സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നെന്ന് പറഞ്ഞിറങ്ങി: ഇരുപത്തിയാറുകാരൻ ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന് പിൻവശത്ത് മരിച്ച നിലയിൽ

ആലപ്പുഴയിൽ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിനു പിൻവശത്ത് ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പാലസ് വാർഡ് മുക്കവലക്കൽ പുത്തൻവീട് ഷാജി – ഷാഹിദ ദമ്പതികളുടെ മകൻ ഇരുപത്തിയാറുകാരനായ അജ്മലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം ചെയ്യാത്ത അഞ്ചുനിലക്കെട്ടിടത്തിനു പിൻവശത്തു പൊതുജനങ്ങൾക്കു പ്രവേശനം ഇല്ലാത്ത സ്ഥലത്ത് ഇന്നലെ രാവിലെ 11.15നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ റോഡിനോടു ചേർന്നു മണ്ണിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. തലയ്ക്കു പിന്നിലും മുഖത്തും ഇടത് കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.
ഇവിടെ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. തുടർന്നു പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചെന്നു വ്യക്തമായത്. കെട്ടിടത്തിനു മുകളിൽ നിന്നു വീണതാണോ മരണകാരണമെന്നു വ്യക്തമല്ല.ഡിവൈഎസ്പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
ബന്ധുക്കളുടെ പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനറൽ ആശുപത്രി വളപ്പിൽ പരുക്കേറ്റ നിലയിൽ യുവാവ് മരിച്ചു കിടക്കുന്നെന്ന വാർത്ത നഗരത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. ഉച്ചയ്ക്ക് 12 മണിയോടെയാണു വാർത്ത പരന്നത്. നിമിഷങ്ങൾക്കകം ജനറൽ ആശുപത്രി പരിസരം നാട്ടുകാരെയും പൊലീസിനെയും കൊണ്ട് നിറഞ്ഞു. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അറിയിച്ച് രാവിലെ 10 ന് വീട്ടിൽ നിന്നിറങ്ങിയ അജ്മലിന്റെ മരണവാർത്തയാണു രണ്ടു മണിക്കൂറിനു ശേഷം വീട്ടുകാർ ഞെട്ടലോടെ അറിയുന്നത്.
ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം ചെയ്യാത്ത അഞ്ചുനില കെട്ടിടത്തിന്റെ പിൻവശത്താണു ജഡം കിടന്നിരുന്നത്. ഈ ഭാഗത്തേക്കു പൊതുജനങ്ങൾക്കു പ്രവേശനമില്ല. ബഹുനില മന്ദിരത്തിനു മുന്നിലും പിന്നിലും റോഡുകളുണ്ട്. വാഹനങ്ങളെയും കാൽനടക്കാരെയും ഇവിടെ അനുവദിച്ചിട്ടില്ല. നിർമാണ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികൾ മാത്രമാണ് ഇവിടേക്കു പോകാറുള്ളത്. അവിടെ ജഡം കാണപ്പെട്ടതു കൂടുതൽ ദുരൂഹതയുണ്ടാക്കി.
പിൻവശത്തെ റോഡിനപ്പുറത്ത് മരച്ചുവട്ടിലായി ഒരാൾ കിടക്കുന്ന വിവരം ആശുപത്രി സുരക്ഷാ ജീവനക്കാരനെ അറിയിച്ചത് അതിഥിത്തൊഴിലാളികൾ ആയിരുന്നു. കമഴ്ന്നു കിടക്കുന്ന നിലയിലായതിനാൽ രക്തമൊഴുകുന്നതു കണ്ടില്ല. ആരോ ബോധമറ്റു കിടക്കുകയാണെന്നാണു കരുതിയത്. സുരക്ഷാ ജീവനക്കാരൻ പറഞ്ഞതനുസരിച്ചു ആശുപത്രി എയ്ഡ്പോസ്റ്റിലെ പൊലീസ് ആംബുലൻസുമായി എത്തി.
ആളെ എടുക്കാൻ ഒരുങ്ങിയപ്പോഴാണു തലയിലും ദേഹത്തും കയ്യിലും മുതുകിലും ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നതായി കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്നു വീണതാണോ, കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. ഒരു മണിക്കൂർ മുൻപ് മുൻവശത്തെ റോഡിൽക്കൂടി അജ്മൽ തനിച്ചു നടന്നു പോയതായി സുരക്ഷാ ജീവനക്കാരൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പിൻവശത്തെ റോഡരികിൽ മൃതദേഹം കാണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പറഞ്ഞു.
അവിവാഹിതനായ അജ്മൽ സഹോദരൻ അമീറിനൊപ്പം കുറെക്കാലം ഗൾഫിൽ ആയിരുന്നു. തിരിച്ചെത്തിയ ശേഷം നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നു ബന്ധുക്കൾ പറഞ്ഞു. രാവിലെ പത്തരയോടെ അജ്മൽ ആശുപത്രി കെട്ടിടത്തിനു മുന്നിൽക്കൂടി നടന്നു പോകുന്നതായി കണ്ടെന്നും നിർമാണത്തൊഴിലാളിയാണെന്നു കരുതി തടഞ്ഞില്ലെന്നും സുരക്ഷാ ജീവനക്കാരൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അപകട മരണമാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നു ഡിവൈഎസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha


























