കേരളത്തിലടക്കം തീവ്രസ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന പെറ്റ് ലവേഴ്‌സ് എന്ന തീവ്രവാദികളുടെ കൂട്ടായ്മയ ഉണ്ടാക്കിയതിന് പിന്നില്‍ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ആണെന്ന നിഗമനത്തിലാണ് എന്‍ ഐ എ എത്തിയിരിക്കുന്നത്

കേരളത്തിലടക്കം തീവ്രസ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന പെറ്റ് ലവേഴ്‌സ് എന്ന തീവ്രവാദികളുടെ കൂട്ടായ്മയ ഉണ്ടാക്കിയതിന് പിന്നില്‍ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ആണെന്ന നിഗമനത്തിലാണ് എന്‍ ഐ എ എത്തിയിരിക്കുന്നത്. ഏറണാകുളം കളക്ട്രേറ്റില്‍ ബോംബു സ്‌ഫോടനം നടന്ന് പതിനാല് വര്‍ഷം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പുതിയ സ്‌ഫോടനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. പല കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയവര്‍ പുറത്തിറങ്ങിയാണ് പെറ്റ് ലവേഴ്‌സ് എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കിയത്. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ സ്‌ഫോടന കേസുകളില്‍ ജയിലിലുള്ള പ്രതികളുമായി പെറ്റ് ലവേഴ്‌സ് ബന്ധപ്പെട്ടിട്ടുള്ളതിന്റെ വിവരങ്ങളും എന്‍ ഐ എ ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ നാലിടങ്ങളിലടക്കം ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ട 'പെറ്റ് ലവേഴ്‌സ്' ഗൂഢസംഘത്തിലെ രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. തൃശൂര്‍ സ്വദേശി ടി.എസ്.ഷിയാസ്, പാലക്കാട് സ്വദേശി പി.എ.റായീസ് എന്നിവരാണു പിടിയിലായതെന്നാണു വിവരം. നേരത്തെ അറസ്റ്റിലായ തൃശൂര്‍ മതിലകത്ത് കുടിയില്‍ ആഷിഫ് നല്‍കിയ വിവരങ്ങളെ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം 2 പേരെക്കൂടി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തി ഇന്നോ നാളെയോ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
'പെറ്റ് ലവേഴ്‌സ്' എന്നപേരില്‍ തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ഇവര്‍ കുറ്റകൃത്യങ്ങള്‍ക്കു പദ്ധതിയിട്ടത്. ദേശവിരുദ്ധ ആശയങ്ങളിലേക്കു യുവാക്കളെ ആകര്‍ഷിക്കാനുള്ള ചര്‍ച്ചകളും പരിശീലനവുമാണ് ഗ്രൂപ്പ് നടത്തിയിരുന്നത്. നാലുമാസം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണു കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇവരുടെ സങ്കേതങ്ങള്‍ റെയ്ഡ് ചെയ്തു തെളിവുകളും രേഖകളും പിടിച്ചെടുത്തത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനുള്ള കൊള്ളകള്‍ക്കു പദ്ധതിയിട്ടത് സംഘത്തിലെ തൃശൂര്‍ സ്വദേശികളായ സയീദ് നബീല്‍ അഹമ്മദാണെന്നാണു കൂട്ടുപ്രതികളുടെ മൊഴി. മറ്റൊരു ക്രിമിനല്‍ കേസില്‍ റിമാന്‍ഡിലായിരുന്ന നബീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വിദേശത്തേക്കു കടന്നതായി സംശയിക്കുന്നു. ഇവര്‍ നടത്തിയ കൊള്ളകളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഇവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട 4 സ്ഥലങ്ങളുടെ വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പരസ്യമാക്കിയിട്ടില്ല. കേരളത്തില്‍ തൃശ്ശൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. എറണാകുളം കലക്ട്രേറ്റില്‍ അക്രമം നടത്തിയിട്ടും പിടിക്കപ്പെടാത്തതാണ് കേരളത്തില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടതിന് പിന്നിലെന്നറിയുന്നു.വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാട്ടിലാണു 'പെറ്റ് ലവേഴ്‌സ്' സംഘം തമ്പടിച്ചിരുന്നത്. കാടിനുള്ളില്‍ ഇവര്‍ ആയുധപരിശീലനവും രഹസ്യ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. 'പെറ്റ് ലവേഴ്‌സ്' എന്ന പേരു കണ്ടു തെറ്റിദ്ധരിച്ചു ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ ഉണ്ടെങ്കില്‍ അത്തരക്കാരെ കേസില്‍ നിന്ന് ഒഴിവാക്കും. തീവ്രവാദ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത പലരേയും ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരും, ഉന്നത പദവികള്‍ വഹിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാല്‍ അവരില്‍ മിക്കവരും ഗ്രൂപ്പിലെ സൈലന്റ് മെമ്പര്‍മാരായിരുന്നു. ഗ്രൂപ്പിന്റെ മുന്നോട്ട് പോക്ക് പലരും ശ്രദ്ധിച്ചിരുന്നതു പോലുമില്ല. ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും ആശയവും തീവ്രവാദത്തിലേയ്ക്ക് വഴമാറി പോകുന്നുവെന്നു മനസിലാക്കിയ ഗ്രൂപ്പ് അംഗങ്ങള്‍ തന്നെയാണ് സൂചനകള്‍ പുറത്തുവിട്ടതെന്നാണ് വിവരം.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ അവിടെ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന് ഇവരുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എന്‍ ഐ എ കരുതുന്നത്.. ബെംഗളൂരുവില്‍ സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തി അറസ്റ്റിലായ പ്രതികളെ ഭീകരസംഘടനയുമായി അടുപ്പിച്ചതു ജയിലില്‍ തടിയന്റവിട നസീറുമായി ഇവര്‍ക്കുണ്ടായ അടുപ്പമാണെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് അന്വേഷണത്തില്‍ കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ സഹകരണവും എന്‍ഐഎ തേടിയിട്ടുണ്ട്. തൃശൂര്‍ കേന്ദ്രീകരിച്ചു ഭീകരസംഘടനകളുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇത്തവണ എന്‍ഐഎ അന്വേഷിക്കുന്ന 4 പ്രതികളില്‍ 3 പേരും തൃശൂര്‍ സ്വദേശികളാണ്. ഇവരുമായി അടുപ്പം പുലര്‍ത്തിയിരുന്ന മുഴുവന്‍ പേരും എടിഎസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കു നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കര്‍ണാടക പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തടിയന്റവിട നസീറിന്റെ അനുയായികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്യാനാണ് തീരുമാനം.
https://www.facebook.com/Malayalivartha


























