രാജ്യസഭയിൽ ഇടത് എംപിയുടെ പൂതി... പൂട്ടാൻ ഉറച്ച് തന്നെ! ബിനോയ് വിശ്വം രണ്ടും കല്പിച്ച്

ഗവർണറെ ഒതുക്കാനാണ് സർക്കാരും ഒപ്പം എൽഡിഎഫും ശ്രമിക്കുന്നത്. ഇതിന്റെ സാമ്പൾ വെടിക്കെട്ട് പലയിടത്തും ആരംഭിച്ച് കഴിഞ്ഞു. അതിന്റെ ഒരു തുടർച്ചയാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നമുക്ക് കാണുവാൻ സാധിച്ചത്. ഗവർണർ പദവി നിർത്തലാക്കണമെന്ന് ബിനോയ് വിശ്വം എംപി.
ഇത് സംബന്ധിച്ചുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഗവർണർ പദവി എന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം. ഓഗസ്റ്റ് മാസത്തിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തി വെയ്‌ക്കുന്നത് ഭാരിച്ച ചിലവാണെന്നും ബിനോയ് വിശ്വം എംപി പറയുന്നു.
ഗവർണർമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചതെന്നും എംപി വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലും ഡൽഹിയിലുമടക്കം സർക്കാരിന്റെ അഴിമതികൾക്കെതിരെ ഗവർണർമാർ ശബ്ദം ഉയർത്തുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബില്ലുമായി ഇടത് എം.പി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
പിണറായി വിജയൻ സർക്കാർ നടത്തുന്ന അഴിമതികളെയും സർവകലാശാലകളിൽ നടത്തുന്ന വഴിവിട്ട നിയമനങ്ങളെയും ചോദ്യം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നതു മുതൽ സിപിഎം അസ്വസ്ഥരാണ്. ഇതിന് മുമ്പ്, ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020-ൽ ടിഎന്‍ പ്രതാപന്‍ എംപിയും ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഗവർണമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്. കേരളം തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിനോയ് വിശ്വത്തിന്‍റെ ബില്ല് രാജ്യമൊട്ടാകെ ശ്രദ്ധ നേടിയേക്കും.
https://www.facebook.com/Malayalivartha


























