മഹാരാജാസിനെ അപകീർത്തിപ്പെടുത്താൻ അക്കാദമിക് സമൂഹം അനുവദിക്കരുത്: മന്ത്രി ആർ.ബിന്ദു

മഹാരാജാസ് കോളജിനെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളെ അക്കാദമിക് സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു പറഞ്ഞു. മഹാരാജാസ് കോളജിലെ അധ്യാപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും മഹത്തായ പാരമ്പര്യമുള്ള കോളജാണ് മഹാരാജാസ്. ഈ കലാലയത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന രീതിയിൽ ചില പ്രചാരണങ്ങൾ നടക്കുന്നത് പ്രതിരോധിക്കാൻ ഇവിടത്തെ അധ്യാപകർക്ക് കഴിയണം. കോളജ് ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കുവാനാണ് ചിലർ ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ.
അക്കാദമിക് സമൂഹം ഒന്നിച്ചു നിൽക്കണമെന്നും ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മഹാരാജാസിന്റെ ഗതകാല ചരിത്രം നിലനിലർത്തി മുന്നോട്ടു പോകണം. അതിന് അധ്യാപകർക്കും പ്രധാന പങ്കുണ്ട്. എല്ലാ രംഗത്തും ഏറ്റവും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത കോളജാണ് മഹാരാജാസ്.
പ്രഗത്ഭരായ അധ്യാപകരെ സമൂഹത്തിനു നൽകിയ കലാലയമാണ് ഇത്. പല കോളജുകൾക്കും അവകാശപ്പെടാൻ കഴിയാത്ത പല ഗുണങ്ങളും പാരമ്പര്യങ്ങളും അവകാശപ്പെടാൻ കഴിയുന്ന കലാലയമാണിത്. ആ പാരമ്പര്യം നിലനിർത്താൻ നമുക്ക് കഴിയണം. പുതിയ കാലത്തിന് അനുസരിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്.
മഹാരാജാസ് എന്ന് കേൾക്കുമ്പോൾ ലീലാവതി ടീച്ചറെ പോലുള്ളവർക്കുണ്ടാകുന്ന ആവേശം നമ്മളിലും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തന്റെ പിതാവും ഈ കോളജിലാണ് പഠിച്ചത്. അവരൊക്കെ വളരെ ആവേശത്തോടെയാണ് മഹാരാജാസിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അത്തരമൊരു കോളജിനെക്കുറിച്ച് അപവാദങ്ങൾ പറയുമ്പോൾ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ് ജോയ്, ഗവേണിംഗ് ബോഡി ചെയർമാൻ ഡോ.എൻ.രമാകാന്തൻ, വൈസ് പ്രിൻസിപ്പൽ ഡോ.ടി.കെ ബിന്ദു ശർമ്മിള, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























