ശബരിമല വിമാനത്താവളത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്പനി രൂപവത്കരിക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നു....

ശബരിമല വിമാനത്താവളത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്പനി (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍-എസ്.പി.വി) രൂപവത്കരിക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നു.
എസ്.പി.വിയുടെ സ്വഭാവം തീരുമാനിക്കുന്നതിനും ഏത് മാതൃകയെന്നത് നിര്‍ണയിക്കുന്നതിനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് ഉത്തരവായി. വ്യോമയാന മന്ത്രാലയത്തില്‍നിന്ന് പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സടക്കം ലഭിച്ച പശ്ചാത്തലത്തിലാണ് കമ്പനി രൂപവത്കരണം. ചീഫ് സെക്രട്ടറിക്ക് പുറമേ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗത സെക്രട്ടറി, ധന സെക്രട്ടറി, ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്‌പെഷല്‍ ഓഫിസര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങളായുള്ളത്.
വിപുലമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷല്‍ ഓഫിസര്‍ ഏപ്രില്‍ 28ന് സര്‍ക്കാറില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.കമ്പനി ഏത് മാതൃകയില്‍ വേണമെന്നത് സംബന്ധിച്ച വിശദ ശിപാര്‍ശകള്‍ ഒരുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് ഉന്നതതല സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍-നെടുമ്പാശ്ശേരി മാതൃകയില്‍ പൊതു-സ്വകാര്യ ഉടമസ്ഥതയും രാജ്യത്തെ മറ്റ് വിമാനത്താവള മാതൃകകളും സമിതി പരിശോധിക്കും. കത്തിടപാടുകളടക്കം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ ചുക്കാന്‍ പിടിച്ചത് കെ.എസ്.ഐ.ഡി.സിയായിരുന്നു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാനായി അനുമതി നല്‍കി ഡിസംബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ചെറുവള്ളി എസ്റ്റേറ്റ് അടക്കം ആകെ 2570 ഏക്കര്‍ (1039.876 ഹെക്ടര്‍) ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഈ ഭൂമിയുള്ളത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോമീറ്ററാണ്. വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് യാത്ര എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
"https://www.facebook.com/Malayalivartha


























