ക്ഷേമ പെന്‍ഷനുകള്‍ ഇനി ബാങ്ക് അക്കൗണ്ട് വഴി നല്‍കും ; നടപടി തപാല്‍ വിഭാഗത്തിന്റെ വീഴ്ചയെ തുടര്‍ന്ന്

സംസ്ഥാനത്ത് ഇനി ക്ഷേമ പെന്‍ഷനുകളുടെ വിതരണം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കുന്നു. തപാല്‍ ഓഫിസിലൂടെ പെന്‍ഷന്‍ വാങ്ങുന്നവരോട് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ബന്ധപ്പെട്ട ഓഫീസുകളെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അടുത്തമാസം 15നകം ബാങ്ക് അക്കൗണ്ട് തുടങ്ങാനാണ് നിര്‍ദ്ദേശം. മന്ത്രിമാരായ കെ.സി. ജോസഫ്, എം.കെ. മുനീര്‍, ഷിബു ബേബി ജോണ്‍, എ.പി അനില്‍കുമാര്‍ എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ വിതരണ സംവിധാനം മാറ്റുന്നത്. നിലവില്‍ 60 ശതമാനം ഗുണഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫിസുകളിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത്. ബാക്കിയുള്ളവരില്‍ 23 ശതമാനത്തിന് ബാങ്ക് അക്കൗണ്ടിലൂടെയും, 17 ശതമാനത്തിന് മണി ഓര്‍ഡറായുമാണ് പെന്‍ഷന്‍ വിതരണം. കഴിഞ്ഞ ഓണത്തിന് ക്ഷേമ പെന്‍ഷനുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യുന്നതില്‍ തപാല്‍ വിഭാഗം ഗുരുതരമായ വീഴ്ച വരുത്തിയിരുന്നു. നിരവധിയാളുകള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാതെ വന്നത് വിവാദമായതോടെ ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറലിനെ മന്ത്രിസഭ നേരിട്ട് അതൃപ്തിയറിച്ചിരുന്നു.
ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പെന്‍ഷന്‍ വിതരണത്തിനായി തപാല്‍ വിഭാഗത്തിനെ ചുമതലപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് വളരെ വിജയകരമായി നടപ്പാക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി പെന്‍ഷന്‍ വിതരണം കൃത്യമായി നടത്തുന്നതില്‍ തപാല്‍ വിഭാഗം വീഴ്ച വരുത്തി. ഇതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഗുണഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ഒക്ടോബര്‍ 14ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി സംസാരിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിനുള്ള തൃപ്തികരമായ നിര്‍ദേശങ്ങള്‍ ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറലിന് നല്‍കാന്‍ കഴിഞ്ഞില്ല.
ഇതോടെ ധനകാര്യ അഡീഷണല്‍ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ പെന്‍ഷന്‍ വിതരണത്തില്‍ തപാലാഫീസുകളുടെ ഗുരുതര വീഴ്ചകള്‍ പുറത്തുവന്നു. ഏതുമാസത്തെ പെന്‍ഷനാണ് ഗുണഭോക്താവിന് നല്‍കിയതെന്നറിയാന്‍ പോലും ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളില്‍ സൗകര്യമില്ല. ചിലയിടങ്ങളില്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ പെന്‍ഷന്‍ തുക വരവുവെച്ചിരുന്നതായി പോസ്റ്റല്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ തുക എത്തിയിരുന്നില്ലെന്നും കണ്ടെത്തി. ഗുണഭോക്താവിന് തുക കൈമാറുന്നതില്‍ കാലതാമസമുണ്ടാവുന്നതിനൊപ്പം അവര്‍ പെന്‍ഷന്‍ തുക കൈപ്പറ്റുന്നതിനായി പലതവണ പോസ്റ്റ് ഓഫിസിനെ സമീപിക്കേണ്ട സ്ഥിതിയാണെന്നും അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കിയാല്‍ വിവാദങ്ങളൊഴിവാക്കാമെന്നായിരുന്നു ഉപസമിതിയുടെ റിപ്പോര്‍ട്ട്്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ സംവീധാനം ആരംഭിക്കുന്നതോടെ ഗുണഭോക്താകള്‍ക്ക് തുക നേരിട്ട് തങ്ങളുടെ അക്കൗണ്ടിലെത്തുന്നു എന്നത് നേട്ടമാകും. സമയാസമയം പെന്‍ഷന്‍ നല്‍കിയോ എന്ന് സര്‍ക്കാരിന് പരിശോധിക്കാനും ഇതു വഴി സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























