കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ... മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി...എന്നാൽ ആഘോഷിക്കാതെ താരം... ‘‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’....എന്ന വാക്കുകൾ...

ഇന്നലെ വൈകുന്നേരം 3 മണിയോട് കൂടിയാണ് കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര പുരസ്കാരത്തിന്റെ ആവേശത്തിലാണ് മലയാള സിനിമ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച നടിക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും നേടി. ഞെട്ടിയുണർന്നൊരു പകൽസ്വപ്നം പോലെയാണ് ലിജോജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’. ചാണകം തൂവിയ തമിഴകത്തെരുവിലൂടെ നടന്നു ചോളപ്പാടത്തിനടുത്തുള്ള വീട്ടിലെത്തി അരയിലെ വെള്ളമുണ്ടഴിച്ച് അയക്കോലിലിട്ട് കള്ളിമുണ്ടെടുത്ത് ഭസ്മക്കുറിയിടുമ്പോൾ മൂവാറ്റുപുഴക്കാരൻ ജയിംസ് സുന്ദരം ആയി മാറിക്കഴിഞ്ഞു. അസാധ്യമായ ആ വേഷപ്പകർച്ചക്കുള്ള അംഗീകാരമെത്തുമ്പോൾ ഇത് എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. അതിൽ ആറെണ്ണം മികച്ച നടനും ഒന്ന് പ്രത്യേക ജൂറി പരാമർശവും മറ്റൊന്ന് മികച്ച രണ്ടാമത്തെ നടനുള്ള അംഗീകാരവും. 2010 ൽ പാലേരി മാണിക്യത്തിലെ പുരസ്കാരത്തിനു ശേഷം നീണ്ട 14 വർഷത്തെ ഇടവേള.
1985 ൽ അടിയൊഴുക്കുകളിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 3 തവണ ദേശീയ പുരസ്കാരവും ലഭിച്ചു.അവാർഡ് പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനു ഡെന്നിസാണ് സംവിധായകൻ.ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സെറ്റിലെത്തിയത്. അവാർഡ് വിവരമറിഞ്ഞ് മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞു ‘‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’. വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെിന് പിന്നാലെ മമ്മൂട്ടി ഫേസ്ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല, ഉണ്ടയിരുന്നെങ്കിലത് മനുഷ്യ സ്നേഹത്തിനുള്ളതാകുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും താരം തുറന്നെഴുതിയിരുന്നു.അവാർഡ് വിവരമറിഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വസതിയിലെത്തിയിരുന്നു.
മാസ്സായും ക്ലാസായും മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടിയ വർഷമായിരുന്നു 2022. കോവിഡിൽ പിൻവലിഞ്ഞു നിന്ന 275 ദിനങ്ങളെ നടനെന്ന നിലയിൽ സ്വയം പുതുക്കി മമ്മൂട്ടി തിരിച്ചെത്തിയ കാലം. ഭീഷ്മപർവം, സിബിഐ 5 ദ് ബ്രെയിൻ, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയായിരുന്നു ചിത്രങ്ങൾ. റോഷാക്കിലെ ലൂക്ക് ആന്റണിയും ഭീഷ്മപർവത്തിലെ മൈക്കളപ്പനും തിയറ്ററുകൾ നിറച്ചപ്പോൾ രതീനയുടെ ‘പുഴു’വിലെ കുട്ടൻ താരമൂല്യങ്ങളെ തൂത്തെറിഞ്ഞ് മമ്മൂട്ടി ചെയ്ത വേഷമാണ്.മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം - ലിജോ ജോസ് പെല്ലിശേരി,മികച്ച സംവിധായകൻ: മഹേഷ് നാരായണൻ- അറിയിപ്പ്, മികച്ച നടൻ: മമ്മൂട്ടി, മികച്ച നടി: വിൻസി അലോഷ്യസ്, മികച്ച സ്വവഭാവ നടി: ദേവി വർമ്മ (സൗദി വെള്ളക്ക, )മികച്ച സ്വവഭാവ നടൻ : കുഞ്ഞി കൃഷ്ണൻ (ന്നാ താൻ കേസ് കൊട്), പ്രത്യേക ജൂറി പരാമർശം (അഭിനയം): കുഞ്ചാക്കൊബോബൻ- ന്നാ താൻ കേസ് കൊട്, അലൻസിയർ- അപ്പൻ, എന്നീ ചിത്രങ്ങൾക്കും കൂടെ അവാർഡ് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























