വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിതം പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിച്ച വ്യക്തിത്വം: മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍

വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിതം പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്നു ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍. പോങ്ങുംമൂട് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ശരീരികമായ അസുഖങ്ങള്‍ ഉണ്ടായപ്പോള്‍ അത് തന്റെ വിശുദ്ധീകരണത്തെ സഹായിക്കുന്നതിനായി അല്‍ഫോന്‍സാമ്മ പരിഗണിച്ചു. തന്റെ ജീവിതത്തില്‍ കൂടുതലായി കഷ്ടതകള്‍ വരുന്നതിനു ആഗ്രഹിക്കുകയും അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. കഷ്ടതകളില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് അല്‍ഫോന്‍സാമ്മ മുന്നോട്ടു പോയി.
കൊച്ചുകുട്ടിയായിരുന്നപ്പോള്‍ തന്നെ വിശുദ്ധിയിലേക്കുള്ള പാതയിലായിരുന്നു അല്‍ഫോന്‍സാമ്മ. വിശുദ്ധിക്ക് പ്രായം ഒന്നുമില്ല, വളരെ ചെറുപ്പത്തില്‍ത്തന്നെ വിശുദ്ധരായ ഒട്ടേറെപ്പേരുണ്ട്. ഡോമിനിക് സാവിയോയും കൊച്ചുത്രേസ്യയും മരിയ ഗൊരേത്തിയും ഒക്കെ അക്കൂട്ടത്തില്‍പ്പെടും. അല്‍ഫോന്‍സാമ്മ ഈ ലോകത്തില്‍ വളരെ കുറച്ചുനാള്‍ ജീവിച്ച് വിശുദ്ധയായി.
അല്‍ഫോന്‍സാമ്മ ജനിച്ചപ്പോള്‍ കുടുംബാംഗങ്ങളുടെയും മറ്റും ചിന്ത ഈ കുഞ്ഞ് ആരായി തീരും എന്നായിരുന്നു. ചെറുപ്പത്തല്‍ തന്നെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും കുറഞ്ഞ പ്രായത്തില്‍ ജീവിച്ച് ഈ ലോകത്തില്‍ നിന്നും കടന്നു പോകുകയും ചെയ്തു. ഇവിടെ കൂടിയിരിക്കുന്ന പലരും ജനിക്കുന്നതിനു മുന്‍പേ മരിച്ചുപോയ ആളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ.
ആ ല്‍ഫോന്‍സാമ്മയ്ക്ക് ഈ തലസ്ഥാന നഗരിയില്‍ ഒരു ദേവാലയമുണ്ട് എന്നതിലും ഈ പൊരിവെയിലത്ത് ഇത്രയേറെ വിശ്വാസികള്‍ ഇവിടെ എത്തി എന്നതിലും നമുക്ക് അഭിമാനിക്കാം. അല്‍ഫോന്‍സാമ്മയെ അനുസ്മരിച്ചുകൊണ്ടുള്ള ഈ തീര്‍ഥാനടത്തില്‍ പങ്കെടുക്കുന്നതിനും പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. വിഷമതകളും സങ്കടങ്ങളും പൂര്‍ണമായി ദൈവത്തിന്റെ കുരിശിങ്കല്‍ സമര്‍പ്പിക്കുന്നതിനും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞു.
അല്‍ഫോന്‍സാമ്മ വളരെ സാധാരണക്കാരിയായി ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തി. ആ മാദ്ധ്യസ്ഥം ഇന്നു നമുക്കു ശക്തിയാകുന്നു. പരിശുദ്ധ കുര്‍ബാനയിലുള്ള വലിയ വിശ്വാസത്തില്‍ എത്രമാത്രം പീഡനങ്ങളിലൂടെ കടന്നുപോയാലും അതില്‍ ജീവിക്കാന്‍ കഴിയുക എന്നത് വലിയ സാക്ഷ്യമാണ്. തന്റെ ജീവിതം വിശുദ്ധമായി സമര്‍പ്പിച്ച, വേദനകള്‍ സന്തോഷത്തോടെ സ്വീകരിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മ ഇന്ന് അള്‍ത്താര വണക്കത്തിനു യോഗ്യയാണെങ്കില്‍ നമുക്കും ആ വഴിയേ ജീവിച്ചാല്‍ ദൈവത്തെ മഹത്വപ്പെടുത്താനും വിശുദ്ധിയില്‍ വളരാനും സാധിക്കും. നമ്മുടെ സഭ വളരെ തീക്ഷണതയുള്ള ഒരു സഭയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ചതുപോലെ സഹനത്തില്‍ ജീവിക്കുവാന്‍ നമുക്കും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 8.30ന് ലൂര്‍ദ് ഫൊറോന ദേവാലയത്തില്‍ നിന്നും ആരംഭിച്ച തെക്കന്‍ മേഖല അല്‍ഫോന്‍സാ തീര്‍ഥാടനത്തിന് ലൂര്‍ദ് ഫൊറോന വികാരി ഫാ.മോര്‍ളി കൈതപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. 10 മണിയോടെ കൊച്ചുള്ളൂരില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടന പദയാത്രയ്ക്ക് ഉജ്വല സ്വീകരണം ലഭിച്ചു. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനു ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റി. ലൂര്‍ദ് ഫൊറോന വികാരി ഫാ.മോര്‍ളി കൈതപ്പറമ്പില്‍, പോങ്ങുംമൂട് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം വികാരി ഫാ.മോബന്‍ ചൂരവടി തുടങ്ങിയവര്‍ തിരുനാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha


























