ഇനി വരാന്‍ പോകുന്നത്... കാണാനില്ലെന്ന് പറഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി ഇപി ജയരാജന്‍ രംഗത്ത്; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കളം നിറയും; മണിപ്പൂര്‍ കലാപത്തില്‍ കേരളത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും; സര്‍ക്കാര്‍ നേട്ടം വിശദീകരിക്കാന്‍ കേരളീയം

കാണാനില്ല, സഹകരിക്കുന്നില്ല, പങ്കെടുക്കുന്നില്ല എന്നൊക്കെ പറഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്തെത്തി. എല്ലാത്തിനും എണ്ണിയെണ്ണി മറുപടിയുമായാണ് ഇപി എത്തിയത്. മണിപ്പൂര്‍ കലാപത്തില്‍ കേരളത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാന്‍ ഇടത് മുന്നണി തീരുമാനം. എല്ലാ മണ്ഡലങ്ങളിലും ഈ മാസം 27 ന് പ്രതിഷേധ യോഗം സംഘടിപ്പിക്കും.
ഓരോ മണ്ഡലത്തിലെയും യോഗത്തില്‍ 1000 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തിരുവനന്തപുരത്ത് വിശദീകരിച്ചു. മണിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ഇടത് മുന്നണി സേവ് മണിപ്പൂര്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ രണ്ട് മണി വരെയാണ് പ്രതിഷേധ യോഗം നടത്തുക.
ഓരോ മണ്ഡലത്തിലെയും യോഗത്തില്‍ പരമാവധി 1000 പേരെ അണിനിരത്താനാണ് ഇടത് മുന്നണി തീരുമാനമെന്നും ജയരാജന്‍ വിശദീകരിച്ചു. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഏക സിവില്‍ കോഡിനെ കേന്ദ്രം ആയുധമാക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഏക സിവില്‍ കോഡിനെതിരെ ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികളും മുന്നിട്ടിറങ്ങി പ്രതിഷേധിക്കും. സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം പ്രചാരണ പരിപാടി സംഘടിപ്പിക്കാനും ഇടത് മുന്നണിയില്‍ തീരുമാനമായതായി കണ്‍വീനര്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചു. ഏത് തെരഞ്ഞെടുപ്പിനെ നേരിടാനും ഇടത് മുന്നണി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍. വിമാനത്തിനുള്ളില്‍ അക്രമം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാലം ഇന്‍ഡിയോ തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ഇന്‍ഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. മാപ്പ് പറയിക്കല്‍ ഫ്യൂഡല്‍ സമ്പ്രദായമാണെന്നതിനാല്‍ അതിന് നിര്‍ബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു.
വിമാനത്തിലെ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപി ജയരാജന്റെ തുറന്ന് പറച്ചില്‍. വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്‌തെന്ന കണ്ടെത്തലില്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇന്‍ഡിയില്‍ കയറില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി പിന്നെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. അതിന് ശേഷം ട്രെയിനിലാണ് കണ്ണൂരിലേക്കുള്ള യാത്രകള്‍ നടത്തിയിട്ടുള്ളത്. ഇപ്പേഴും അതിന് മാറ്റം വന്നിട്ടില്ല.
അതിനിടയിലാണ് ഇപി ജയരാജന്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അതിനെയെല്ലാം ഇപി പ്രതിരോധിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























