റോഡപകടങ്ങളില്‍ പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി....

റോഡപകടങ്ങളില്‍ പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി. ഇങ്ങനെ പ്രതിയാക്കിയാല്‍ സഹായിക്കാന്‍ ആളുകള്‍ മടിക്കും. പരിക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്നു മരിക്കുന്ന ദുഃസ്ഥിതിയുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.
കോട്ടയം അതിരമ്പുഴ സ്വദേശി അലക്സാണ്ടര്‍ കുര്യന്‍ ബൈക്കപകടത്തില്‍ മരിച്ചതില്‍ കോട്ടയം എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അമ്മയും ഭാര്യയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സോഫി തോമസാണ് മുന്നറിയിപ്പ് നല്‍കിയത്.
കടുത്തുരുത്തിക്കു സമീപം 2010 മാര്‍ച്ച് അഞ്ചിനായിരുന്നു അപകടം. അലക്സാണ്ടറുടെ ബൈക്ക് എതിരെവന്ന ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇന്‍ഷ്വറന്‍സ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടത്. തന്റെ ഓട്ടോയില്‍ ഇടിച്ചല്ല അപകടമുണ്ടായതെന്നും പരിക്കേറ്റ അലക്സാണ്ടറെ ആശുപത്രിയില്‍ എത്തിച്ച തന്നെ പൊലീസ് അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ഡ്രൈവറായ ബാബു ജോസഫ് വ്യക്തമാക്കി.
കേസിലെ മറ്റു വസ്തുതകളും കണക്കിലെടുത്ത എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഓട്ടോഡ്രൈവറെ പൊലീസ് പ്രതിചേര്‍ത്തെങ്കിലും പിന്നീട് നല്‍കിയ പരാതിയില്‍ തുടരന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു.
ശാസ്ത്രീയ പരിശോധനയില്‍ ബൈക്ക് ഓട്ടോയില്‍ ഇടിച്ചില്ലെന്നും അലക്സാണ്ടറുടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ നഷ്ടപരിഹാരം നിഷേധിച്ചതില്‍ അപാകതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി ഹര്‍ജി തള്ളുകയാണുണ്ടായത്. തുടര്‍ന്നാണ് വിവേകമുള്ളവര്‍ ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ മടിക്കുമെന്ന് കോടതി പറഞ്ഞത്.
https://www.facebook.com/Malayalivartha


























