വിദ്യാർഥികളിൽ വിമർശനാത്മക മനോഭാവം വളർത്തിയെടുക്കണം: മന്ത്രി വി ശിവൻകുട്ടി

പാഠപുസ്തക ഭാഗങ്ങൾ മനപ്പാഠമാക്കാതെ വിദ്യാർഥികൾ വിമർശനാത്മക മനോഭാവം വളർത്തിയെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ സർക്കാർ എൽ പി സ്‌കൂൾ ബഹുനില കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളെ സ്വയം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിധം പ്രാപ്തരാക്കണം.
പഠിതാക്കളുടെ കഴിവ് തിരിച്ചറിയുന്ന വിദ്യാഭ്യാസ രീതിയാണ് കേരളത്തിലേത്. അതിനാൽ ഓരോ കുട്ടികളുടെയും വ്യക്തിഗത വിവരങ്ങളും, അഭിരുചിയും, കഴിവും, ശാരീരിക മാനസികാവസ്ഥകളും അധ്യാപകർ അറിയേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ എട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയാണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം നിർമിച്ചത്.
കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി, സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ ശിവശങ്കരൻ നായർ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, വൈസ് പ്രസിഡന്റ് ഗീതാകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























