ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിട്ടും, തിരികെ കിട്ടിയത് മാനസിക പീഡനവും ശാരീരിക ഉപദ്രവവും: ഭർതൃ പിതാവിൽ നിന്നും വരെ മർദ്ദനം:- മകളുമായി പുഴയിൽ ചാടി മരിച്ച ദിവസം തേടിയെത്തിയത് സർക്കാർ ജോലി:- ദുഃഖം താങ്ങാനാകാതെ കുടുംബം

വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യപ്പെട്ട് പരാതിയുമായി ദർശനയുടെ കുടുംബം. . ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നത്. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ജീവനൊടുക്കിയത്.
മകളുടെ ഭാവി കരുതിയാണ് ദർശന തിരികെ ഭർതൃവീട്ടിലേക്ക് പോയതെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി. ജൂലൈ 13നാണ് ദര്‍ശന വിഷം കഴിച്ച ശേഷം അഞ്ച് വയസ്സുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാൾ പുഴയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ഇവർ പറയുന്നു. 2016 ഒക്ടോബറിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതുമുതൽ നിരന്തരമായി മാനസികപീഡനങ്ങളും ശാരീരികമർദനങ്ങളും ദർശന നേരിട്ടതായും കുടുംബം ആരോപിച്ചു. ഭർത്തൃപിതാവ് ദർശനയെ അസഭ്യം പറയുന്നതും സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സ്വർണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാനസികപീഡനം തുടങ്ങി. ദർശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭർത്തൃവീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ദർശന അമ്മയ്ക്കൊപ്പം വള്ളിയൂർക്കാവിൽ ക്ഷേത്രദർശനം നടത്താനായി വീട്ടിലേക്ക് വന്നിരുന്നു. നേരം ഇരുട്ടിയതിനാൽ അന്ന് തിരികെപ്പോകാനായില്ല.
പിറ്റേദിവസംതന്നെ ഭർത്തൃവീട്ടിലേക്ക് പോയെങ്കിലും ഭർത്തൃപിതാവ് മകളെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. മകളോട് ആത്മഹത്യചെയ്യണമെന്നും നാലുദിവസംമാത്രമേ സങ്കടമുണ്ടാകൂവെന്നുമാണ് പറഞ്ഞത്. ഇതോടെ മകൾ തിരികെവരുകയും കമ്പളക്കാട് പോലീസിൽ ഭർത്തൃപിതാവിന്റെ സംസാരം റെക്കോഡ് ചെയ്തതടക്കം പരാതി നൽകുകയും ചെയ്തു.
എന്നാൽ, പോലീസിൽനിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പോലീസും പോലീസ് നിർദേശിച്ച കൗൺസിലറും ചേർന്ന് മകളെ തിരികെ ഭർത്തൃവീട്ടിലേക്ക് അയക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഭർത്തൃവീട്ടിലേക്ക് മടങ്ങിയ ദർശന ഫോണിൽപ്പോലും തുറന്നുസംസാരിക്കാൻ തയ്യാറായില്ലെന്ന് സഹോദരി ഹർഷന പറഞ്ഞു. ദർശന കുട്ടിയെയുംകൊണ്ട് ആത്മഹത്യചെയ്ത വിവരം നാട്ടുകാരാണ് അറിയിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ജൂലായ് 13-ന് ഉച്ചയോടെ മകൾ അവസാനമായി അമ്മയെ വിളിച്ചു. ഔപചാരികമായി രണ്ടുവാക്ക്, ‘ഞാനുംമോളും ഉറങ്ങട്ടെ’ എന്നുപറഞ്ഞ് ഫോൺവെച്ചു. ഉച്ചമയക്കത്തിന്റെ ലാഘവത്വത്തോടെമാത്രം ആ വാക്കുകൾ കേട്ട അമ്മ വിശാലാക്ഷി തിരിച്ചറിഞ്ഞില്ല അതൊരു യാത്രപറച്ചിലാണെന്ന്. വിവാഹം കഴിഞ്ഞതുമുതൽ മകൾ ഭർത്തൃഗൃഹത്തിൽ പീഡനം നേരിടുകയായിരുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നുകരുതി പലതും പറഞ്ഞില്ല. സഹികെട്ട് ഒടുക്കം 2022 മാർച്ചിൽ കമ്പളക്കാട് പോലീസ്‌സ്റ്റേഷനിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് എല്ലാംപറഞ്ഞത് -കരച്ചിലോടെ സഹോദരി ഹർഷന പറഞ്ഞു.
ഭർത്തൃപിതാവ് മർദിച്ചതും അത് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം മർദിച്ചതും ദർശന അന്നു പറഞ്ഞു. ‘നിനക്ക് ചത്തൂടെ പോയിട്ട്, മരത്തിൽ കയറി തൂങ്ങിക്കൂടെ, നാലുദിവസം ഒരു സങ്കടമായി നടക്കും, പിന്നെയാ വിഷമം പോകും’ എന്നാണ് അവളോട് പറഞ്ഞത്. അതിന്റെ ശബ്ദറെക്കോഡടക്കമുണ്ട്. -ഹർഷന പറഞ്ഞു. പഠനകാര്യങ്ങളിൽ ഏറെ മുൻപന്തിയിൽനിന്നിരുന്ന ദർശന പല പി.എസ്.സി. ലിസ്റ്റുകളിലും ഉണ്ടായിരുന്നു.
നിലവിലുള്ള യു.പി. സ്കൂൾ ടീച്ചേഴ്‌സ് ലിസ്റ്റിൽ 76-ാം റാങ്കുണ്ടായിരുന്നു. മരണ ദിവസം ജൂനിയർ സയൻറിഫിക് അസിസ്റ്റൻറായി ജോലി ലഭിക്കാനുള്ള ഉത്തരവും വീട്ടിലെത്തി. ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു, ദർശന. അയാളോട് രണ്ടുമൂന്നു ദിവസമായി മരിക്കുമെന്ന് പറഞ്ഞിരുന്നതായി ഭർത്താവ് ഓംപ്രകാശ് തന്നെ ബന്ധുക്കളോട് പറഞ്ഞു, അതൊന്നുകേൾക്കാൻ തയ്യാറായിരുന്നെങ്കിൽ, അല്ലെങ്കിൽ അതു ഞങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഇതുണ്ടാവില്ലായിരുന്നുവെന്ന് സഹോദരി പറയുന്നു.
https://www.facebook.com/Malayalivartha


























