വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും കീഴടങ്ങി: തെളിവെടുപ്പിനിടെ കൂസലില്ലാതെ, പ്രതികരിച്ച് പ്രതികൾ: മർദ്ദിക്കാനുപയോഗിച്ച ഇരുമ്പ് കമ്പി ടാങ്കിൽ: വെള്ളം വറ്റിച്ച ശേഷം, ടാങ്കിലിറങ്ങി ആയുധം പുറത്തെടുത്തത് പ്രതി അബ്ദുൾ അഹദ്

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും കീഴടങ്ങി. ശനിയാഴ്ച രാത്രിയോടെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അബ്ദുൽ അഹദ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശി റഹീനയെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. പ്രതികളുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കമ്പി പോലീസ് കണ്ടെടുത്തു. കൊല നടന്ന അയിരൂർ കളത്തറ എം എസ് വില്ലയിൽ ശനിയാഴ്ച ഉച്ചയോടെ അയിരൂർ ഇൻസ്പെക്ടർ യു പി. വിപിൻകുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.
ലീനാമണിയെ മർദ്ദിക്കാനുപയോഗിച്ച ഇരുമ്പ് കമ്പി വീടിന് മുന്നിൽ ഗേറ്റിനോട് ചേർന്നുള്ള മീൻ വളർത്തുന്ന ടാങ്കിൽ ഉപേക്ഷിച്ചിരുന്നെന്ന് പ്രതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ടാങ്കിലെ വെള്ളം വറ്റിച്ച ശേഷം അബ്ദുൾ അഹദ് ടാങ്കിലിറങ്ങി ആയുധം പുറത്തെടുത്ത് പൊലീസിന് നൽകി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
യാതൊരു കൂസലുമില്ലാതെയാണ് പ്രതികൾ നടന്ന കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചത്. തെളിവെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാരാരും എത്തിയിരുന്നില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ മർദ്ദിക്കാനുപയോഗിച്ച ആയുധങ്ങളിലൊന്നായ ഇരുമ്പ് പട്ട കണ്ടെടുത്തിരുന്നു.
16ന് രാവിലെയാണ് ഭർത്തൃസഹോദരങ്ങളുടെ അടിയേറ്റ് ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കിവിടാനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും ലീനാമണി പരാതികൾ നൽകിയിരുന്നു. കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർതൃസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസമാരംഭിച്ചു.
തുടർന്ന് ഇവരിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ലീനാമണിക്ക് നേരിടേണ്ടിവന്നു. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഇടക്കാല സംരക്ഷണ ഉത്തരവ് നേടുകയും ചെയ്തിരുന്നു. പൊലീസ് താക്കീത് ചെയ്ത് സംരക്ഷണ ഉത്തരവ് അഹദിന് കൈമാറിയതിന്റെ തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ലീനാമണിയുടെ സഹായി തമിഴ്നാട് സ്വദേശി സരസു കേസിൽ ദൃക്‌സാക്ഷിയാണ്. സ്വത്തുക്കൾ നൽകാമെന്നു പറഞ്ഞ് ജീവനുവേണ്ടി കെഞ്ചിയിട്ടും ഭർത്തൃ സഹോദരങ്ങൾ യാതൊരു ദയയും കാണിക്കാതെ ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസിന് മൊഴി നൽകിയതായി സരസു പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ ലീനാമണിയുടെ വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും മർദ്ദിക്കാനുപയോഗിച്ച ഇരുമ്പ് പട്ട കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ലീനാമണിയുടെ ഭർത്താവ് സിയാദ് എന്ന എം.എസ്.ഷാൻ ഒന്നരവർഷം മുന്നേ മരണപ്പെട്ടിരുന്നു.
തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് രഹീന പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. തര്‍ക്കവും ബഹളവും നടന്നപ്പോള്‍ നടന്ന സംഭവം എന്ന നിലയിലാണ് ലീനയെ വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ച് രഹീന പറയുന്നത്.
ലീനയെ വെട്ടിക്കൊന്ന അതേ വീട്ടില്‍ നിന്നാണ് രഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. ആഡംബര വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. സിയാദ് ഒന്നര വർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ നേരത്തെ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha


























