കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പലപ്പോഴും വിടുവാ പറയാറുണ്ട്....അതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്.... ഉമ്മന്‍ചാണ്ടിയുടെ കരുത്ത് അറിയാത്ത രീതിയിലുള്ള ഇമ്മാതിരി, വര്‍ത്തമാനം മേലില്‍ ഉണ്ടാവരുത്....ആരുടെയും കാല് പിടിച്ചിട്ടോ, കുതുകാല്‍ വെട്ടിയിട്ടോ, അല്ല ഉമ്മന്‍ചാണ്ടി അരനൂറ്റാണ്ടിലധികം പുതുപ്പള്ളി എം.എല്‍.എയായത്....

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പലപ്പോഴും വിടുവാ പറയാറുണ്ട്. അതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷണാണ് ഉണ്ടായിട്ടുള്ളതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം ഞായറാഴ്ച നടത്തിയ വാ വിട്ട വാക്കും കോണ്‍ഗ്രസിന് കോടാലിയായി മാറിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഭരണപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നാണ് സുധാകരന്‍ അഭ്യര്‍ത്ഥിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കരുത്ത് അറിയാത്ത രീതിയിലുള്ള ഇമ്മാതിരി വര്‍ത്തമാനം മേലില്‍ ഉണ്ടാവരുത്. ആരുടെയും കാല് പിടിച്ചിട്ടോ, കുതുകാല്‍ വെട്ടിയിട്ടോ അല്ല ഉമ്മന്‍ചാണ്ടി അരനൂറ്റാണ്ടിലധികം പുതുപ്പള്ളി എം.എല്‍.എയായത്. ജനങ്ങളുടെ ഇടയില്‍ അവര്‍ക്ക് വേണ്ടപ്പെട്ട ഒരാളെ പോലെ നിന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ്. അത് ആദ്യത്തെ തെരഞ്ഞെടുപ്പ് മുതല്‍ അങ്ങനെയാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ തോല്‍പ്പിച്ചാണല്ലോ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി തിരിച്ച് പിടിച്ചത്.
ഇത്രയും നാളും അദ്ദേഹമത് ഭംഗിയായി നിലനിര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയും അദ്ദേഹം ശക്തമാക്കി. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആര് എതിര്‍ത്ഥാനാര്‍ത്ഥിയായാലും കോണ്‍ഗ്രസ് മത്സരിച്ച് ജയിക്കുക, അതാണ് വേണ്ടത്. അല്ലാതെ എല്‍.ഡി.എഫിന്റെ ഔദാര്യം പറ്റാനല്ല കെ.പി.സി.സി പ്രസിഡന്റ് നോക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ വില അങ്ങ് മനസ്സിലാക്കിയില്ലെങ്കിലും ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ കരുത്ത് തിരിച്ചറിയണം.ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി എന്നാല്‍ തന്റെ ശ്വാസം പോലെ ആയിരുന്നു. അതുകൊണ്ടാണ് തലസ്ഥാനത്ത് വീട് വെച്ചപ്പോള്‍ പുതുപ്പള്ളി ഹൗസ് എന്ന് പേരിട്ടത്. ആ മണ്ഡലത്തിലെ ജനങ്ങളോടും മണ്ണിനോടും അദ്ദേഹത്തിനുള്ള സ്‌നേഹവും ഉത്തരവാദിത്തവും അത്രയ്ക്ക് ആഴ്ന്നിറങ്ങിയിരുന്നു. എന്തൊക്കെ തിരക്കുകളുണ്ടായാലും എല്ലാ ഞായറാഴ്ചകളിലും അദ്ദേഹം പുതുപ്പള്ളിയിലെത്താതിരിക്കില്ല.
അങ്ങനെയൊക്കെയുള്ള ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് വിലകുറച്ച് കാണരുതായിരുന്നു. കണ്ണൂരിലെ പോലെ കൊണ്ടും കൊടുത്തും അക്രമം നടത്തിയുമല്ല ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. അദ്ദേഹം രാഷ്ട്രീയം നോക്കാതെ എല്ലാ മനുഷ്യരുടെയും പ്രശ്‌നങ്ങളിലിടപെട്ടു. ഒരു നല്ല കേള്‍വിക്കാരനെ പോലെ അവരുടെ പരാതി കേട്ടു. മുഖ്യമന്ത്രിയായിരുന്നപ്പോഴും സാധാരണക്കാര്‍ക്ക് അദ്ദേഹത്തെ ഫോണില്‍ ലഭിക്കുമായിരുന്നു. അല്ലാതെ ഇരുമ്പ് മറയ്ക്കുള്ളിലല്ല ജീവിച്ചത്. കീഴ്ഘടകം മുതല്‍ മേല്‍ഘടകം വരെയുള്ള നേതാക്കളുടെയും കമ്മിറ്റികളുടെയും ശുപാര്‍ശ കത്തുകളില്ലാതെയാണ് ഉമ്മന്‍ചാണ്ടി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടിരുന്നതും പരിഹരിച്ചിരുന്നതും. അതുകൊണ്ടാണ് രാഷ്ട്രീയ ഭേദമന്യേ ജനം അദ്ദേഹത്തിന് വീരോചിതമായ യാത്രയയപ്പ് നല്‍കിയത്. ആ ശക്തി തിരിച്ചറിയാന്‍ കഴിയാതെ പോയത് വലിയ തോല്‍വിയാണ്, അതാണ് കെ. സുധാകരന് സംഭവിച്ചതും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. ഉമ്മന്‍ചാണ്ടി അതില്‍ വിട്ട് വിഴ്ച ചെയ്തിട്ടില്ല. സോളാര്‍ കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ പിണറായി സര്‍ക്കാര്‍ നോക്കിയപ്പോഴും ഉമ്മന്‍ചാണ്ടി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറായില്ല. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും, മുന്‍കൂര് ജാമ്യമെടുക്കണമെന്ന് നിയമോപദേശം ലഭിച്ചിട്ട് പോലും വഴങ്ങിയില്ല.
അതാണ് ഉമ്മന്‍ചാണ്ടി. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ മരണ ശേഷം എല്‍.ഡി.എഫ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ നാണമില്ലേ സുധാകരാ... കുറച്ചൊക്കെ അന്തസ്സ് കാണിച്ചുകൂടേ...പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ പിണറായി വിജയന്‍ മത്സരിച്ചാലും കോണ്‍ഗ്രസ് വിജയിക്കും- അങ്ങനെയല്ലേ കെ.പി.സി.സി പ്രസിഡന്റ് സംസാരിക്കേണ്ടത്. ജനംമുഴുവനും ഉമ്മന്‍ചാണ്ടിയുടെ ആത്മാവിനൊപ്പം നില്‍ക്കുമ്പോള്‍ അതിനനുസരിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കണ്ടേ, അതിനുപകരം ഇതൊരുമാതിരി കാല് പിടിക്കുന്നത് പോലെയായിപ്പോയി. ഉമ്മന്‍ചാണ്ടി ജീവനോടെയുണ്ടായിരുന്നെങ്കില്‍ സുധാകരന് നല്ല മറുപടി കിട്ടിയേനെ. കാരണം ആരുടെ മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്തെല്ലാം അനാവശ്യങ്ങളാണ് എഴുതിവച്ചിരുന്നത്. അതില്‍ പലതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളമ്പി രസിച്ചപ്പോഴും ഉമ്മന്‍ചാണ്ടി നീരസം പ്രകടിപ്പിക്കുന്ന യാതൊന്നും പറഞ്ഞില്ല.
ഇതെല്ലാം കള്ളമാണെന്ന് നാളെ തെളിയും എന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണത്. കാലം അത് ശരിയാണെന്ന് സി. ദിവാകരനിലൂടെ തെളിയിച്ചു. സോളാര്‍ കേസ് അന്വേഷിച്ചിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ഹേമചന്ദ്രന്‍ തന്റെ സര്‍വ്വീസ് സ്‌റ്റേറിയിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. എതിരാളികളുടെ തരംതാണ രാഷ്ട്രീയ കളിക്കള്‍ക്ക് മുന്നില്‍ അടിപതറാതെ മുന്നോട്ട് പോയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുണ്ടാകുമ്പോഴും അദ്ദേഹം മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി നിന്നിട്ടില്ല. 72 സീറ്റുകളുമായാണ് 2011ല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ആറ് മാസത്തിനകം ഗവണ്‍മെന്റ് വീഴുമെന്ന് കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ക്‌ളിഫ് ഹൗസിലേക്ക് താമസം പോലും മാറ്റിയില്ല. സോളാര്‍ കേസ്, സി.പി.എമ്മിന്റെ സമരങ്ങള്‍ എല്ലാത്തിനെയും വെല്ലുവിളിച്ച് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് ഉമമന്‍ചണ്ടി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനിടയായ സാഹചര്യവും അവിടെ സി.പി.എമ്മിലെ സെല്‍വരാജിനെ അടത്തിമാറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതും എല്ലാം രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ തന്നെയാണ്. അതിന്റെയെല്ലാം മുന്നില്‍ സി.പി.എമ്മും അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും അടപ്പിളകിയാണ് നിന്നത്. അത്രയ്ക്ക് കരുത്തനായ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സി.പി.എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ കെ.സുധാകരന് ലേശം പോലും ഉളുപ്പില്ലാതെ പോയി എന്നത് ആത്മാഭിമാനമുള്ള ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാണക്കേടാണ്.
https://www.facebook.com/Malayalivartha


























