ രണ്ടാം ബര്‍ത്ത്‌ഡേ ആഘോഷിച്ചത്. ഉടുത്തില്ലെങ്കിലെന്താ പുരപ്പുറത്ത് കിടക്കണം, അതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം.
ഇതിനിടയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അടിയും ധനവകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ജൂനിയറായ സഞ്ജയ് കുമാര്‍ കൗളിനെ ധനവകുപ്പ് സെക്രട്ടറിയാക്കിയത് ഐ.എ.എസ് അസോസിയേഷനിലെ മുതിര്‍ന്നവരെ ചൊടിപ്പിച്ചിരിക്കുകയാണ്. കാരണം തങ്ങളുടെ വകുപ്പിലെ ആവശ്യങ്ങള്‍ക്കായി ജൂനിയറായ ഉദ്യോഗസ്ഥന്റെ മുന്നില്‍ പോയി കുമ്പിട്ട് നില്‍ക്കാന്‍ ഇവര്‍ക്ക് ഈഗോയാണ്. സര്‍ക്കാര്‍ രബിന്ദ്രകുമാര്‍ അഗര്‍വാളിനെയാണ് ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചെത്താത്തത് സര്‍ക്കാരിന് തിരിച്ചടിയായി. അങ്ങനെയാണ് മൂന്നാഴ്ച മുമ്പ് സഞ്ജയ് കുമാര്‍ കൗളിന് ചുമതല കൊടുത്തത്. തദ്ദേശഭരണ സെക്രട്ടറി ശാരദാ മുരളീധരന് ധനവകുപ്പിന്റെ ചുമതല കൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഐ.എ.എസ് അസോസിയേഷന്റെയും മറ്റ് വകുപ്പുകളുടെയും പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകും. കാരണം സംസ്ഥാനത്ത് മര്യാദയ്ക്ക് പണിയെടുക്കുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശാരദാ മുരളീധരന്.
https://www.facebook.com/Malayalivartha


























