മാമ്പള്ളി കടൽത്തീരത്ത് നായക്കൂട്ടം കടിച്ച് പറിച്ചത് പൊക്കിൾക്കൊടിയോട് കൂടിയുള്ള പെൺകുഞ്ഞിന്റെ മൃതദേഹം: ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിൽ:- അമ്മയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...

പൊക്കിൾക്കൊടിയോട് കൂടിയുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മാമ്പള്ളി കടൽത്തീരത്തുനിന്ന് തെരുവ് നായ കടിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അഞ്ചുതെങ്ങ് പൊലീസസാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ചുതെങ്ങ് മാമ്പള്ളി കടൽത്തീരത്ത് കരയ്‌ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്‌ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ കണ്ടെത്തിയത്.
പുലർച്ചയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയത്. മാമ്പള്ളി പള്ളിക്ക് പുറകുവശത്ത് നൂറുമീറ്റർ മാറിയുള്ള ലേലചന്ത നടക്കുന്ന തീരത്താണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തിലേറെ പഴക്കം തോന്നിക്കുന്ന പൊക്കിൾക്കൊടിയോട് കൂടിയുള്ള പെൺകുഞ്ഞിന്റെ മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഒറ്റനോട്ടത്തിൽ പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ആദ്യം ശ്രദ്ധിച്ചിരുന്നില്ല.
ശരീരം മണത്തെത്തിയ തെരുവ് നായ്‌ക്കൾ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിട്ടശേഷം കടിച്ചുവലിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്. വള്ളം കരയ്ക്കെത്തിക്കാനായി ട്രാക്‌ടർ ഓടിക്കുന്ന ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്.
അഞ്ചുതെങ്ങ് പൊലീസെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് കുഞ്ഞിന്റെ മൃതദേഹം സി.ഐ പ്രൈജുവിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രധാനമായും ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ചയ്ക്കു മുൻപുള്ള ദിവസങ്ങളിൽ അടിയന്തര പ്രസവാനന്തര ചികിത്സയ്ക്ക് ആശുപത്രിയിൽ ആരെങ്കിലും എത്തിയിരുന്നോ എന്നാണ് പൊലീസ് തിരക്കുന്നത്.
പ്രസവ സംബന്ധമായി ആശുപത്രിയിൽ എത്തിയവരോ ആശുപത്രിയിൽ പോയിട്ട് അഡ്മിറ്റ് ആകാതെ തിരികെ വന്നവരെയോ അതല്ലാതെ ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം നടത്തിയവരെ സംബന്ധിച്ചോ ഉള്ള വിവരങ്ങളാണ് പൊലീസ് തിരക്കുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497905938, 9497980100 എന്ന നമ്പരുകളിൽ ബന്ധപ്പെടാൻ അഞ്ചുതെങ്ങ് പോലീസ് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയി തിരികെയെത്തുന്ന വള്ളങ്ങൾ കരയ്ക്കടുപ്പിക്കുന്നതിന് വേണ്ടി പുലർച്ചേ മൂന്നരയോടെ ട്രാക്ടർ ഡ്രൈവറായ മാമ്പള്ളി സ്വദേശി സ്റ്റെജിൻ എത്തിയിരുന്നു. അപ്പോഴാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്. തെരുവു നായ്ക്കൾ കൂട്ടത്തോടെ എന്തിനെയോ കടിച്ചു വലിക്കുന്നത് കണ്ട് സ്റ്റെജിൻ വന്നു നോക്കുകയായിരുന്നു. ആദ്യം പാവയാണെന്നാണ് കരുതിയത്. എന്നാൽ ശ്രദ്ധിച്ചപ്പോഴായിരുന്നു ശിശുവിൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മറ്റു മത്സ്യത്തൊഴിലാളികളെ വിളിച്ചു കൂട്ടി വിവരം പറയുകയായിരുന്നു. അതിനുപിന്നാലെ മത്സ്യത്തൊഴിലാളികൾ മാമ്പള്ളി വികാരിയെ വിവരമറിയിച്ചു.
വികാരിയാണ് അഞ്ചുതെങ്ങ് പൊലീസിനെ വിവരം അറിയിച്ചത്. സിഐ ജി പ്രൈജുവിൻ്റെയും എസ്ഐ മാഹിൻ്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ശക്തമായ തിരയുള്ളതിനാൽ മറ്റെവിടെയെങ്കിലും നിന്ന് കുഞ്ഞിൻ്റെ ശവശരീരം മാമ്പള്ളിയിൽ എത്തിയതാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. പ്രസവിച്ചയുടൻ കുഞ്ഞിനെ കടലിൽ ഉപേക്ഷിച്ചതാകാനാണ് വഴിയെന്ന് പൊലീസ് പറയുന്നു.
കാരണം കുഞ്ഞിൻ്റെ മൃതദേഹത്തിൻ്റെ പൊക്കിൾകൊടിപോലും മുറിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സമൂഹമറിയാതെ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുഞ്ഞിൻ്റെ മാതാവിനെ കണ്ടെത്തുവാനുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ഫൊറൻസിക് വിഭാഗം തിരുവനന്തപുരം യൂണിറ്റിലെ മുനവീർ അലിയുടെ നേതൃത്വത്തിലും പരിശോധന നടത്തിയിരുന്നു.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. ഫോറൻസിക് പരിശോധന ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം സാധ്യമാകുകയുള്ളു എന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ജീവനോടെയാണോ മരിച്ചശേഷമാണോ ഉപേക്ഷിച്ചതെന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും പരിശോധനാഫലം വന്നശേഷം മാത്രമേ ഇക്കാര്യത്തെ സംബന്ധിച്ച് എന്തെങ്കിലും പറയാനാകു എന്നും അഞ്ചുതെങ്ങ് സിഐ ജി പ്രൈജു സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























